Sorry, you need to enable JavaScript to visit this website.

കസിമീരൊ ഗോളില്‍ ബ്രസീല്‍ പ്രി ക്വാര്‍ട്ടറില്‍

ദോഹ - കഴിഞ്ഞ ലോകകപ്പിലെ ആദ്യ കളിയില്‍ തങ്ങളെ സമനിലയില്‍ തളച്ച് വെള്ളംകുടിപ്പിച്ച സ്വിറ്റ്‌സര്‍ലന്റിനെതിരെ നാലു വര്‍ഷത്തിനു ശേഷം ബ്രസീല്‍ കണക്കു തീര്‍ത്തു. രണ്ടാം പകുതിയില്‍ മാത്രം ജീവന്‍ വെച്ച കളിയില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ച ബ്രസീല്‍ നോക്കൗട്ടില്‍ സ്ഥാനമുറപ്പിച്ചു. എണ്‍പത്തിരണ്ടാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കസിമീരോയാണ് ബ്രസീലിന്റെ ഏക ഗോളടിച്ചത്. മുന്‍നിരയുടെ ജീവസ്പന്ദനമായ വിനിസിയൂസ് ജൂനിയറാണ് ഗോളിന് വഴിയൊരുക്കിയത്. വലതു വിംഗിലെ വിനിസിയൂസിന്റെ കുതിപ്പുകള്‍ സ്വിസ് ഡിഫന്‍സിന് നിരന്തരം തലവേദനയുയര്‍ത്തി. വിനിസിയൂസ് അറുപത്തഞ്ചാം മിനിറ്റില്‍ ഒന്നാന്തരം ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും വീഡിയൊ റിവ്യൂവില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു.  ബ്രസീല്‍ പ്രി ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമായി. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ബ്രസീലും മാത്രമേ ആദ്യ രണ്ടു കളിയും ജയിച്ചിട്ടുള്ളൂ. 
ബ്രസീലിന് രണ്ടാം മത്സരത്തിലും ആദ്യ പകുതിയില്‍ ഗോളടിക്കാനായിരുന്നില്ല. റഫീഞ്ഞയും റിച്ചാര്‍ലിസനും പലതവണ സ്വിസ് ഗോളി യാന്‍ സോമറെ പരീക്ഷിച്ചെങ്കിലും ആദ്യ പകുതിയില്‍ കളിക്ക് ജീവന്‍ വെച്ചില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബ്രസീല്‍ ഗോളി അലിസന്‍ പരീക്ഷിക്കപ്പെട്ടില്ല. 
പരിക്കേറ്റ നെയ്മാറിനു പകരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡുമായാണ് ബ്രസീല്‍ കളിച്ചത്. പരിക്കേറ്റ റൈറ്റ് ബാക്ക് ഡാനിലോക്കു പകരം റയല്‍ മഡ്രീഡിന്റെ എഡര്‍ മിലിറ്റൊ ഇറങ്ങി. സാധാരണ സെന്റര്‍ ബാക്കായാണ് മിലിറ്റൊ കളിക്കാറ്. റോഡ്രിഗോയും ഗബ്രിയേല്‍ ജെസൂസും രണ്ടാം പകുതിയില്‍ പകരക്കാരായിറങ്ങി. ഫ്രെഡ് ഇറങ്ങിയതോടെ ലുക്കാസ് പക്വീറ്റയെ ആക്രമണത്തില്‍ റിച്ചാര്‍ലിസന് സഹായായി ലഭിച്ചു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡറുടെ റോളിലായിരുന്നു പക്വീറ്റ.
 

 

Latest News