Sorry, you need to enable JavaScript to visit this website.

താളം തെറ്റിയ ഗുഡ്‌സ് ട്രെയിൻ

മുപ്പതാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി വി.എൻ.വാസവനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ടെലിവിഷൻ സീരിയലുകൾക്ക് അവാർഡില്ല. സീരിയലുകൾക്ക് നിലവാരമില്ലാത്തതിനാലാണ് പരിഗണിക്കാതെ പോയതെന്ന് ജൂറി. ഇതെന്തൊരു അനീതി. അവിഹിതം മാത്രം വിഷയമാക്കാറുള്ള ടിവി സീരിയിലുകളുടെ ഗുണവശം കാണാതെ പോകുന്നതെങ്ങിനെ?  കേരളത്തിൽ ഇപ്പോൾ നടക്കുന്ന സ്വജനപക്ഷപാതം, ബന്ധു നിയമനം വിഷയങ്ങളിൽ തീരെ ആക്ഷേപമില്ലാത്ത കൂട്ടരാണിതിന്റെ ഓഡിയൻസ്. അവർക്കൊരു പ്രോത്സാഹനമെന്ന നിലയ്‌ക്കെങ്കിലും സീരിയലുകൾക്ക് അവാർഡ് കൊടുക്കാമായിരുന്നു. കൈരളിയിൽ കണ്ണീർ പരമ്പരയൊന്നുമില്ലാത്തതിനാലാണ് ഈ വിഭാഗത്തെ പാടെ അവഗണിച്ചതെന്നും ആക്ഷേപമുണ്ട്. ഗമ്മിലൂടെ നിഷാന്ത് മാവില വീട്ടിൽ  മികച്ച ടിവി പ്രോഗ്രാമിനുള്ള അവാർഡിന് അർഹനായി.  ഗം എന്ന ആക്ഷേപ ഹാസ്യ പരിപാടിയെ പരിഗണിച്ചത് ഉചിതമായി.  വടക്കേ മലബാർ പ്രയോഗങ്ങളുൾപ്പെടുത്തിയുള്ള ഈ പ്രോഗ്രാം ചിരിക്കില്ലെന്ന് വാശി പിടിക്കുന്നവരേയും ചിരിപ്പിക്കും. മൂവ്വാറ്റുപുഴ എം.എൽ.എയെ കൈകാര്യം ചെയ്യുന്ന ദിവസത്തെ  എപ്പിസോഡിൽ മങ്ങലപൊരയിൽ നിന്ന് പെണ്ണുങ്ങൾ ഓടിപ്പോയത് പോലുള്ള പ്രയോഗവും കേട്ടിരുന്നു.  കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന അളിയൻസിന് മികച്ച കോമഡി പ്രോഗ്രാമിനുളള അവാർഡും ലഭിച്ചു.  സംവിധായകൻ രാജേഷ് തലച്ചിറയ്ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവും നിർമ്മാതാവ് ആർ.രാംജി കൃഷ്ണന് 15,000 രൂപയും പ്രശസ്തിപത്രവും ശിൽപവും ലഭിക്കും. സ്വാഭാവികത ചോരാതെയും മിതവും നൈസർഗികവുമായ അഭിനയശൈലിയിലൂടെയും ജീവിത മുഹൂർത്തങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന പരിപാടിയാണ് അളിയൻസെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി. അളിയൻസിലെ അഭിനയത്തിന് നടി മഞ്ജു പത്രോസ് പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി. തങ്കം എന്ന കഥാപാത്രത്തെ ലളിതമായി അവതരിപ്പിച്ച അഭിനയ മികവിനാണ് അവാർഡ്. 518 എപ്പിസോഡുകൾ പിന്നിട്ടതാണ്  അളിയൻസ്. 

