ദോഹ - ഇടവേളക്ക് അല്‍പം മുമ്പ് പെനാല്‍ട്ടി ഗോളിലൂടെ മുന്നിലെത്തിയ സെനഗാല്‍ ലോകകപ്പില്‍ രണ്ടാം തവണ നോക്കൗട്ടിലേക്ക്. ലീഡ് നിലനിര്‍ത്തിയാലേ അവര്‍ക്ക് മുന്നേറാനാവൂ. പെനാല്‍ട്ടി നേടിയെടുക്കുകയും അനായാസം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്ത ഇസ്മായില സാറാണ് സെനഗാലിന#റെ ഹീറോ.
ഇക്വഡോറിന്റെ അവസാന ആറ് ലോകകപ്പ് ഗോളുകള്‍ കണ്ടെത്തിയ എന്നര്‍ വലന്‍സിയ പരിക്ക് ഭേദമായി മത്സരത്തിനിറങ്ങി. നെതര്‍ലാന്റ്‌സിനെതിരായ സമനിലയില്‍ വലന്‍സിയയെ സ്‌ട്രെച്ചറിലാണ് പുറത്തു കൊണ്ടുപോയത്. മുപ്പത്തിമൂന്നുകാരന് രണ്ടു കാല്‍മുട്ടിനും പരിക്കുണ്ട്. ഈ ലോകകപ്പില്‍ രണ്ടു കളികളില്‍ മൂന്നു ഗോളുമായി മുന്നില്‍ വലന്‍സിയയാണ്. 2014 ല്‍ ഇക്വഡോര്‍ അവസാനം ലോകകപ്പ് കളിച്ചപ്പോഴും മൂന്നു ഗോളടിച്ചു. നെതര്‍ലാന്റ്‌സിനെ ഖത്തര്‍ തോല്‍പിക്കുക എന്ന അദ്ഭുതം സംഭവിക്കുകയാണെങ്കില്‍, തോറ്റാലും ഇക്വഡോറിന് പ്രി ക്വാര്‍ട്ടറിലെത്താം.
സാദിയൊ മാനെ ഇല്ലാത്തത് സെനഗാലിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നെതര്‍ലാന്റ്‌സിനെതിരെ നന്നായി കളിച്ചിട്ടും ഗോളടിക്കാനായില്ല. എന്നാല്‍ ഖത്തറിനെതിരെ ബുലായെ ദിയ, ഫമാര ജിജു, ബംബ ദിയേംഗ് എന്നിവരെല്ലാം ഗോളടിച്ചു. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗാല്‍ ലോക പതിനെട്ടാം നമ്പറാണ്. പക്ഷെ ഈ ടൂര്‍ണമെന്റില്‍ ലോക 44ാം നമ്പറായ ഇക്വഡോര്‍ ഉജ്വല ഫോമിലാണ്. ലോക രണ്ടാം നമ്പര്‍ ബെല്‍ജിയവും മൂന്നാം നമ്പര്‍ അര്‍ജന്റീനയുമെല്ലാം ഈ ലോകകപ്പില്‍ തോല്‍വിയറിഞ്ഞിട്ടുണ്ട്.






