ദോഹ - ലോകകപ്പിന്റെ ഗ്രൂപ്പ് സി-യില്‍ നിന്ന് പ്രിക്വാര്‍ട്ടറിലെത്താന്‍ ജീവന്മരണ പോരാട്ടം. അവസാന റൗണ്ട് മത്സരങ്ങള്‍ ശേഷിക്കെ പോളണ്ടാണ് മുന്നില്‍ (4 പോയന്റ്, ഗോള്‍വ്യത്യാസം 2). രണ്ടാം സ്ഥാനത്ത് അര്‍ജന്റീനയും (3, 1), സൗദി (3, -1) മൂന്നാമതും മെക്‌സിക്കൊ (1, -2) നാലാമതുമാണ്. പോളണ്ടിന് അനുകൂലമാണ് കാര്യങ്ങള്‍. സ്വന്തം കളി ജയിച്ചാല്‍ അര്‍ജന്റീനക്കും സൗദിക്കും എളുപ്പമാവും. മെക്‌സിക്കോക്കാണ് കടുപ്പം.
അവസാന കളികളില്‍ സൗദി നേരിടേണ്ടത് മെക്‌സിക്കോയെയാണ. ലിയണല്‍ മെസ്സിയുടെ അര്‍ജന്റീനയും റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയും അതേസമയത്ത് ഏറ്റുമുട്ടും. അര്‍ജന്റീന-പോളണ്ട് മത്സരം എന്തായാലും സൗദിക്ക് ജയിച്ചാല്‍ മുന്നേറാം. എന്നാല്‍ മെക്‌സിക്കോക്കെതിരെ സൗദിക്ക് സമനിലയായാല്‍ കാര്യം കുഴയും. പോളണ്ടിനോട് അര്‍ജന്റീന തോല്‍ക്കേണ്ടി വരും.
സാധ്യതകള്‍ ഇങ്ങനെ:
സൗദി: മെക്‌സിക്കോയെ തോല്‍പിക്കണം. മെക്‌സിക്കോക്കെതിരെ സമനിലയാണെങ്കില്‍, പോളണ്ടിനോട് അര്‍ജന്റീന തോല്‍ക്കണം.
അര്‍ജന്റീന: പോളണ്ടിനെ തോല്‍പിക്കണം. പോളണ്ടുമായി സമനിലയാണെങ്കില്‍, ഒന്നുകില്‍ സൗദി-മെക്‌സിക്കൊ മത്സരവും സമനിലയാവണം, അല്ലെങ്കില്‍ മെക്‌സിക്കൊ മൂന്നു ഗോളിന്റെയെങ്കിലും വ്യത്യാസത്തില്‍ സൗദിയെ തോല്‍പിക്കരുത്. അര്‍ജന്റീന-പോളണ്ട് മത്സരം സമനിലയാവുകയും മെക്‌സിക്കോയെ സൗദി തോല്‍പിക്കുകയും ചെയ്താല്‍ അര്‍ജന്റീന പുറത്താവും. അര്‍ജന്റീന-പോളണ്ട് കളി സമനിലയാവുകയും മെക്‌സിക്കൊ നാലു ഗോള്‍ വ്യത്യാസത്തില്‍ സൗദിയെ തോല്‍പിക്കുകയും ചെയ്താലും അ്ര്‍ജന്റീന നോക്കൗട്ടിലെത്തില്ല.
പോളണ്ടിന് സമനില നേടിയാലും മുന്നേറാം. തോറ്റാലും നോക്കൗട്ടിലെത്താന്‍ സാധ്യതയുണ്ട്, മെക്‌സിക്കോയെ സൗദി കീഴടക്കുകയാണെങ്കില്‍. അല്ലെങ്കില്‍ മെക്‌സിക്കോ അഞ്ചു ഗോള്‍ വ്യത്യാസത്തില്‍ സൗദിയെ കീഴടക്കണം.
മെക്‌സിക്കോക്ക് പ്രയാസമാണ്. സൗദിയെ തോല്‍പിക്കണം, അര്‍ജന്റീനയെ പോളണ്ട തോല്‍പിക്കണം. ഒപ്പം ഗോള്‍വ്യത്യാസവും അനുകൂലമാവണം.
ഇതുവരെ ഗോളടിച്ചിട്ടില്ലാത്ത മെക്‌സിക്കോക്ക് മുന്നേറാന്‍ സൗദിക്കെതിരെ മൂന്നു ഗോള്‍ വ്യത്യാസത്തില്‍ ജയിക്കേണ്ടി വരും. പോളണ്ട് അര്‍ജന്റീനക്കെതിരെ ജയിക്കുകയാണെങ്കില്‍, സൗദിക്കെതിരെ എങ്ങനെയും ജയം മതിയാവും മെക്‌സിക്കോക്ക്. എന്നാല്‍ രണ്ടു കളിയും ഒരേസമയത്തായതിനാല്‍ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാവണമെങ്കില്‍ മൂന്നു ഗോളിനെങ്കിലും ജയിക്കണം.