                             ****               ****               ****

ദൽഹി എക്സൈസ് നയം സംബന്ധിച്ച വാർത്തകൾ തെറ്റായി റിപ്പോർട്ട് ചെയ്തെന്ന ആരോപണത്തിൽ വാർത്താ ചാനലുകൾക്ക് ദൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. റിപ്പബ്ലിക് ടിവി, ഇന്ത്യാടുഡേ, സീ ന്യൂസ്, ടൈംസ് നൗ ചാനലുകൾക്കാണ് നോട്ടീസ്. വാർത്തകളും റിപ്പോർട്ടുകളും പരിശോധിക്കാൻ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അതോറിറ്റിക്ക്  ഹൈക്കോടതി നിർദേശം നൽകി. എക്സൈസ് നയം സംബന്ധിച്ച് നൽകുന്ന വാർത്തകളെല്ലാം സിബിഐയുടെയും എൻഫോഴ്‌സ്മെന്റിന്റെയും ഔദ്യോഗിക അറിയിപ്പുകളുടെ അടിസ്ഥാനത്തിലാകണം. 'വാർത്താ സ്രോതസ്സുകൾ അറിയിച്ചു' എന്ന പേരിൽ തെറ്റായ വാർത്ത നൽകുന്നത് തടയാനാണ് നിർദേശം. ആംആദ്മി പാർടി കമ്യൂണിക്കേഷൻ തലവൻ വിജയ്നായറുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
വിജയ്നായർ ഉൾപ്പെടെയുള്ളവരെ നേരത്തേ എക്സൈസ് നയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.  അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ച പല ചോദ്യങ്ങളും ചാനലുകൾ അതേപോലെ റിപ്പോർട്ട് ചെയ്തത് ദുരൂഹമാണെന്ന് വിജയ്നായർ ഹർജിയിൽ പറഞ്ഞു. പണ്ടു കാലത്ത് റിപ്പോർട്ടർമാർ ഉറപ്പില്ലാത്ത കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ ഓരോ വാചകത്തിന്റേയും അവസാനം ത്രേ..എന്നു ഫിറ്റാക്കുന്ന പോലൊരു ഏർപ്പാട്. 

                             ****               ****               ****

എല്ലാ വർഷവും നവംബർ 21 ന് ലോക ടെലിവിഷൻ ദിനമായി ആചരിച്ചു വരുന്നു. നവംബർ 21 ലോകടെലിവിഷൻ ദിനമായി ലോകരാഷ്ട്രങ്ങളെല്ലാം ആചരിക്കണമെന്ന് 1996 ഡിസംബർ 17ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഒരു പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. ആഗോളസുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ലോകത്തെ ജാഗരൂകരാക്കാനും തീരുമാനങ്ങളെടുക്കാനും ടെലിവിഷന്റെ വർധിത സ്വാധീനം ഉപകരിക്കുമെന്ന് മനസ്സിലാക്കിയായിരുന്നു പ്രഖ്യാപനം. വാർത്താവിനിമയ രംഗത്തും, പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും ടെലിവിഷൻ വഹിക്കുന്ന പങ്കിനെ ഓർമ്മിപ്പിക്കാനാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.
വീഡിയോ കാണാൻ ഇന്ന് ലാപ്ടോപ്പും, ടാബ് ലെറ്റും, മൊബൈൽ ഫോണുമെല്ലാം ഉപേയാഗിക്കപ്പെടുന്നുണ്ടെങ്കിലും, വീഡിയോ ഉപഭോഗത്തിന് ഭൂരിഭാഗം ജനങ്ങളും ഇന്നും ആശ്രയിക്കുന്നത് ടെലിവിഷനെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് വാർത്തകൾക്കും വിവരങ്ങൾക്കും വിജ്ഞാനത്തിനും ടെലിവിഷനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.മികച്ച ആശയവിനിമയ മാധ്യമമെന്നനിലയിൽ, മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളെ ലോകസമക്ഷം അവതരിപ്പിക്കുന്നതിൽ ടെലിവിഷൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാറിക്കൊണ്ടിരിക്കുന്ന ആഗോളവ്യവസ്ഥയിൽ പരസ്പരസഹകരണത്തിന് ടെലിവിഷന്റെ പ്രാധാന്യം ദിനാചരണം ഊന്നിപ്പറയുന്നു.2023ൽ ടിവിയുള്ള വീടുകളുടെ എണ്ണം 1.74 ബില്ല്യൺ ആയി ഉയരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

