'വാറി'ലും വീഴാതെ തുനീഷ്യ, ചാമ്പ്യന്മാരെ ഞെട്ടിച്ചു

ദോഹ - തുനീഷ്യയുടെ ചുണക്കുട്ടികള്‍ കാര്‍തേജ് പരുന്തുകള്‍ക്ക് മുന്നില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് കാലിടറുന്നതു കണ്ട് ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്ക് നാടകീയാന്ത്യം. ഈ ലോകകപ്പിലെ നാലാമത്തെ അട്ടിമറിയാണ് തുനീഷ്യ നടത്തിയത്. ഇഞ്ചുറി ടൈമില്‍ ഫ്രാന്‍സ് പന്ത് വലയിലെത്തിച്ചെങ്കിലും മിനിറ്റുകള്‍ നീണ്ട വീഡിയൊ പരിശോധനക്കൊടുവില്‍ ഓഫ്‌സൈഡ് വിളിച്ചു. ജയിച്ചെങ്കിലും തുനീഷ്യക്ക് മുന്നേറാനായില്ല. ആദ്യ മത്സരത്തില്‍ അവര്‍ ഡെന്മാര്‍ക്കിനെ തളച്ചിരുന്നു. ഈ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്നായ ഡെന്മാര്‍ക്കിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ച് ഓസ്‌ട്രേലിയ രണ്ടാം തവണ നോക്കൗട്ടിലേക്ക് മുന്നേറി. നേരത്തെ തന്നെ പ്രി ക്വാര്‍ട്ടറിലെത്തിയ ഫ്രാന്‍സ് രണ്ടാം നിരയെയാണ് ഇറക്കിയത്. എങ്കിലും തുനീഷ്യയുടെ വിജയത്തിന്റെ വില കുറച്ചു കാണാനാവില്ല. അമ്പത്തെട്ടാം മിനിറ്റില്‍ വഹബി കസരിയാണ് തുനീഷ്യന്‍ ഫുട്‌ബോളിന്റെ എക്കാലത്തെയും മികച്ച വിജയത്തില്‍ സ്‌കോര്‍ ചെയ്തത്. സമനിലയെങ്കിലും പിടിക്കാനായി ആന്റോയ്ന്‍ ഗ്രീസ്മാനും കീലിയന്‍ എംബാപ്പെയുമൊക്കെ പകരക്കാരായി വന്നെങ്കിലും ഫ്രാന്‍സിന് രക്ഷയുണ്ടായില്ല. 
ആഫ്രിക്കന്‍, ഏഷ്യന്‍ ടീമുകളുടെ ലോകകപ്പായി മാറുകയാണ് ഖത്തര്‍ 2022. അര്‍ജന്റീനയെ സൗദി അറേബ്യയും ജര്‍മനിയെ ജപ്പാനും ബെല്‍ജിയത്തെ മൊറോക്കോയും നേരത്തെ തോല്‍പിച്ചിരുന്നു.
ഡെന്മാര്‍ക്ക് നിരന്തരം ആക്രമിച്ചെങ്കിലും മാത്യു ലെക്കിയുടെ ഒറ്റയാന്‍ കുതിപ്പില്‍ ഓസ്‌ട്രേലിയ വിജയം നേടുകയായിരുന്നു. നിരന്തരമായി ആക്രമിച്ചെങ്കിലും തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡെന്മാര്‍ക്കിനായില്ല.  

Latest News