Sorry, you need to enable JavaScript to visit this website.

അധ്യാപന പുണ്യവുമായി അര നൂറ്റാണ്ട്

അബൂ സുമയ്യ പി.ഇ. മുഹമ്മദ് യൂസുഫുൽ ബാഖവി

 

വിജ്ഞാനത്തിനനുസരിച്ച് വിനയം ഏറും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണം തന്നെയാണ് ശൈഖുനാ അബൂ സുമയ്യ.  മാതാവ്, പിതാവ്, സഹോദരൻ, കൂട്ടുകാരൻ, സഹകാരി എന്നിങ്ങനെ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ഏതു  സ്ഥാനത്തേക്കും ശിഷ്യഗണങ്ങൾക്കു ചേർത്തു നിർത്താൻ കഴിയുന്ന തരത്തിലുള്ള അദ്ദേത്തിന്റെ സമീപന ശൈലി പ്രശംസനീയവും മറ്റു അധ്യാപകർക്കു മാതൃകയുമാണ്. പഠിതാക്കൾക്കും മറ്റും താൻ ചോദിക്കുന്ന ചോദ്യം അബദ്ധമായിപ്പോകുമോ എന്ന ആശങ്കക്കു ഇടമില്ലാതെ  അധ്യാപന വേളയിലും അല്ലാത്തപ്പോഴും എന്തും എങ്ങനെയും ചോദിക്കാൻ അദ്ദേഹത്തിന്റെ മുന്നിൽ മടിക്കേണ്ടതില്ല. 

 

തെക്കൻ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിൽ പ്രമുഖനും ആയിരക്കണക്കിന് പണ്ഡിത ശ്രേഷ്ഠരുടെ ഗുരുവര്യരും സ്വഭാവവൈശിഷ്ട്യങ്ങൾ ഒത്തിണങ്ങിയ  സാത്വികനുമായ ഒരു മാതൃക പണ്ഡിത പ്രതിഭയാണ് ഈരാറ്റുപേട്ട അബൂ സുമയ്യ പി.ഇ. മുഹമ്മദ് യൂസുഫുൽ ബാഖവി. എഴുപതുകൾ ശരീരത്തെ പിന്നോട്ടു വലിക്കുമ്പോഴും യുവമനസ്സോടെ അധ്യാപനം ജീവിത ദൗത്യമാക്കി മാതൃക അധ്യാപകനായി ഇന്നും പ്രശോഭിക്കുന്ന, നിറപുഞ്ചിരിയുടെയും നിഷ്‌കളങ്ക മനസ്സിന്റെയും ഉടമസ്ഥനും ആദ്യ ഇടപെടലിൽ തന്നെ ആരുടെയും മനംകവരുന്ന ആകർഷണീയ വ്യക്തിത്വത്തിനുടമയുമാണ്. അധികാര സ്ഥാനങ്ങളിൽ ഒട്ടും തന്നെ തൽപരനല്ലാത്ത അദ്ദേഹം ആരെയും ഹഠാദാകർഷിക്കുന്ന വ്യക്തി കൂടിയാണ്.

