ബെല്‍ജിയത്തിന് അവസാന ബെല്‍?

ഗ്രൂപ്പ് എഫ്
കളി, ജയം, സമനില, തോല്‍വി, ഗോള്‍വ്യത്യാസം, പോയന്റ്
ക്രൊയേഷ്യ    2    1    1    0    3    4
മൊറോക്കൊ    2    1    1    0    2    4
ബെല്‍ജിയം    2    1    0    1    -1    3
കാനഡ    2    0    0    2    -4    0

ദോഹ - ലൂക മോദ്‌റിച്ചോ കെവിന്‍ ഡിബ്രൂയ്‌നെയോ? ഒരു വശത്ത് ബെല്‍ജിയത്തിന്റെ തളര്‍ന്ന സുവര്‍ണ തലമുറ, മറുവശത്ത് കഴിഞ്ഞ ലോകകപ്പിനെ ആവേശമാക്കിയ ക്രൊയേഷ്യയുടെ വയസ്സന്‍ പട. തളര്‍ച്ച ബാധിച്ച വയസ്സന്മാരെന്ന് ഡിബ്രൂയ്‌നെ തന്നെ വിശേഷിപ്പിച്ച ബെല്‍ജിയത്തിന് അവസാന മണി മുഴങ്ങുകയാണോ? 
നിലവിലെ റണ്ണേഴ്‌സ്അപ്പായ ക്രൊയേഷ്യക്കെതിരെ വിജയത്തില്‍ കുറഞ്ഞ ഒന്നും ലോക രണ്ടാം നമ്പര്‍ ടീമിന് മതിയാവില്ല. ക്രൊയേഷ്യക്ക് സമനില മതി. മൊറോക്കോയെ കാനഡ തോല്‍പിക്കുകയാണെങ്കില്‍, ബെല്‍ജിയവും ക്രൊയേഷ്യയും നോക്കൗട്ടിലെത്തിയേക്കും. 
പുറത്തായ കാനഡക്കെതിരെ സമനില നേടിയാല്‍ മൊറോക്കോക്കും പ്രി ക്വാര്‍ട്ടറിലെത്താം, ബെല്‍ജിയം-ക്രൊയേഷ്യ മത്സരം സമനിലയാവുകയാണെങ്കില്‍. ചിലപ്പോള്‍ തോറ്റാലും  മൊറോക്കോക്ക് സാധ്യതയുണ്ട്. 
മൊറോക്കോക്കെതിരായ തോല്‍വി ബെല്‍ജിയം ടീമില്‍ കനത്ത അന്തഃഛിദ്രം സൃഷ്ടിച്ചതായാണ് വാര്‍ത്ത. ടീം മീറ്റിംഗ് വിളിച്ചാണ് പ്രശ്‌നം തല്‍ക്കാലം ഒത്തുതീര്‍ത്തത്. രണ്ട് ടീമും വയസ്സന്മാരെയാണ് ആശ്രയിക്കുന്നത്. ക്രൊയേഷ്യയുടെ ജോസ്‌കൊ ഗ്വാര്‍ദിയോളും (20) നിക്കോള വഌസിച്ചും (25) ബെല്‍ജിയത്തിന്റെ അമാദു ഒനാനയുമൊക്കെ (21) അപവാദം മാത്രം. മുന്‍ ലോക ഹൈജമ്പ് ചാമ്പ്യന്‍ ബ്ലാങ്ക വഌസിച്ചിന്റെ അനുജനാണ് നിക്കോള. 
മൊറോക്കൊ ഒരിക്കലേ ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് മുന്നേറിയിട്ടുള്ളൂ -1986 ല്‍. ക്രൊയേഷ്യയുമായി സമനില നേടുകയും ബെല്‍ജിയത്തെ 2-0 ന് തോല്‍പിക്കുകയും ചെയ്ത മൊറോക്കോക്ക് ഇതിനെക്കാള്‍ മികച്ച അവസരം കിട്ടാനില്ല. 1986 ല്‍ അവര്‍ പോളണ്ട്, ഇംഗ്ലണ്ട് ടീമുകളുമായി സമനില പാലിക്കുകയും പോര്‍ചുഗലിനെ 3-1 ന് തോല്‍പിക്കുകയും ചെയ്തിരുന്നു. എണ്‍പത്തെട്ടാം മിനിറ്റില്‍ ലോതര്‍ മത്തായൂസ് 30 വാര അകലെ നിന്നെടുത്ത  ഫ്രീകിക്ക് ഗോളായതോടെയാണ് മൊറോക്കൊ പുറത്തായത്. 2016 ല്‍ മൊറോക്കൊ 4-1 ന് കാനഡയെ തോല്‍പിച്ചിരുന്നു. അന്ന് രണ്ട് ഗോളടിച്ച ഹകീം സിയേഷ് ഇപ്പോഴും ടീമിലുണ്ട്. 
കാനഡയുടെ കാര്യം സങ്കടമാണ്. ബെല്‍ജിയത്തിനെതിരെ ഒന്നാന്തരമായി കളിച്ചിട്ടും ടീം തോറ്റു. ക്രൊയേഷ്യക്കെതിരെ 68ാം സെക്കന്റില്‍ ഗോളടിച്ചു. എന്നിട്ടും വന്‍ പരാജയം വാങ്ങി. അടുത്ത ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിലൊന്നായ കാനഡ വിജയത്തോടെ ഖത്തര്‍ വിടാന്‍ ആഗ്രഹിക്കും. 


 

Latest News