ദോഹ - ഈ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്നായ ഡെന്മാര്‍ക്കിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ച് ഓസ്‌ട്രേലിയ രണ്ടാം തവണ നോക്കൗട്ടിലേക്ക് മുന്നേറി.
ഡെന്മാര്‍ക്ക് നിരന്തരം ആക്രമിച്ചെങ്കിലും മാത്യു ലെക്കിയുടെ ഒറ്റയാന്‍ കുതിപ്പില്‍ ഓസ്‌ട്രേലിയ വിജയം നേടുകയായിരുന്നു. നിരന്തരമായി ആക്രമിച്ചെങ്കിലും തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡെന്മാര്‍ക്കിനായില്ല.
വിജയം അനിവാര്യമായ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഡെന്മാര്‍ക്ക് നിരന്തരം ആക്രമിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ ഗോളിലേക്ക് വഴി കണ്ടെത്താനായില്ല. ഓസ്‌ട്രേലിയന്‍ ബോക്‌സില്‍ നിന്ന് പലതവണ ഡെന്മാര്‍ക്ക് കളിക്കാര്‍ നിറയൊഴിച്ചെങ്കിലും ഗോളിലേക്ക് വഴി കണ്ടെത്താനായില്ല. പ്രത്യാക്രമണത്തില്‍ പലതവണ ഡെന്മാര്‍ക്കിനെ ഓസ്‌ട്രേലിയ വിറപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ യൂറോ കപ്പില്‍ സെമി ഫൈനലിസ്റ്റുകളായ ഡെന്മാര്‍ക്ക് ഈ ലോകകപ്പില്‍ ഏറെ പ്രതീക്ഷിക്കപ്പെട്ട ടീമാണ്. തുനീഷ്യ അവരെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഫ്രാന്‍സിനോട് 1-2 ന് തോല്‍ക്കുകയും ചെയ്തു.






