Sorry, you need to enable JavaScript to visit this website.

ലോകകപ്പ്: സൗദിയിലെ സൗജന്യ ബസ് സേവനം ഉപയോഗിച്ചത് 17,000 പേര്‍

ദമാം - ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളുടെ ഭാഗമായി സൗദി, മെക്‌സിക്കോ മത്സരം നടന്ന ബുധനാഴ്ച ഖത്തറിലേക്ക് പോയ 17,000 ലേറെ സൗദി ഫുട്‌ബോള്‍ ആരാധകര്‍ സല്‍വ അതിര്‍ത്തി പോസ്റ്റിനും ഖത്തറിലെ അബൂസംറ അതിര്‍ത്തി പോസ്റ്റിനും ഇടയില്‍ സൗജന്യ ബസ് ഷട്ടില്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയതായി പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
ബുധനാഴ്ച സല്‍വ അതിര്‍ത്തി പോസ്റ്റിനും അബൂസംറ അതിര്‍ത്തി പോസ്റ്റിനും ഇടയില്‍ 400 ലേറെ സൗജന്യ ബസ് ഷട്ടില്‍ സര്‍വീസുകളാണ് നടത്തിയത്. ഇരുപത്തിനാലു മണിക്കൂറും നടത്തിയ നിരന്തര ബസ് ഷട്ടില്‍ സര്‍വീസുകള്‍ സൗദി ഫുട്‌ബോള്‍ ടീമും മെക്‌സിക്കോയും തമ്മിലുള്ള നിര്‍ണായക മത്സരം വീക്ഷിക്കാന്‍ ആഗ്രഹിച്ച് ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിച്ച ഫുട്‌ബോള്‍ പ്രേമികളുടെ നീക്കവും ഒഴുക്കും എളുപ്പമാക്കിയതായി പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


സൗജന്യ ബസ് ഷട്ടില്‍ സര്‍വീസിന് നീക്കിവെച്ച മുഴുവന്‍ സ്ഥലങ്ങളിലും ഇരുപത്തിനാലു മണിക്കൂറും ഫുട്‌ബോള്‍ ആരാധകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ സപ്പോര്‍ട്ടിംഗ്, സൂപ്പര്‍വൈസിംഗ് ടീമുകള്‍ സല്‍വ അതിര്‍ത്തി പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫുട്‌ബോള്‍ ആരാധകരെ റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് എയര്‍പോര്‍ട്ടുകളിലും തിരിച്ചും എത്തിക്കാന്‍ നടത്തുന്ന ബസ് സര്‍വീസുകളും ഫുട്‌ബോള്‍ ആരാധാകര്‍ക്ക് അല്‍ഹസയില്‍ നല്‍കുന്ന സേവനങ്ങളും അതോറിറ്റി സംഘങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

സല്‍വ അതിര്‍ത്തി പോസ്റ്റില്‍ സൗജന്യ ബസ് ഷട്ടില്‍ സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാപ്റ്റ്‌കോ വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം. സൗജന്യ ബസ് ഷട്ടില്‍ സര്‍വീസ് പ്രയോജനപ്പെടുത്തി ഖത്തറിലേക്ക് പോകുന്നവര്‍ക്ക് അല്‍ഹസ ഈത്തപ്പഴ നഗരി പാര്‍ക്കിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. ഹയ്യാ ആപ്പ് വഴി ഖത്തറിന്റെ ഭാഗത്ത് അബൂസംറ അതിര്‍ത്തി പോസ്റ്റിലെ സൗജന്യ കാര്‍ പാര്‍ക്കിംഗുകളും ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

 

Latest News