ദോഹ - ഈ ലോകകപ്പിലെ ആദ്യ ഫ്രീകിക്ക് ഗോളില്‍ ബെല്‍ജിയത്തിനെതിരെ മൊറോക്കൊ മുന്നിലെത്തി. ഇരുപത്താറാം ജന്മദിനമാഘോഷിക്കുന്ന അബ്ദുല്‍ഹമീദ് സബീരിയാണ് എഴുപത്തിമൂന്നാം മിനിറ്റില്‍ കഴിഞ്ഞ ലോകകപ്പിലെ മികച്ച ഗോളി തിബൊ കോര്ടവയെ കീഴടക്കിയത്. ബെല്‍ജിയം അവസാനം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത് 1994 ല്‍ സൗദി അറേബ്യയോടായിരുന്നു.
ലോക രണ്ടാം നമ്പര്‍ ബെല്‍ജിയത്തിനെതിരായ ലോകകപ്പ് മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന മുന്നിലെത്താന്‍ മൊറോക്കോക്ക് കിട്ടിയ അവസരം വീഡിയൊ റഫറിയുടെ വിധിയില്‍ നഷ്ടപ്പെട്ടു. ഇഞ്ചുറി ടൈമില്‍ ഹകീം സിയേഷിന്റെ ഒന്നാന്തരം ഷോട്ട് വലയിലെത്തിയെങ്കിലും വീഡിയൊ റഫറി ഇടപെട്ടു. ക്യാപ്റ്റന്‍ റുമയ്ന്‍ സായിസ് നേരിയ വ്യത്യാസത്തില്‍ ഓഫ്സൈഡാണെന്ന് വീഡിയൊ പരിശോധിച്ച് റഫറി വിധിച്ചു. സായിസ് പന്ത് കളിക്കാന്‍ ശ്രമിച്ചിരുന്നുവോയെന്ന കാര്യം ഏറെ ചര്‍ച്ച ചെയ്യപ്പെടും.
തുടക്കത്തില്‍ ബെല്‍ജിയത്തിന്റെ ആക്രമണത്തിരമാലകളില് മൊറോക്കൊ പ്രതിരോധം ഉലഞ്ഞെങ്കിലും പിന്നീട് ആഫ്രിക്കക്കാര്‍ തിരിച്ചടി തുടങ്ങി. പലതവണ അവര്‍ അപായഭീഷണി മുഴക്കി. പക്ഷെ തുറന്നുകിട്ടിയ അവസരങ്ങളിലധികവും ഹകീം സിയേഷ് ഉയര്‍ത്തിയടിച്ചു തുലച്ചു. മൊറോക്കൊ കഴിഞ്ഞ മത്സരത്തില്‍ നിലവിലെ റണ്ണേഴ്സ്്അപ് ക്രൊയേഷ്യയെ വിറപ്പിച്ചു വിട്ട ശേഷം സമനില നേടിയിരുന്നു.
ബെല്‍ജിയത്തിനു വേണ്ടി സഹോദരന്മാരായ ഈഡന് ഹസാഡും തോര്‍ഗന്‍ ഹസാഡും ഒരുമിച്ച് ആദ്യമായി ലോകകപ്പ് മത്സരത്തിന് ഇറങ്ങി. ബെല്‍ജിയം ആദ്യ കളിയില്‍ കാനഡയെ തോല്പിച്ചിരുന്നു.






