ഇല്ലിമലയുടെ താഴ്‌വരയിലെ കാഞ്ഞിരങ്ങാട് എന്ന സാങ്കൽപിക ഗ്രാമം. അവിടെ പ്രാണൻ കൊടുത്തും അധികാരവും ആചാരവും നിലനിർത്തണമെന്ന് ചൊല്ലിപ്പഠിപ്പിച്ച ഒരു കൂട്ടം മനുഷ്യർ. അവർക്ക് അവരുടേതായ ലോകം. അവരുടേതായ ആചാരങ്ങൾ. ഇവർക്കിടയിലേയ്ക്കാണ് മനയിലെ ഇളമുറ തമ്പുരാനായ ധ്രുവന്റെ ഭാര്യയായി തനി നാട്ടിൻപുറത്തുകാരിയായ കുമാരിയെത്തുന്നത്. ചെറിയച്ഛൻ വിവാഹത്തിൽനിന്നും അവളെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും തനിക്കു താഴെയുള്ള പെൺകുട്ടികളെ ഓർത്ത് അവൾ ആ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. അവളറിയാതെ ഇല്ലിമലക്കാടും പുഴയും കാഞ്ഞിരങ്ങാട്ടെ മണ്ണും അവളുടെ വരവിനായി നൂറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു.

സ്വന്തം വീട്ടിലും നാട്ടിലും പക്ഷിയെപ്പോലെ പാറിപ്പറന്നുനടന്നിരുന്ന അവൾ ആ വീട്ടിൽ ഒറ്റപ്പെടുകയാണ്. അന്നാട്ടുകാരുടെ രീതികളൊന്നും അവൾക്ക് മനസ്സിലാകുന്നില്ല. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാതെ അവിടെ പെട്ടുപോകുന്ന അവസ്ഥ. ആ വീട്ടിൽ വന്നുപെടുന്ന സ്ത്രീകളൊന്നും പിന്നീട് പുറംലോകം കണ്ടിരുന്നില്ല. ഇത്തരം ആചാരങ്ങളൊന്നും കുമാരിക്കു മനസ്സിലാകുമായിരുന്നില്ല. തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ദോഷം സംഭവിക്കുമെന്ന് പറഞ്ഞപ്പോൾ അവളൊന്നും നോക്കിയില്ല. ഇത്തരം ദുരാചാരങ്ങൾക്കെതിരെ പ്രതികരിക്കാനൊരുങ്ങുകയാണ്. എന്നാൽ അധികാരം വളർത്താൻ ജനങ്ങളിൽ ഭയം ജനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയിരുന്ന തമ്പുരാക്കന്മാർക്ക് അവളുടെ ചെയ്തികൾ രസിക്കുന്നില്ല. ഒടുവിൽ സത്യം തിരിച്ചറിഞ്ഞ് ജനങ്ങൾ അവളോടൊപ്പം ഉറച്ചുനിൽക്കുമ്പോൾ അന്ധവിശ്വാസത്തിന്റെ കോട്ടകൊത്തളങ്ങൾ തകരുന്ന കാഴ്ചയാണ് കാണുന്നത്.
ഒരു കെട്ടുകഥയെ, പ്രത്യേകിച്ചും പഴയ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഉറങ്ങിക്കിടക്കുന്ന ഒരു ഐതീഹ്യകഥയെ വളരെ മനോഹരമായാണ് സംവിധായകൻ നിർമ്മൽ സഹദേവ് സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്. കുമാരി എന്ന ഫാന്റസി ത്രില്ലർ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കുമാരിയായി ഐശ്വര്യലക്ഷ്മിയാണെത്തുന്നത്. ആദ്യമായാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു വേഷം ഐശ്വര്യയെ തേടിയെത്തുന്നത്. അഭിനയം മാത്രമല്ല, നിർമ്മാണരംഗത്തേയ്ക്കുമുള്ള കടന്നുവരവുകൂടിയാണ് ഈ ചിത്രത്തിലൂടെ ഐശ്വര്യ സാധ്യമാക്കിയിരിക്കുന്നത്. ഐശ്വര്യയുടെ വാക്കുകളിലേയ്ക്ക്...