കക്ഷിരാഷ്ട്രീയ, ജാതിമത, വിഭാഗീയ ചിന്തകൾക്കതീതമായി മാനുഷിക മൂല്യത്തിനു വില കൽപിക്കുകയും തന്റെ മതവീക്ഷണങ്ങൾക്കു പോറലേൽക്കാത്ത നിലയിൽ വിശ്വമാനവികതക്കു വേണ്ടി നിലകൊള്ളുന്നതോടൊപ്പം  മുഴുവൻ മനുഷ്യരോടും സ്‌നേഹത്തിലും സൗഹാർദത്തിലും സഹവർത്തിക്കുകയും വിവാദങ്ങളിൽ നിന്ന് തീർത്തും വിട്ടുനിൽക്കുകയും ചെയ്യുന്നു. വിജ്ഞാനത്തിനനുസരിച്ച് വിനയം ഏറും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണം കൂടിയാണ് ശൈഖുനാ അബൂ സുമയ്യ.  മാതാവ്, പിതാവ്, സഹോദരൻ, കൂട്ടുകാരൻ, സഹകാരി എന്നിങ്ങനെ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ഏതു  സ്ഥാനത്തേക്കും ശിഷ്യഗണങ്ങൾക്കു ചേർത്തു നിർത്താൻ കഴിയുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ സമീപന ശൈലി പ്രശംസനീയവും മറ്റു അധ്യാപകർക്കു മാതൃകയുമാണ്.
പഠിതാക്കൾക്കും മറ്റും താൻ ചോദിക്കുന്ന ചോദ്യം അബദ്ധമായിപ്പോകുമോ എന്ന ആശങ്കക്ക് ഇടമില്ലാതെ  അധ്യാപന വേളയിലും അല്ലാത്തപ്പോഴും എന്തും എങ്ങനെയും ചോദിക്കാൻ അദ്ദേഹത്തിനു മുന്നിൽ മടിക്കേണ്ടതില്ല. മാത്രവുമല്ല, എത്ര ലളിതമായ ചോദ്യമാണെങ്കിലും   വളരെ പ്രസക്തമായ ചോദ്യം എന്ന നിലയിൽ തന്നെ അതിനെ പരിഗണിച്ച് ശക്തവും വ്യക്തവുമായി മറുപടി പറയുകയും ഹദീസ് ഉദ്ധരിക്കുമ്പോൾ നിവേദകന്റെ പേരടക്കം കൃത്യമായി പറയുകയും ലളിതവും പല ആവർത്തി പഠിപ്പിച്ചു കഴിഞ്ഞിട്ടുള്ളതുമായ  പാഠമായിരുന്നാലും അനുബന്ധ ഗ്രന്ഥങ്ങൾ കൂടി പരിശോധിച്ച് ഒന്നുകൂടി അതിനു വേണ്ടി മുൻകൂട്ടി തയാറാവുക എന്നതും ശൈഖുനായുടെ അധ്യാപന ശൈലിയാണ്.
സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലുള്ള സൗമ്യതയും സമവായവും വിട്ടുവീഴ്ച മനോഭാവവും പ്രതിപക്ഷ ബഹുമാനവും എടുത്തു പറയേണ്ടതു തന്നെയാണ്. പ്രായോഗികമായി ഹനഫീ മദ്ഹബുകാരനാണെങ്കിലും കർമശാസ്ത്രപരമായി നാലു മദ്ഹബുകളിലും പരിജ്ഞാനം നേടിയതോടൊപ്പം ഖുർആൻ ഹദീസ് ഗവേഷണ രംഗത്തും മികവു തെളിയിച്ചിട്ടുമുണ്ട്.  ഗോളശാസ്ത്രത്തിൽ അതീവ നിപുണനും ഖിബ്‌ല നിർണയത്തിൽ  സമർഥനും എല്ലാവരുടെയും ആശ്രയവുമാണ്.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