                             ****               ****               ****

ലോക കപ്പ് വന്നതോടെ കോഴിക്കോട്ടെ ചില പ്രദേശങ്ങളിലെത്തിയാൽ പോർച്ചുഗലിലെത്തിയ പ്രതീതിയാണ്. വീടുകൾക്ക് മുമ്പിൽ പോർച്ചുഗീസ് കൊടി ഉഗ്രപ്രതാപിയായി നില കൊള്ളുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ മലപ്പുറത്തെ പൂക്കോട്ടൂരിൽ ഇംഗ്ലണ്ടിന്റെ പതാക പാറിപ്പറക്കുന്നു. മലബാറിലെവിടെയും എസ്.എൻ.ഡി.പിയുടെ സമ്മേളനം നടക്കുകയാണെന്ന് തോന്നിപ്പിക്കും വിധമാണ് മഞ്ഞക്കൊടിയുടെ ആധിപത്യം. ക്രിക്കറ്റ് ഇന്ത്യൻ ജനതയെ ഒരുമിപ്പിക്കുമെന്ന് പറയാറുള്ളത് പോലെ 
ഫിഫ വേൾഡ് കപ്പ് മനുഷ്യകുലത്തിന്റേതാണ്. അതു കൊണ്ടാണല്ലോ അർജന്റിന തോറ്റിട്ടും തിരൂരിലെ കൊച്ചു മിടുക്കി എതിരാളികളോട് തർക്കിച്ചത്. മിക്കവാറും എല്ലാ മലയാളം ചാനലുകളും ഇത് ആഘോഷമാക്കി. മെസിയുടെ കളിയുള്ളതിനാൽ സ്‌കൂളിൽ അവധി വേണമെന്ന് കുട്ടി അധ്യാപികക്ക് കത്തെഴുതിയതും ചാനലിലുണ്ടായിരുന്നു.   എന്തിനേറെ ബി.ബി.സിയും അൽജസീറയും വരെ പുള്ളാവൂർ പുഴയിലെ വീര നായകരെ തേടി സാമൂതിരിയുടെ നഗരത്തിലെത്തി. ദോഹയിൽ പ്രകടനം നടത്തുന്നതെല്ലാം പെയ്ഡ് ആളുകളാണെന്ന പടിഞ്ഞാറൻ പ്രചാരണത്തിന് അൽ ജസീറ റിപ്പോർട്ടിൽ കോഴിക്കോട്ടെ സാമൂഹിക പ്രവർത്തകനായ എൻജിനിയർ ഹാഷിർ അലി ഉചിതമായ മറുപടി നൽകിയിരുന്നു.  ലക്ഷക്കണക്കിന് ഇന്ത്യക്കാരായ പ്രവാസികൾ അവിടെ ജോലി ചെയ്യുന്നു. ഖത്തർ രണ്ടാം വീടായി കാണുന്ന അവരെ സംബന്ധിച്ചിടത്തോളം ഫുട്‌ബോൾ മേള വിജയിപ്പിക്കുകയെന്നത് ഉത്തരവാദിത്തമാണ്. ലണ്ടനിലും ന്യൂയോർക്കിലും സ്റ്റുഡിയോ റൂമിലിരിക്കുന്നവർക്ക് ഇത് മനസ്സിലാകണമെന്നില്ല. കുഞ്ഞു രാജ്യമായ ഖത്തറിന് വേൾഡ് കപ്പ് നൽകാൻ അനുമതി ലഭിച്ചത് മുതൽ കുരു പൊട്ടാൻ തുടങ്ങിയതാണല്ലോ. എന്നാൽ ഇതൊന്നും പുതിയ കാര്യവുമല്ല. 92 വർഷങ്ങൾ മുമ്പ് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടിവിഡിയോയിൽ 1930ലെ ആദ്യ ലോക കപ്പ് അനുവദിച്ചത് തന്നെ രസിക്കാത്ത കൂട്ടരല്ലേ ഇവർ? ബ്രിട്ടൻ ഫിഫയിൽ അംഗത്വമെടുക്കാതെ മാറി നിൽക്കുകയും ജർമനി, ഇറ്റലി, സ്‌പെയിൻ, ഓസ്ട്രിയ, ഹംഗറി, സ്വിറ്റ്‌സർലന്റ്, ചെക്കോസ്ലോവാക്യ എന്നീ രാജ്യങ്ങൾ ബഹിഷ്‌കരിക്കുകയുമാണ് ചെയ്തത്. അതേ പോലെ രസകരമാണ് ചില പ്രവചന വിദഗ്ധരുടെ കാര്യം. സൗദി അറേബ്യ ആദ്യ കളിക്കിറങ്ങുമ്പോൾ തന്നെ എഴുതി തള്ളിയവരായിരുന്നു പലരും. മറുപടിയില്ലാത്ത അഞ്ച്, മൂന്ന് ഗോളുകളാണ് പ്രമുഖ ചാനലിലെ സ്‌പോർട്‌സ് ഡെസ്‌ക് വിധിച്ചത്. 
സൗദി അറേബ്യൻ ടീം  ഒരൊറ്റ രാത്രി കൊണ്ടാണ് സംസാര വിഷയമായി മാറിയത്. ലയണൽ മെസ്സിയുടെ അർജന്റീനയെ മലർത്തിയടിച്ചതോടെയാണ് അവർ ശ്രദ്ധാകേന്ദ്രമായത്. അർജന്റീന വൻ മാർജിനിൽ ജയിക്കുമെന്നു എല്ലാവരും പ്രവചിച്ച കളിയിൽ സൗദി 2-1ന്റെ അവിശ്വസനീയ വിജയം കൊയ്യുകയായിരുന്നു.  ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു സൗദി അറേബ്യ പുറത്തെടുത്തത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചായിരുന്നു മുൻ ലോക ചാമ്പ്യൻമാരെ സൗദി അറേബ്യ വീഴ്ത്തിയത്. ഫ്രഞ്ച് പരിശീലകനായ ഹെർവ് റെനാർദ് ആണ് സൗദി ടീമിന്റെ തന്ത്രങ്ങൾക്ക് പിന്നിൽ.  സൗദി അറേബ്യയിൽ ജീവിച്ചവർക്കെല്ലാം അറിയാവുന്ന ഒരു വസ്തുതയുണ്ട്. ചിയർ ഗേൾസും മണ്ണാങ്കട്ടയുമൊന്നുമില്ലെങ്കിലും ഫുട്‌ബോൾ രക്തത്തിലലിഞ്ഞ ജനതയാണ് സൗദിയിലേത്. ഭരണാധികാരികൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നു. നാട്ടാരും വിദേശികളുമെല്ലാം സൗദി വിജയത്തിന് വേണ്ട പിന്തുണ നൽകുന്നു. ഇന്നല്ലെങ്കിൽ നാളെ ഫിഫ വേൾഡ് കപ്പ് സൗദി ടീം നേടിയാലും ആശ്ചര്യപ്പെടാനില്ല. 