കുമാരിയായി എത്തിയത്*

പാലക്കാട്ടെ ഒരു നാട്ടിൻപുറത്ത് ജനിച്ചുവളർന്ന പ്രൈമറി സ്‌കൂൾ ടീച്ചറായ അർച്ചനയുടെ ജീവിതം ഇതിവൃത്തമാക്കിയ അർച്ചന നോട്ടൗട്ട് എന്ന ചിത്രത്തിനുശേഷം ഇത്തരമൊരു വേഷം ലഭിച്ചപ്പോൾ ഒട്ടും അമാന്തിച്ചില്ല. അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും മൂടുപടത്തിനുള്ളിൽ ജീവിക്കുന്ന ഒരു ജനതയുടെ കഥയാണിത്. ചാത്തനെയും മറുതയെയും കുടിയിരുത്തിയ ആ നാട്ടിലേയ്ക്ക് കുമാരി എന്ന പെൺകുട്ടി കടന്നുവരുമ്പോൾ നടക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി. എങ്കിലും ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമോ എന്നൊരു ഭയമുണ്ടായിരുന്നു.
സംവിധായകന്റെയും അഭിനേതാക്കളുടെയുമെല്ലാം സഹകരണമാണ് കുമാരിയെ അവതരിപ്പിക്കാൻ കരുത്തായത്. ഗ്രാമത്തിന്റെ നൈർമ്മല്യമുള്ള, ഓരോ നിമിഷത്തെയും കൗതുകത്തോടെ കാണുന്ന കുമാരി രണ്ടാം പകുതിയിലെത്തുമ്പോൾ ശരിക്കും ബോൾഡായി മാറുകയാണ്.
എന്തിനെയും നേരിടാനുള്ള കരുത്തിന്റെയും ശക്തിയുടെയും പ്രതീകമാവുകയാണവൾ. കുമാരിയുടെ സ്വഭാവ വ്യതിയാനം അഭിനയിച്ചുഫലിപ്പിക്കാൻ ശരിക്കും കഠിനാദ്ധ്വാനം തന്നെ വേണ്ടിവന്നിരുന്നു. എങ്കിലും എല്ലാവരുടെയും പിന്തുണ ലഭിച്ചതോടെ കഥാപാത്രമായി മാറുകയായിരുന്നു.
നിർമ്മാണരംഗത്തും തുടക്കം
കഥയും കഥാപാത്രവും ഇഷ്ടമായപ്പോഴാണ് നിർമ്മാണത്തിലും പങ്കാളിയായത്. അഭിനയത്തേക്കാൾ ബുദ്ധിമുട്ടായിരുന്നു നിർമ്മാണമേഖല. അഭിനയം മാത്രമാകുമ്പോൾ നമ്മുടെ സീൻ ആകുമ്പോഴേയ്ക്കും റെഡിയായാൽ മതി. എന്നാൽ നിർമ്മാണ മേഖലയിൽ ശ്രദ്ധ ചെലുത്തുമ്പോൾ സീനില്ലെങ്കിലും ആറുമണിക്കുതന്നെ സെറ്റിലെത്തണം. അടുത്ത ദിവസത്തെ ചിത്രീകരണത്തിനുള്ള മുന്നൊരുക്കങ്ങൾ സഹസംവിധായകരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. സിനിമ പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം വളരെ സന്തോഷത്തോടെയാണ് ചെയ്തത്.
നായകനായി ഷൈൻ എത്തുമ്പോൾ
സിനിമയുടെ തുടക്കത്തിൽ ധ്രുവനായി നിശ്ചയിച്ചിരുന്നത് റോഷനെയായിരുന്നു. എന്നാൽ ചിത്രീകരണത്തിന് കാലതാമസം വന്നതോടെ റോഷന് ഡേറ്റില്ലാതായി. ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രത്തിൽ റോഷൻ ജോയിൻ ചെയ്തതോടെ മറ്റൊരു നടനെ തേടേണ്ടിവന്നു. ചിത്രീകരണം ആരംഭിക്കാൻ പത്തുദിവസം ബാക്കിനിൽക്കേയാണ് റോഷൻ പിന്മാറിയത്. അങ്ങനെയാണ് ചിത്രത്തിൽ മറ്റൊരു വേഷത്തിലേയ്ക്ക് കരാറായിരുന്ന ഷൈൻ ടോം ചാക്കോയെ ധ്രുവനാക്കുന്നത്. ആർക്കും വേണ്ടാതെ മാനസികനില തകരാറിലായ ഇളയ തമ്പുരാനായാണ് ധ്രുവനെത്തുന്നതെങ്കിലും രണ്ടാം പാതിയിലെത്തുമ്പോൾ മനയുടെ തമ്പുരാനായി തികച്ചും വ്യത്യസ്തമായ ഭാവത്തിലാണ് ഷൈൻ എത്തുന്നത്.