പാരമ്പര്യ പണ്ഡിത കുടുംബമായ ഈരാറ്റുപേട്ട പടിപ്പുരക്കൽ പരേതനായ ഇബ്രാഹീം കുട്ടി മൗലവിയുടെയും സ്വാതന്ത്ര്യ സമര സേനാനി  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിൻതലമുറക്കാരനും ചക്കിപ്പറമ്പത്തു കുടുംബാംഗവുമായ പരേതനായ അലിയാർ മൗലവിയുടെ മകൾ ഹലീമ ബീവിയുടെയും മകനായി 1952 ൽ ജനിച്ച അദ്ദേഹത്തിന്റെ  പ്രാഥമിക പഠനം ഈരാറ്റുപേട്ടയിൽ തന്നെയായിരുന്നു. ചെറുപ്പം മുതലേ മത വൈജ്ഞാനിക മേഖലയിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം എസ്.എസ്.എൽ.സി പാസായ ശേഷം ചിരകാലാഭിലാഷമായ മത വൈജ്ഞാനിക മേഖലയിലേക്കു തന്നെ തിരിഞ്ഞു. ചെറുപ്പം മുതലേ തന്റെ വഴികാട്ടിയും ഗുണകാംക്ഷിയും തന്റെയും കുടുംബത്തിന്റെയും സർവസ്വവുമായിരുന്ന  മാതൃസഹോദരൻ കൂടിയായ പരേതനായ കെ.എം. മുഹമ്മദ് ഈസ മൗലവി ഫാദിൽ മൻബഇയും ഈരാറ്റുപേട്ട നൂറുൽ ഇസ്‌ലാമിൽ മുദരിസ് ആയിരുന്ന ആലംകോട് അബ്ദുൽ ഖാദിർ  മൗലവിയുമാണ് ഗുരുനാഥന്മാർ. പഠനത്തിന്റെ സിംഹഭാഗവും കഴിച്ചു കൂട്ടിയത് ശൈഖുനാ ഈസ ഉസ്താദിനോടൊപ്പം തന്നെയായിരുന്നു.  പഠനകാലത്ത് പാഠ്യേതര കാര്യങ്ങളിൽ തികച്ചും തൽപരനല്ലാതിരുന്നതുകൊണ്ടു തന്നെ വലിയ സുഹൃദ്ബന്ധങ്ങൾ രൂപപ്പെടുത്തിയിരുന്നില്ല. തന്റെ ലക്ഷ്യപ്രാപ്തിക്ക് നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന പാവല്ല ഉസ്താദ് എന്നറിയപ്പെടുന്ന ചന്തിരൂർ സൈദ് മുഹമ്മദ് മൗലവിയാണ് എടുത്തു പറയാവുന്ന സുഹൃത്തും സഹപാഠിയും.
വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിൽ നിന്നും 1975 ൽ ബിരുദം നേടി ആദ്യസേവനമാരംഭിച്ചത് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ എന്ന സ്ഥലത്താണ്. തദ്‌രീസ് മുഖ്യ ലക്ഷ്യമായി കണ്ടിരുന്നതിനാൽ തന്നെ  മറ്റെല്ലാ ഘടകങ്ങളും ഒത്തിണങ്ങിയിട്ടും  ദീർഘകാലം അവിടെ തുടർന്നില്ല. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ ഫാറൂഖിയ്യ അറബിക് കോളേജ്, ഹിദായത്തുൽ ഇസ്‌ലാം അറബിക്  കോളേജ്  കാഞ്ഞിരപ്പള്ളി, കശ്ശാഫുൽ ഉലൂം അറബിക് കോളേജ് പത്തനംതിട്ട എന്നിവിടങ്ങളിൽ പതിറ്റാണ്ടു കണക്കിനു സേവനം ചെയ്ത ശൈഖുനാ നിലവിൽ ഈരാറ്റുപേട്ട മൻബഉൽ ഖൈറാത്ത് അറബിക് കോളേജിൽ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.

വർത്തമാനകാല സാഹചര്യം ആവശ്യപ്പെടുന്ന മാനവ ഐക്യം,  വൈജ്ഞാനിക പുരോഗതി,  ജീവകാരുണ്യ പ്രവർത്തനം എന്നീ ലക്ഷ്യങ്ങളുമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു പോരുന്ന തെക്കൻ കേരളത്തിലെ പ്രസിദ്ധമായ പണ്ഡിതസഭ അൽ അഹ് ബാബ് ഉലമ കൗൺസിൽ ശൈഖുനായുടെ ശിഷ്യഗണങ്ങളുടെയും അദ്ദേഹത്തിന്റെയും ശിക്ഷണത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്.

മുഹമ്മദ് നദീർ മൗലവി ഈരാറ്റുപേട്ട, ജൗഹറുദ്ദീൻ മൗലവി പട്ടിമറ്റം, തെക്കേക്കര സുബൈർ മൗലവി, കായംകുളം ഹസനിയ്യ അറബിക് കോളേജ് മുദരിസ്, ആലപ്ര അബ്ദുൽ റഹ്മാൻ ബാഖവി, മഞ്ചേരി നജ്മുൽ ഹുദാ പ്രിൻസിപ്പൽ പെരുവന്താനം ഈസ മൗലവി, ഓച്ചിറ ഹസനിയാ മുദരിസ് തൊടുപുഴ കാസിം മൗലവി,  കൊല്ലം കബീർ മൗലവി, ചേരാനല്ലൂർ അബ്ദുൽ സലാം മൗലവി, തലനാട് ബഷീർ മൗലവി എന്നീ പ്രധാന ശിഷ്യന്മാരടക്കം ഒട്ടനവധി പണ്ഡിത ശ്രേഷ്ഠരുടെ ഗുരുവും വഴികാട്ടിയുമാണ് ശൈഖുനാ യൂസുഫുൽ ബാഖവി. 

Latest News