Sorry, you need to enable JavaScript to visit this website.

ഓർമകളുടെ കഥാഖ്യാനം


അനുഭവങ്ങളുടേയും ഓർമകളുടേയും ആകെത്തുകയാണ് ഒരു മനുഷ്യജീവിതം. ഓർമകളേയും അനുഭവങ്ങളേയും എഴുത്തുകാർ തങ്ങളുടെ ഭാവനകളിലൂടെ വേവിച്ചെടുക്കുമ്പോഴാണ് കഥകളും നോവലുകളും പിറവിയെടുക്കുന്നത്. എന്നാൽ ഭാവനയ്ക്ക് ഇടം നൽകാതെ യഥാർത്ഥമായ വിവരണത്തിലൂടെ ഓർമക്കുറിപ്പുകളും സാഹിത്യത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കഥയ്ക്കും ഓർമയ്ക്കുമിടയിൽ അജ്ഞാതമായ ഒരിടം മറഞ്ഞിരിക്കുന്നുണ്ട്. ആ ഇടത്ത് നിന്ന് കൊണ്ടുള്ള സർഗസൃഷ്ടികൾ വളരെ കുറച്ച് മാത്രമേയുള്ളൂ. അപൂർവ്വം ചില എഴുത്തുകാർ മാത്രമേ അതിന് ശ്രമിച്ചിട്ടുമുള്ളൂ. വിജിഷ വിജയൻ  'എന്റെ കടിഞ്ഞൂൽ പ്രണയ കഥനങ്ങൾ ' എന്ന ഓർമക്കുറിപ്പുകൾ അഥവാ കഥകളെന്ന് പറയാവുന്നവ അത്തരമൊരിടത്ത് നിന്ന് കൊണ്ടാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 
പദങ്ങളുടെ സംയോജനവും  ആലങ്കാരിക പ്രയോഗങ്ങളും ഏതൊരു സാഹിത്യ സൃഷ്ടിക്കും സൗന്ദര്യമുണ്ടാക്കുന്നു. വാക്കുകളുടെ സൗന്ദര്യ നൃത്തം ചെയ്ത് കൊണ്ടാണ് ഇതിലെ ഓരോ കുറിപ്പുകളും പൂർണ്ണതയിലെത്തുന്നത്. തികച്ചും നിഗൂഢമായ കഥ പാത്ര അഥവാ വ്യക്തി പരിസരത്ത് നിന്ന് കൊണ്ടാണ് ബൃഹന്ദള എന്ന കുറിപ്പ് സഞ്ചരിക്കുന്നത് . ആണിൽ നിന്നും പെണ്ണിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ബൃഹന്ദള ചിലപ്പോൾ സോഷ്യൽ മീഡിയയുടെ പ്രൊഫൈലിൽ അർജുനായും മാറുന്നു. 
ലൈംഗിക തൊഴിലോളം ആസ്വാദ്യകരമായി മറ്റൊരു തൊഴിലും ഇല്ലെന്ന് ബൃഹന്ദളയുടെ വാക്കുകളിലൂടെ എഴുത്തുകാരി പറയുന്നു. ആണിന്റെ സ്വാതന്ത്ര്യം പെണ്ണിന് നിഷേധിക്കപ്പെടുന്നിടത്താണ് , പെണ്ണ് ആണാകാനിഷ്ടപ്പെടുന്നതെന്ന് എഴുത്തുകാരിയുടെ ബാല്യകാല വാക്കുകൾ വായനക്കാരെ ബോധ്യപ്പെടുത്തുന്നു . സ്‌നേഹമില്ലാതെയും രതി ആസ്വദിക്കാൻ കഴിയുന്നിടത്താണ് ലൈംഗിക തൊഴിലാളികൾ വിജയിക്കുന്നത്. വേശ്യയെന്ന തൊട്ടാൽ പൊള്ളുന്ന കവിത എഴുത്തുകാരിയിൽ നിന്നും വാങ്ങിച്ച് സോഷ്യൽ മീഡിയയുടെ ഒരു ഡിയാക്റ്റിവേഷനിൽ മറഞ്ഞു പോയ ബൃഹന്ദള വായനക്കാർക്ക് ഒരു നൊമ്പരമാണ് .
ദാമോദരോഫോബിയ എന്ന കുറിപ്പിൽ പീഡോഫീലിയ എങ്ങനെയാണ് സമൂഹത്തിന് മുമ്പിൽ ഒളിച്ചുകളി നടത്തുന്നതെന്ന് എഴുത്തുകാരി തുറന്നിടുന്നുണ്ട് .  ഇനി അവിടേയ്ക്ക് പോകേണ്ടതില്ലെന്ന് പറയുന്നിടത്ത് , അതിക്രമങ്ങളോട് പൊറുക്കാനും മറക്കാനും പെൺമനസ്സിനെ വാർത്തെടുക്കുകയാണ് സമൂഹം . 
