റാവല്‍പണ്ടി - ടീമിലെ വൈറസ് ബാധ കാരണം മത്സരം നീട്ടിവെക്കണമോയെന്ന് ആലോചിച്ച ഇംഗ്ലണ്ട് ടീം പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിനം അടിച്ചെടുത്തത് നാലു വിക്കറ്റിന് 506 റണ്‍സ് നാലു കളിക്കാര്‍ സെഞ്ചുറി നേടി. 75 ഓവറിലാണ് ടീം 500 കടന്നത്. റണ്‍റെയ്റ്റ് 6.74 ആയിരുന്നു.
എല്ലാ ഇംഗ്ലണ്ട് ബാറ്റര്‍മാരും തകര്‍ത്തടിച്ചു. ഓപണര്‍മാരായ സാക് ക്രോളിയും (111 പന്തില്‍ 122) ബെന്‍ ഡക്കറ്റും (110 പന്തില്‍ 107) ആദ്യ വിക്കറ്റില്‍ 233 റണ്‍സ് ചേര്‍ത്തു. ഒല്ലി പോപ്പ് (104 പന്തില്‍ 108), ഹാരി ബ്രൂക് (81 പന്തില്‍ 101 നോട്ടൗട്ട്) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (15 പന്തില്‍ 34 നോട്ടൗട്ട്) എന്നിവരും പാക് ബൗളിംഗിനെ കശക്കി. സാഹിദ് മഹമൂദിനാണ് രണ്ടു വിക്കറ്റ്. പക്ഷെ സാഹിദ് 23 ഓവറില്‍ വിട്ടുകൊടുത്തത് 160 റണ്‍സായിരുന്നു.
1910 ല്‍ ഓസ്‌ട്രേലിയ ആറിന് 494 റണ്‍സടിച്ചതാണ് ഇതുവരെ ടെസ്റ്റില്‍ ഒരു ദിവസത്തെ ഉയര്‍ന്ന സ്‌കോര്‍. ബ്രൂക് ഒരോവറിലെ ആറു പന്തും ബൗണ്ടറി കടത്തി. 11 കളിക്കാര്‍ മാത്രമേ ഇംഗ്ലണ്ടില്‍ കായികക്ഷമതതയോടെയുള്ളൂ. മത്സരത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് വരെ കളി അനിശ്ചിതത്വത്തിലായിരുന്നു.






