ദോഹ - പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയതിനാല്‍ രണ്ടാം നിരയുമായി ഇറങ്ങിയ ഫ്രാന്‍സിനെതിരെ ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തുനീഷ്യ പൊരുതുന്നു. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍മാര്‍ക്കായില്ല. ഒമ്പത് മാറ്റങ്ങളുമായാണ് ഫ്രാന്‍സ് ഇറങ്ങിയത്. റഫായേല്‍ വരാനാണ് ക്യാപ്റ്റന്‍. വരാനെ കൂടാതെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയ ഏക കളിക്കാരന്‍ മിഡ്ഫീല്‍ഡര്‍ എറിക് ചൂമേനിയാണ്.
നിലവിലെ ചാമ്പ്യന്മാരെ തോല്‍പിക്കുക എന്ന മഹാദ്ഭുതം സൃഷ്ടിച്ചാലേ തുനീഷ്യക്ക് മുന്നേറാനാവൂ. 1998 ല്‍ ചാമ്പ്യന്മാരായ ശേഷം ലോകകപ്പിലെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളും ജയിക്കാന്‍ ഫ്രാന്‍സിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ അപൂര്‍വ അവസരമാണ് തുനീഷ്യക്കെതിരെ ലഭിക്കുന്നത്. അതേസമയം തുനീഷ്യ ലോകകപ്പില്‍ മൊത്തം മൂന്നു കളികള്‍ ജയിച്ചിട്ടില്ല. സമനിലയെങ്കിലും നേടിയാല്‍ ഫ്രാന്‍സിന് ഗ്രൂപ്പ് ചാമ്പ്യന്മാരാവാം.
ഫ്രാന്‍സ് ആറ് ഗോളടിച്ചു കഴിഞ്ഞു. തുനീഷ്യക്ക് ഒരു ഗോളേ സാധിച്ചുള്ളൂ. ഓസ്‌ട്രേലിയക്കെതിരെ അവര്‍ നിരന്തരം അവസരങ്ങള്‍ പാഴാക്കി. തുനീഷ്യ അഞ്ച് ലോകകപ്പ് കളിച്ചിട്ടും ഗ്രൂപ്പ് ഘട്ടം കടക്കാനായിട്ടില്ല. 1978 ല്‍ മെക്‌സിക്കോക്കെതിരെയാണ് അവര്‍ ആദ്യം ജയിച്ചത്, പിന്നീടൊരു വിജയം സാധ്യമാവുന്നത് 40 വര്‍ഷത്തിനു ശേഷമാണ്-2018ല്‍ പാനമക്കെതിരെ. ഈ ലോകകപ്പില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരായ വഹബി കസരിയും നഈം സലീതിയും ഫോമിലാണെങ്കിലും അവര്‍ ഗോള്‍ കണ്ടെത്താന്‍ പ്രയാസപ്പെടുന്നു.