ഒരു ഗന്ധർവ്വനെപ്പോലെ തന്റെ സർഗാത്മക ജീവിതത്തിലേക്ക് കടന്നു  വന്ന് , എഴുത്തിന്റെ വാതിലുകൾ തുറന്നിട്ട് മരണത്തിന്റെ നിഗൂഢതയിലേക്ക് , ഒരൊറ്റ നിമിഷത്തിൽ ഇറങ്ങിപ്പോയ ഗുരുനാഥന്റെ ഓർമ്മകളാണ് എലിയട്ട് യൂണിവേഴ്‌സിറ്റിയിലെ പ്രിൻസിപ്പൽ എന്ന കുറിപ്പിൽ കവിതപ്പെണ്ണ് ചേർത്ത് വെച്ചിരിക്കുന്നത് .  
യൗവ്വനത്തിന്റെ സൗഹൃദം  ചേരുമ്പോഴാണ്  വാർധക്യം സുന്ദരമാകുന്നതെന്ന് ഇതിൽ എഴുത്തുകാരി സാക്ഷ്യപ്പെടുത്തുന്നു. അയാളും ഇയാളും ഒന്നായിത്തീരുമ്പോഴുള്ള വിശപ്പിന്റെ കൈനോട്ടമാണ് മിഠായിത്തെരുവിലെ കൈനോട്ടക്കാരൻ എന്ന കുറിപ്പ് . വിശപ്പ് സ്വയം അനുഭവിക്കാതെ തന്നെ , വിശപ്പിന്റെ തീക്ഷ്ണത അപരന്റെ കണ്ണുകളിൽ നിന്നും തന്നിലേക്ക് പ്രവഹിപ്പിച്ച് , വിശപ്പിന്റെ ദൈന്യത അനുഭവിച്ചറിയാൻ കഴിയുമെന്ന് എഴുത്തുകാരി വായനക്കാരെ സാക്ഷ്യപ്പെടുത്തുന്നു .
മൊട്ടാജിയുടെ മുട്ടായിക്കഥയിലെത്തുമ്പോഴാകട്ടെ , പുത്രവിയോഗത്തിന്റെ നേർത്ത നൂൽപ്പാലത്തിലൂടെ മാത്രമേ വായനക്കാരന് കടന്നു പോകാൻ സാധിക്കുകയുള്ളൂ . പഴയ മുട്ടായിക്കാലത്തെ ഓർമ്മകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന എഴുത്തുകാരി , പുതിയ കാലത്തെ പുതിയ ജീവിതങ്ങൾ ഉപ്പിലിട്ട് വെച്ചതെങ്ങനെയെന്ന് ഒരു വാങ്മയച്ചിത്രം വരച്ചു വെക്കുന്നു .  രോഗം , മരണം , വൈധവ്യം , അനാഥത്വം എന്നിവയിലൂടെയെല്ലാം ഈ കുറിപ്പ് കടന്ന് പോകുന്നുണ്ട് .
പൂരപ്പറമ്പിലെ വെടിക്കെട്ടിന്റെ , നിറങ്ങളുടെ ആവിഷ്‌കാരമാണ് ഭഗവതിയാട്ടം വെടിക്കെട്ട്. ദേവിയും ഭക്തിയും വിശ്വാസവും ഐതിഹ്യങ്ങളുമെല്ലാം ഇട   കലർന്ന ഒരു കുറിപ്പ് .  തൊഴിലിടങ്ങളിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതിന്റെ നേർചിത്രമാണ് ഇസ്‌കൂൾ മുതലാളിയുടെ ഉമ്മപ്പൂതി . 
പുതുതായി വരുന്ന ഉദ്യോഗാർത്ഥികളോട്  തൊഴിലുടമ കാണിക്കുന്ന ചൂഷണ മനോഭാവവും അതിന് ഒത്താശ ചെയ്യുന്ന മറ്റ് ജീവനക്കാരികളെയും ഈ കുറിപ്പിൽ എഴുത്തുകാരി തുറന്നിടുന്നുണ്ട് . 
മുപ്പത് വയസ്സിന് താഴെ ഇരുന്ന് കൊണ്ട്, ഒരു വലിയ ജീവിതത്തിന്റെ , ഓർമകൾ ആവിഷ്‌കരിക്കുന്ന എന്റെ കടിഞ്ഞൂൽ പ്രണയ കഥനങ്ങൾ സൈകതം ബുക്്്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരുപത്തിയൊമ്പത് കുറിപ്പുകളുള്ള ഈ പുസ്തകത്തിന് 143 പേജുകളാണ്. വില 190 രൂപ.

Latest News