ഹിഗ്വിറ്റ പേര് സിനിമയ്ക്ക് ഉപയോഗിക്കില്ല;  ഫിലിം ചേംബറിന് എന്‍ എസ് മാധവന്റെ നന്ദി 

കൊച്ചി- എന്‍ എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയുടെ പേര് ഒരു സിനിമയ്ക്ക് ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വഴിത്തിരിവ്. ചെറുകഥയുടെ പേരായ ഹിഗ്വിറ്റ സിനിമയുടെ പേരായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ അറിയിച്ചു. പേര് വിവാദത്തില്‍ ഇടപെട്ട ഫിലിം ചേംബറിന് നന്ദി അറിയിക്കുന്നു. സംവിധായകന്‍ ഹേമന്ദ് നായരുടെ സിനിമയ്ക്ക് ആശംസകള്‍ നേരുന്നതായും എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
സുരാജ് വെഞ്ഞാറമൂട് നായകനായ ഹിഗ്വിറ്റ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങുന്നത്. സുരാജ് ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനാണെന്ന് സൂചിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്ററായിരുന്നു പുറത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ എസ് മാധവന്‍ ഒരു വൈകാരികമായ ട്വീറ്റ് പോസ്റ്റ് ചെയ്തു. തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ തന്റെ ചെറുകഥയുടെ പേര് സിനിമയുടെ പേരായി ഉപയോഗിച്ചതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.
സിനിമയുടെ പോസ്റ്ററും ഹിഗ്വിറ്റയെന്ന പേരും കണ്ടാല്‍ ചിത്രം ഹിഗ്വിറ്റയെന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരമാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചേക്കും എന്നത് ഉള്‍പ്പെടെയുള്ള ആശങ്കകളാണ് എന്‍ എസ് മാധവനുണ്ടായിരുന്നത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലൊണ് വിഷയത്തില്‍ ഫിലിം ചേംബറിന്റെ ഇടപെടലുണ്ടായത്. ചിത്രത്തിന്റെ പേര് മാറ്റുമെന്ന് അറിയിച്ചതോടൊണ് വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കുന്നത്.
 

Latest News