ബെന്‍സീമ തിരിച്ചുവരുമോ? ഊഹാപോഹം സജീവം

ദോഹ - ലോകകപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് പരിക്കോടെ പിന്മാറിയെങ്കിലും ബാലന്‍ഡോര്‍ ജേതാവ് കരീം ബെന്‍സീമ ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തുമെന്ന് അഭ്യൂഹം. ബെന്‍സീമയെ ലോകകപ്പ് ടീമില്‍ നിന്ന് പിന്‍വലിച്ചിട്ടില്ല. സാങ്കേതികമായി ഇപ്പോഴും ടീമിന്റെ ഭാഗമാണ്. തുടയിലെ പരിക്ക് ഭേദമാവാന്‍ മൂന്നാഴ്ച വേണ്ടി വരുമെന്നാണ് ഫ്രഞ്ച് സോക്കര്‍ ഫെഡറേഷന്‍ അറിയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പരിക്ക് സുഖപ്പെട്ടുവെന്നും ലോകകപ്പില്‍ ലഭ്യമാവുമെന്നും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. അതിനിടയിലാണ് ബെന്‍സീമ അവധിയാഘോഷിക്കാന്‍ ഇന്ത്യന്‍ സമുദ്രത്തിലെ ഫ്രഞ്ച് ദ്വീപായ റിയൂനിയനില്‍ ചൊവ്വാഴ്ച രാവിലെ എത്തിയത്. സാങ്കേതികമായി ഫ്രഞ്ച് ടീമിനൊപ്പമുള്ള കളിക്കാരന്‍ അവധിയാഘോഷിക്കാന്‍ പോയത് വിവാദമായിട്ടുണ്ട്. ഒരാഴ്ചയെങ്കിലും ബെന്‍സീമ അവിടെ തങ്ങുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 
ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ കോച്ച് ദീദിയര്‍ ദെഷോം വ്യക്തമായ മറുപടി നല്‍കിയില്ല. എന്തുകൊണ്ട് പകരക്കാരനെ ഉള്‍പെടുത്തിയില്ലെന്ന് ചോദിച്ചപ്പോഴും കോച്ച് നേരിട്ട് ഉത്തരം പറഞ്ഞില്ല. ടീം വിട്ട ശേഷം ബെന്‍സീമയുമായി സംസാരിച്ചിരുന്നുവെന്ന് മാത്രം ദെഷോം അറിയിച്ചു. ഇവിടെയുള്ള 24 കളിക്കാരിലാണ് എന്റെ ശ്രദ്ധ. അവരെക്കുറിച്ച് വേണമെങ്കില്‍ ചര്‍ച്ചയാവാം. ഇവിടത്തെ കാര്യങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പോവുന്നില്ല -കോച്ച് പറഞ്ഞു.

Latest News