നാടകീയ ജയത്തോടെ  സെനഗാല്‍ നോക്കൗട്ടില്‍ 

ദോഹ - ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ രണ്ടാം പകുതിക്കു ശേഷം 2-1 ന് മുന്നിലെത്തിയ സെനഗാല്‍ ഇക്വഡോറിന്റെ വഴിയടച്ച് ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ടിലേക്ക് മുന്നേറി. ക്യാപ്റ്റന്‍ ഖാലിദു കൂലിബാലിയുടെ ആദ്യ ഇന്റര്‍നാഷനല്‍ ഗോളാണ് ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ക്ക് വഴിയൊരുക്കിയത്. മൂന്നു മിനിറ്റ് മുമ്പ് ഇരുപത്തൊന്നുകാരന്‍ മോയ്‌സസ് കായ്‌സീഡോയിലൂടെ സമനില ഗോളടിച്ച ഇക്വഡോര്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും നോക്കൗട്ട് സാധ്യതയിലേക്കുമുയര്‍ന്നിരുന്നു. എന്നാല്‍ അറുപത്തേഴാമത്തെ മത്സരത്തില്‍ ആദ്യ ഗോളടിച്ച് കൂലിബാലി അവസരത്തിനൊത്തുയര്‍ന്നു. പ്രി ക്വാര്‍ട്ടറിലേക്ക് വഴി കണ്ടെത്താവുന്ന സമനില ഗോളിനായി ഇക്വഡോര്‍ പൊരുതിയെങ്കിലും ഫലം കണ്ടില്ല. അവസാന മിനിറ്റുകളില്‍ സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തി സെനഗാല്‍ സമയം പാഴാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇക്വഡോര്‍ കളിക്കാര്‍ പുറത്തേക്ക് സെനഗാല്‍ കളിക്കാരെ തള്ളിക്കൊണ്ടു പോവുന്ന കാഴ്ച സ്റ്റേഡിയത്തില്‍ സങ്കടമുണ്ടാക്കി. 
ഇടവേളക്ക് അല്‍പം മുമ്പ് സെനഗാല്‍ പെനാല്‍ട്ടി ഗോളിലൂടെ മുന്നിലെത്തി. ഇസ്മായില സാറാണ് പെനാല്‍ട്ടി നേടിയെടുക്കുകയും അനായാസം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തത്.  
19 എന്ന ആംബാന്റണിഞ്ഞാണ് കൂലിബാലി കളിച്ചത്. 2002 ലെ ലോകകപ്പിലെ അരങ്ങേറ്റത്തില്‍ അന്നത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ ഗോളടിച്ച പാപ ബൂപ ദിയോപിന്റെ നമ്പറാണ് ഇത്. രണ്ടു വര്‍ഷം മുമ്പ് മുപ്പത്തിരണ്ടാം വയസ്സില്‍ ദിയോപ് മരണപ്പെട്ടിരുന്നു. 
ഇക്വഡോറിന്റെ അവസാന ആറ് ലോകകപ്പ് ഗോളുകള്‍ കണ്ടെത്തിയ എന്നര്‍ വലന്‍സിയ പരിക്ക് ഭേദമായി മത്സരത്തിനിറങ്ങിയെങ്കില്‍ ഗോളകന്നു. നെതര്‍ലാന്റ്‌സിനെതിരായ സമനിലയില്‍ വലന്‍സിയയെ സ്‌ട്രെച്ചറിലാണ് പുറത്തു കൊണ്ടുപോയത്. മുപ്പത്തിമൂന്നുകാരന് രണ്ടു കാല്‍മുട്ടിനും പരിക്കുണ്ട്. ഈ ലോകകപ്പില്‍ രണ്ടു കളികളില്‍ മൂന്നു ഗോളുമായി മുന്നില്‍ വലന്‍സിയയാണ്. 2014 ല്‍ ഇക്വഡോര്‍ അവസാനം ലോകകപ്പ് കളിച്ചപ്പോഴും മൂന്നു ഗോളടിച്ചു.
 

Latest News