Sorry, you need to enable JavaScript to visit this website.

ഇൻഡോറിൽ ഇടിപ്പൂരം 

പഞ്ചാബ് ഓപണർ ക്രിസ് ഗയ്‌ലിനെ കൊൽക്കത്തയുടെ ആന്ദ്രെ റസ്സൽ പുറത്താക്കിയപ്പോൾ
  •  40 ഓവറിൽ ഒഴുകിയത് 459 റൺസ്‌

ഇൻഡോർ - വരണ്ട പിച്ച്, ചെറിയ ബൗണ്ടറി, ഇടിവെട്ട് ബാറ്റ്‌സ്മാന്മാർ.. മൂന്നു ചേരുവകളും ഒരുമിച്ചതോടെ ഐ.പി.എല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-കിംഗ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ റൺ മഴ. കൊൽക്കത്തയുടെ ആറിന് 245 നെതിരെ നന്നായി പൊരുതിയെങ്കിലും കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ മറുപടി എട്ടിന് 214 ൽ അവസാനിച്ചു. ഈ സീസണിലെ ബെസ്റ്റ് സ്‌കോറാണ് കൊൽക്കത്തയുടേത്. ഐ.പി.എൽ ചരിത്രത്തിലെ നാലാമത്തെ ഉയർന്ന സ്‌കോർ. മൊത്തം ഒഴുകിയ 459 റൺസ് ഒരു കളിയിൽ ഐ.പി.എൽ റെക്കോർഡും. അഞ്ചു കളിയിൽ നാലാം തോൽവി വാങ്ങിയതോടെ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യത പരുങ്ങലിലായി. 
ക്രീസിലിറങ്ങിയ കൊൽക്കത്ത ബാറ്റ്‌സ്മാന്മാരെല്ലാം ഉറഞ്ഞു തുള്ളി. ഒരു ബാറ്റ്‌സ്മാൻ കുറവായിരുന്ന പഞ്ചാബിന് ക്യാപ്റ്റൻ ആർ. അശ്വിന്റെ ബാറ്റിംഗ് കരുത്തിനെ ആശ്രയിക്കേണ്ടി വന്നു. ക്രിസ് ലിന്നും (17 പന്തിൽ 27) സുനിൽ നരേനും (36 പന്തിൽ 75) അഞ്ചോവറിൽ സ്‌കോർ 50 കടത്തിയ ശേഷമായിരുന്നു കൊലവിളി കണ്ടത്. റോബിൻ ഉത്തപ്പയെ (17 പന്തിൽ 24) സാക്ഷിയാക്കി നരേൻ കത്തിക്കയറി. രണ്ടാം വിക്കറ്റിൽ ആറോവറിൽ ഇരുവരും നേടിയത് 75 റൺസായിരുന്നു. 
ആന്ദ്രെ റസ്സൽ (14 പന്തിൽ 31), ക്യാപ്റ്റൻ ദിനേശ് കാർത്തിക് (23 പന്തിൽ 50), നിതീഷ് റാണ (4 പന്തിൽ 11), ശുഭ്മാൻ ഗിൽ (8 പന്തിൽ 16 നോട്ടൗട്ട്), ജെ.പി.ആർ സേൾസ് (ഒരു പന്തിൽ 6 നോട്ടൗട്ട്) തുടങ്ങി എല്ലാവരും പഞ്ചാബ് ബൗളർമാരുടെ മേൽ കൈ വെച്ചു. തന്റെ രണ്ടാം ഓവർ എറിയവേ നരേന്റെ കനത്ത ഷോട്ട് കൈയിൽ തട്ടി പരിക്കേറ്റ് യുവ ലെഗ്‌സ്പിന്നർ മുജീബുറഹ്മാന് വിട്ടുനിൽക്കേണ്ടി വന്നതും പഞ്ചാബിന് തിരിച്ചടിയായി. 
കെ.എൽ രാഹുൽ (29 പന്തിൽ 66) പഞ്ചാബിന്റെ പ്രതീക്ഷ നിലനിർത്തിയെങ്കിലും മറുതലക്കൽ കാര്യമായ പിന്തുണ കിട്ടിയില്ല. ഒമ്പതാം ഓവറിൽ രാഹുൽ പുറത്താവുമ്പോൾ മറുതലക്കൽ എക്‌സ്ട്രാസ് ഉൾപ്പെടെ കിട്ടിയത് 25 പന്തിൽ 27 റൺസായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. ആരൺ ഫിഞ്ചും (20 പന്തിൽ 34) അക്‌സർ പട്ടേലും (11 പന്തിൽ 19) അശ്വിനും (22 പന്തിൽ 45) പിന്നീട് ആഞ്ഞടിച്ചെങ്കിലും പരാജയ ഭാരം കുറക്കാനേ സാധിച്ചുള്ളൂ. 
മത്സരത്തിലെ ആദ്യ 20 പന്തിൽ 20 റൺസ് മാത്രം രേഖപ്പെടുത്തിയപ്പോൾ വരാനിരിക്കുന്ന കൊടുങ്കാറ്റ് ആരും പ്രതീക്ഷിച്ചില്ല. പരിക്കേറ്റ മുജീബിന് പകരം ബൗൾ ചെയ്ത അശ്വിനെ സിക്‌സറിനും ബൗണ്ടറിക്കും പറത്തി നരേനാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. അടുത്ത 28 പന്തിൽ നരേൻ 68 റൺസടിച്ചു.

Latest News