ലുസൈല്‍ - കഴിഞ്ഞ ഒരാഴ്ച സൗദി അറേബ്യന്‍ ഫുട്‌ബോള്‍ സഞ്ചരിച്ചത് മാറിമറിയുന്ന വികാരവിക്ഷോഭങ്ങളോടെയാണ്. ആദ്യ കളിയില്‍ അര്‍ജന്റീനയെ അട്ടിമറിച്ചപ്പോള്‍ ആഹ്ലാദം അണപൊട്ടിയൊഴുകുകയായിരുന്നു. മെക്‌സിക്കോയോട് തോറ്റ് നോക്കൗട്ട് കാണാതെ ടീം മടങ്ങിയത് അടങ്ങാത്ത നിരാശയോടെയാണ്. എങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാവുന്നതാണ് സൗദിയുടെ നേട്ടം. പ്രയാസകരമായ ഗ്രൂപ്പില്‍ നിന്ന് സൗദി മുന്നേറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ സൗദിയെക്കാള്‍ റാങ്കിംഗ് കുറഞ്ഞ ടീം ഘാന മാത്രമായിരുന്നു. ഒരു കളിക്കാരനും സൗദി ലീഗിനു പുറത്ത് പരിചയമില്ലായിരുന്നു. പക്ഷെ മൂന്നു കളിയിലും ടീം അഭിമാനത്തോടെ പൊരുതി. അര്‍ജന്റീനയെ 2-1 ന് അട്ടിമറിക്കുകയും പോളണ്ടിനും മെക്‌സിക്കോക്കുമെതിരെ അവസാനം വരെ പൊരുതുകയും ചെയ്തു.
നിരവധി കളിക്കാരുടെ അഭാവം ടീമിന് തിരിച്ചടിയായി. ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ഫറജ് ആദ്യ കളി തന്നെ പൂര്‍ത്തിയാക്കാതെ മടങ്ങി. യാസിര്‍ അല്‍ശഹ്‌റാനിക്ക് ഗുരുതരമായി പരിക്കേറ്റു. മുഹമ്മദ് അല്‍ബരീഖും പരിക്കിന്റെ പിടിയിലായി. നിറഞ്ഞ ഗാലറി സൗദിക്ക് പന്ത്രണ്ടാമത്തെ കളിക്കാരന്റെ ഫലം ചെയ്തു.
സൗദിയുടെ ഏറ്റവും ശ്രദ്ധേയനായ കളിക്കാരന്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ഉവൈസാണ്. സാലിം അല്‍ദോസരി രണ്ടു ഗോളടിച്ചു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ സൗദി പ്രൊഫഷനല്‍ ലീഗ് ക്ലബ് അന്നസ്‌റില്‍ ചേരുമെന്ന് വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സൗദി ഫുട്‌ബോളിന് അത് കൂടുതല്‍ വാര്‍ത്താപ്രാധാന്യം നല്‍കും.






