ജിദ്ദ - ലോകകപ്പ് ഫുട്‌ബോളിൽ കളി നിയന്ത്രിക്കാനായി ഏഷ്യയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് റഫറിമാരിലൊരാളായ സൗദി അറേബ്യയുടെ ഫഹദ് അൽ മിർദാസിക്കെതിരെ പോലീസ് അന്വേഷണം. ഇന്നലെ കിംഗ്‌സ് കപ്പ് ഫൈനൽ നിയന്ത്രിക്കേണ്ടിയിരുന്ന മിർദാസിയെ അവസാന നിമിഷം മാറ്റി. പകരം ഇംഗ്ലണ്ടുകാരനായ പ്രശസ്ത റഫറിയും ഇപ്പോൾ സൗദി ഫുട്‌ബോൾ ഫെഡറേഷന്റെ റഫറി മേധാവിയുമായ മാർക്ക് ക്ലാറ്റൻബർഗാണ് ഫൈനലിൽ വിസിൽ വിളിച്ചത്.
ഏഷ്യയിലെ ഏറ്റവും മികച്ച റഫറിമാരിലൊരാളായ മിർദാസി ഇന്നലെ കിംഗ്‌സ് കപ്പ് ഫൈനലിൽ ഏറ്റുമുട്ടേണ്ടിയിരുന്ന ടീമുകളിലൊന്നിന്റെ അധികൃതരെ വിളിച്ച് കോഴ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഏത് ടീമിന്റെ ഭാരവാഹികളെയാണ് വിളിച്ചതെന്ന് വ്യക്തമല്ല. അദ്ദേഹം ഫോൺ കോൾ റെക്കോർഡ് ചെയ്യുകയും സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖിന് കൈമാറുകയുമായിരുന്നു.
സൗദി ഫെഡറേഷനും സൗദി ഒളിംപിക് കമ്മിറ്റിയും തീരുമാനത്തെ പിന്തുണച്ചു. ഇതോടെ മിർദാസി ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യം ത്രിശങ്കുവിലായി. അൽഇത്തിഹാദും അൽഫൈസലിയുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.
ലോകകപ്പ് നിയന്ത്രിക്കുന്ന നാലാമത്തെ സൗദി റഫറിയാവാനിരിക്കുകയായിരുന്നു മുപ്പത്തിരണ്ടുകാരൻ. ഫലജ് അൽശന്നാർ, അബ്ദുറഹ്മാൻ അൽസെയ്ദ്, ഖലീൽ ജലാൽ എന്നിവരാണ് ലോകകപ്പിൽ പങ്കെടുത്ത മറ്റ് സൗദി റഫറിമാർ.
മിർദാസിയെ ഒഴിവാക്കുകയാണെങ്കിൽ സൗദി അസിസ്റ്റന്റ് റഫറിമാരായ അബ്ദുല്ല അൽഷലാവി, മുഹമ്മദ് അൽഅക്ബരി എന്നിവരുടെ പങ്കാളിത്തവും സംശയത്തിലാവും. ആശയവിനിമയത്തിനുള്ള സൗകര്യം കണക്കിലെടുത്ത് മൂന്നു പേരടങ്ങുന്ന സംഘത്തെയാണ് ഒരു രാജ്യത്തു നിന്ന് തെരഞ്ഞെടുക്കുന്നത്.
റഷ്യയിൽ കഴിഞ്ഞ വർഷം നടന്ന ഫിഫ കോൺഫെഡറേഷൻസ് കപ്പിലും 2015 ലെ ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിലും കഴിഞ്ഞ ഒളിംപിക്‌സിലും മിർദാസി വിസിൽ വിളിച്ചിരുന്നു.
2015 ൽ ന്യൂസിലാന്റിൽ നടന്ന അണ്ടർ-20 ലോകകപ്പിൽ ഫൈനലുൾപ്പെടെ അഞ്ചു മത്സരങ്ങൾ നിയന്ത്രിക്കാൻ ഫിഫ മിർദാസിയെ ചുമതലപ്പെടുത്തിയിരുന്നു.
സമീപകാലത്ത് കിംഗ്‌സ് കപ്പ് ഫൈനൽ നിയന്ത്രിച്ചിരുന്നത് വിദേശ റഫറിമാരായിരുന്നു. ഇത്തവണയും വിദേശ റഫറി വേണമെന്ന ഇത്തിഹാദിന്റെ ആവശ്യം ആദ്യം സൗദി ഫുട്‌ബോൾ ഫെഡറേഷൻ നിരസിച്ചിരുന്നു.






