സൗദിയുടെ വഴി മുടക്കാന്‍ മെക്‌സിക്കൊ

ഗ്രൂപ്പ് സി
കളി, ജയം, സമനില, തോല്‍വി, ഗോള്‍വ്യത്യാസം, പോയന്റ്
പോളണ്ട്    2    1    1    0    2    4
അര്‍ജന്റീന    2    1    0    1    1    3
സൗദി        2    1    0    1    -1    3
മെക്‌സിക്കൊ    2    0    1    1    -2    1

ദോഹ - അര്‍ജന്റീനയെ തോല്‍പിച്ച് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് തിരക്കഥ രചിച്ച ടീമാണ് സൗദി അറേബ്യ. ഇന്ന് മെക്‌സിക്കോക്കെതിരായ കളി തോറ്റാല്‍ ആഹ്ലാദത്തിന്റെ ഹിമാലയത്തില്‍ നിന്ന് നിരാശയുടെ അഗാധ ഗര്‍ത്തത്തിലേക്കായിരിക്കും സൗദി പതിക്കുക. മെക്‌സിക്കോക്ക് ജയിച്ചാലും പോരാ, അര്‍ജന്റീനയെ പോളണ്ട് തോല്‍പിക്കുകയും വേണം. മെക്‌സിക്കോയും അര്‍ജന്റീനയും ജയിക്കുകയാണെങ്കില്‍ ഗോള്‍വ്യത്യാസം പരിഗണിക്കപ്പെടും. 
പോളണ്ടിനെതിരെ നന്നായി കളിച്ചിട്ടും സൗദി തോല്‍ക്കുകയായിരുന്നു. പെനാല്‍ട്ടി ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ പാഴാക്കി. സൗദി ഒരിക്കലേ പ്രി ക്വാര്‍ട്ടറിലെത്തിയിട്ടുള്ളൂ, 1994 ലെ അരങ്ങേറ്റത്തില്‍. കഴിഞ്ഞ കളിയില്‍ നവാഫ് അല്‍ആബിദിന് കളിക്കാനാവുമോയെന്നതാണ് സൗദിയെ അലട്ടുന്നത്. 
ലോകകപ്പില്‍ രണ്ടു കളിയും നന്നായി കളിച്ചിട്ടും മെക്‌സിക്കോക്ക് ഗോളടിക്കാനായിട്ടില്ല. റഷ്യയിലെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിനു ശേഷം ലോകകപ്പില്‍ അവര്‍ ഗോളടിച്ചിട്ടില്ല. സൗദിക്കെതിരെ കൊട്ടക്കണക്കിന് ഗോള്‍ കണ്ടെത്തേണ്ടി വരും എന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. കഴിഞ്ഞ ഏഴ് ലോകകപ്പിലും അവര്‍ ഗ്രൂപ്പ് ഘട്ടം പിന്നിട്ടിരുന്നു. ബ്രസീലിന് മാത്രമേ ആ റെക്കോര്‍ഡുള്ളൂ. പക്ഷെ ഇപ്പോള്‍ ഗ്രൂപ്പില്‍ അവസാനമാണ്. ലോകകപ്പില്‍ അവസാനമായി മെക്‌സിക്കൊ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായത് 1978 ലാണ്. 
അവസാന ഏഴ് ലോകകപ്പിലും പ്രി ക്വാര്‍ട്ടറിലാണ് മെക്‌സിക്കൊ പുറത്തായത്. നാലാമത്തെ കളിയില്‍. ഇത്തവണ അഞ്ചാം മത്സരം എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. അത് മൂന്നിലവസാനിക്കുമോയെന്നാണ് അറിയേണ്ടത്. 
ഹവിയര്‍ ഹെര്‍ണാണ്ടസ് ഉള്‍പ്പെടെ പ്രമുഖ സ്‌ട്രൈക്കര്‍മാരെ പുറത്തിരുത്തിയാണ് കോച്ച് ജെറാഡൊ മാര്‍ടിനൊ ലോകകപ്പിന് വന്നത്. ആ തീരുമാനങ്ങളൊക്കെ ചോദ്യം ചെയ്യപ്പെടും. 

Latest News