                          ****               ****               ****

ഒമർ ലുലുവിന്റെ പുതിയ ചിത്രമായ 'നല്ല സമയ'ത്തിന്റെ ട്രെയിലർ ലോഞ്ച് കോഴിക്കോട് സ്വകാര്യ  മാൾ അധികൃതർ അവസാനനിമിഷം റദ്ദാക്കിയത് വിവാദമായിരുന്നു. ഷക്കീലയെ ഒഴിവാക്കിയാൽ അനുമതി നൽകാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നും ഒമർ ലുലു പറഞ്ഞിരുന്നു.
തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല വിഷയത്തിൽ പ്രതികരിച്ചത്. നിരവധി പേരാണ് ഷക്കീലയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയത്. എഴുത്തുകാരി എസ്. ശാരദകുട്ടിയും ഷക്കീലയെ പിന്തുണച്ചു. 
ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ലെന്ന് ശാരദക്കുട്ടി പറയുന്നു. സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേയെന്നും അവർ ചോദിക്കുന്നു. ഒമർ ലുലുവിന്റെ കരിയറിലെ ആദ്യ എ സർട്ടിഫിക്കറ്റ് ചിത്രമാണ് നല്ല സമയം. തൊണ്ടയാട് ബൈപാസിലെ സ്വകാര്യ മാളുകാർ മുൻ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലായിരിക്കാം ഇവന്റിന് അനുമതി നിഷേധിച്ചത്. ഒമർ ലുലു ഉദ്ദേശിച്ച കാര്യം നടക്കുകയും ചെയ്തു. കോഴിക്കോട്ട് പ്രോഗ്രാം നടത്തണമെന്ന് ആത്മാർഥമണായി ആഗ്രഹിച്ചിരുന്നുവെങ്കിൽ വേറെ എത്ര ചോയ്‌സ് നഗരത്തിൽ തന്നെയുണ്ട്. 

                             ****               ****               ****

ഒരു വിധം നല്ല താളത്തിൽ തൃശൂരും ചാലക്കുടിയും അങ്കമാലിയും കടന്നു വന്നതായിരുന്നു ഗുഡ്‌സ് ട്രെയിൻ. ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെഴുമൊഴുകി എന്ന പാട്ടിന്റെ വരികളോർത്തിട്ടോ മറ്റോ ആയിരിക്കണം, പെട്ടെന്ന് ട്രെയിനിന്റെ താളം തെറ്റി. പ്രമുഖ ചാനലിൽ വാർത്തയ്ക്കിടെ അതാ വരുന്നു ബ്രേക്കിംഗ് ന്യൂസ്- ആലുവയിൽ ഗുഡ്‌സ് ട്രെയിൻ താളം തെറ്റി.. ഒന്നും പറയാനില്ല. എല്ലാ പത്ര- ചാനൽ മുതലാളിമാരും അനുഭവിച്ചോ. മര്യാദയ്ക്ക് ജോലി ചെയ്തിരുന്ന പ്രൂഫ് റീഡർമാരെ ഒഴിവാക്കി ചെലവ് ചുരുക്കിയതല്ലേ. 
ഖത്തർ ലോക കപ്പിൽ പോർച്ചുഗൽ ടീമിന്റെ കാര്യമാണ് മഹാ കഷ്ടം. കേരളത്തിൽ തരക്കേടില്ലാത്ത വിധം ഫാൻസ് ഇവർക്കുണ്ട്. അനുകൂലിച്ച് റൊണാൾഡോ ആരാധകർ കൊടി നാട്ടിയപ്പോൾ അത് സുഡാപ്പിയുടേതാണെന്ന് തെറ്റിദ്ധരിച്ച് പാനൂരിലെ സംഘി നശിപ്പിച്ചു. ഇപ്പോഴിതാ മൗലവി പറയുന്നു, ഒരു കാരണവശാലും പോർച്ചുഗലിനെ അനുകൂലിക്കരുതെന്ന്. പടച്ചോനെ ഇങ്ങള് കാത്തോളീ.

Latest News