Sorry, you need to enable JavaScript to visit this website.

സിനിമയാണ് സര്‍വം; ജിദ്ദയില്‍ ഇനി ചലച്ചിത്രോല്‍സവത്തിന്റെ പത്ത് നാള്‍

യുസ്‌റ

ജിദ്ദ- താരനിബിഡം ഇനി ചെങ്കടലോരം. ഫുട്‌ബോള്‍ ആരവങ്ങള്‍ക്കിടെ, ചലച്ചിത്രോല്‍സവത്തിന്റെ ചേതോഹരമായ പത്ത് രാപ്പകലുകള്‍. ലോകമെങ്ങുമുള്ള വിഖ്യാത സംവിധായകരുടെ ക്ലാസിക് സിനിമകളുടെ അഭ്രാവിഷ്‌കാരത്തിന് പ്രശസ്തമായ റിറ്റ് സ് കാള്‍ട്ടണ്‍ ഹോട്ടലും റെഡ് സീ മാളിലെ വോക്‌സ് തിയേറ്ററുകളും സജ്ജമായി.


ഇന്ന് രാത്രി എട്ടു മണിക്ക് ഷാരൂഖ് ഖാനും കാജോളും അഭിനയിച്ച് ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ, ആദിത്യ ചോപ്ര സംവിധാനം ചെയ്ത ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് രണ്ടാമത് റെഡ്്് സീ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സമാരംഭം. 61 രാജ്യങ്ങളില്‍ നിന്ന്്് 41 ഭാഷകളിലായി 131 സിനിമകളാണ് തുടര്‍ന്നുള്ള ദിനങ്ങളില്‍ സ്‌ക്രീന്‍ ചെയ്യപ്പെടുന്നത്.

ജാക്കിച്ചാന്‍, ജീന്‍ ക്ലൗഡ് എന്നിവരോടൊപ്പം ഷാരൂഖ് ഖാന്‍ റിയാദില്‍ (ഫയല്‍)

ആധുനിക ഇന്ത്യന്‍ സിനിമയുടെ ആവേശം ആകാശത്തോളമുയര്‍ത്തിയ നടന്‍ ഷാരൂഖ് ഖാനെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് നടനുമായി ആശയസംവാദത്തിനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്.
ഫിലിം ഈസ് എവരിതിംഗ് അഥവാ സിനിമയാണ് സര്‍വം എന്ന ടൈറ്റിലാണ് ഇത്തവണ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബലദ് ഹെറിറ്റേജ് സിറ്റിയിലായിരുന്നു സൗദി ചരിത്രത്തിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയില്‍ കൊടിയേറിയത്. ഇത്തവണ അതിവിശാലമായ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്്. ഇന്ത്യന്‍ സംവിധായകന്‍ ഗുരീന്ദര്‍ ഛദ്ദയുടെ ' ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം' വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കും. ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനേയും ഈജിപ്ഷ്യന്‍ നടി യുസ്‌റയേയും ആദരിക്കുന്ന ചടങ്ങുമുണ്ട്. അക്ഷയ് കുമാര്‍ കഴിഞ്ഞ ഫെസ്റ്റിവലിലും അഥിഥിയായിരുന്നു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യുസ്‌റ, അറേബ്യന്‍ ലോകം ഏറെ ഇഷ്ടപ്പെടുന്ന നടിയും ഈജിപ്തിന്റെ യു.എന്‍ ഗുഡ് വില്‍ അംബാഡറുമാണ്. ഗോള്‍ഡ് യുസ്ര്‍ അവാര്‍ഡാണ് യുസ്‌റക്ക് സമ്മാനിക്കുക.

അക്ഷയ്കുമാര്‍

ലോക സിനിമയെക്കുറിച്ചുള്ള ആശയസംവാദങ്ങള്‍ക്കും സിനിമയുടെ സാങ്കേതിക വിവരങ്ങളുടെ വിനിമയത്തിനും സൗകര്യപ്പെടുന്ന റെഡ് സീ സൂഖ് എന്ന സിനിമാ മാര്‍ക്കറ്റാണ് റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ ഇക്കൊല്ലത്തെ സവിശേഷതയെന്ന്്് സി.ഇ.ഒ മുഹമ്മദ് അല്‍ തുര്‍ക്കി വ്യക്തമാക്കി. ദ മെസേജ്, ലയണ്‍ ഓഫ് ദ ഡെസേര്‍ട്ട് എന്നീ ലോകോത്തര സിനിമകളിലൂടെ പ്രശസ്തനായ മുസ്തഫ അഖാദ് എന്ന സിറിയന്‍ - അമേരിക്കന്‍ സംവിധായകന്റെ പടങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പതിനേഴു വര്‍ഷം മുമ്പ് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ബോംബാക്രമണത്തില്‍ മകളോടൊപ്പം കൊല്ലപ്പെട്ട മുസ്തഫ അഖാദിനോടുള്ള ആദരാഞ്ജലി കൂടിയായിരിക്കും അദ്ദേഹത്തിന്റെ ക്ലാസിക് സിനിമകളുടെ അഭ്രാവിഷ്‌കാരം.
സൗദി എയര്‍ലൈന്‍സ്, വോക്സ് സിനിമ, എം.ബി.സി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുള്ളത്.

 

 

 

Latest News