സ്ഫടികം ജോർജിന്റെ വേഷം
ചിത്രത്തിൽ തമ്പുരാന്റെ വേഷത്തിലാണ് ജോർജേട്ടനെത്തുന്നത്. കാഞ്ഞിരങ്ങാട് തറവാട്ടിലെ കാരണവരായ വല്യച്ഛനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ആചാരത്തിനും അധികാരത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്ന കാരണവർ. അടിമുടി ദുരൂഹത നിറഞ്ഞ കഥാപാത്രമാണിത്. കൃഷിയും തറവാടും നോക്കിനടക്കുന്നതിനോടൊപ്പം വിഷവൈദ്യവും മന്ത്രവാദവും നടത്തുന്ന വല്യച്ഛൻ. ജന്മിത്വവും ജാതിവ്യവസ്ഥയും നടമാടിയിരുന്ന അക്കാലത്ത് ഏക്കർ കണക്കിന് കൃഷിഭൂമി സ്വന്തമായുണ്ടായിരുന്ന കാരണവർ. നാട്ടുകാരെ തന്റെ മന്ത്രവാദംകൊണ്ട് ആപത്തിൽനിന്നും രക്ഷിക്കുന്ന ആചാരസംരക്ഷകനായി വേഷമിടുകയാണ് ജോർജേട്ടൻ.
കഥാപാത്രത്തിനുള്ള മുന്നൊരുക്കങ്ങൾ
കഥാപാത്രമായി മാറാൻ പ്രത്യേകം തയ്യാറെടുപ്പുകൾ ഒന്നും നടത്താറില്ല. സ്‌ക്രിപ്റ്റ് രണ്ടോ മൂന്നോ തവണ വായിക്കും. പലപ്പോഴും സംവിധായകൻ പറയുന്നതുപോലെ അഭിനയിക്കാറാണ് പതിവ്. മാറ്റങ്ങൾ നിർദ്ദേശിക്കാൻ സ്‌പേസ് ഉള്ള സിനിമകളിൽ മാത്രമേ അത്തരം സ്വാതന്ത്ര്യം എടുക്കാറുള്ളു. എങ്കിലും കഥാപാത്രമാകാൻ ചുറ്റുപാടുകൾ എന്നിൽ നിർണ്ണായക സ്വാധീനം ചെലുത്താറുണ്ട്. വൈകാരികമായ ഒരു രംഗം ചിത്രീകരിക്കുന്നതിനു തൊട്ടുമുൻപ് ചിരിച്ചുകളിച്ചിരിക്കാൻ എനിക്കാവില്ല. ഒരുപക്ഷേ, അത് എന്റെ പരിമിതിയാകാം. എങ്കിലും കഥാപാത്രമായി മാറണമെങ്കിൽ ചുറ്റുപാടുകൾ അനുകൂലമാകണം. അഭിനയത്തിൽ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ കുറവാണ്. സീനിന് തൊട്ടുമുൻപാണ് തയ്യാറെടുക്കുന്നത്. പല അഭിനേതാക്കളും പറയാറുണ്ട്, സിനിമ കഴിഞ്ഞാലും കഥാപാത്രം മനസ്സിൽനിന്നും മായുന്നില്ലെന്ന്. അത്തരം ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ടാകാറില്ല.
ഐശ്വര്യ എന്ന അഭിനേത്രിയെ വളർത്തിയത്
അഭിനയത്തോടും സിനിമയോടും എനിക്കിത്രയും സ്‌നേഹമുണ്ടാകാൻ കാരണം സംവിധായകരാണ്. അഭിനയമെന്താണെന്ന് പഠിച്ചതും അവരിൽനിന്നാണ്. അഭിനയം പഠിക്കാൻ വർക്ക് ഷോപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും സെറ്റിൽനിന്നും ലഭിക്കുന്ന അനുഭവം വേറെത്തന്നെയാണ്. മായാനദിയുടെ സെറ്റിൽനിന്നും ലഭിച്ച കുറേ പാഠങ്ങളാണ് മറ്റ് സിനിമകളിൽ ഉപയോഗിക്കുന്നത്. മാത്തനും അപ്പുവും തമ്മിലുള്ള പ്രണയവും പ്രശ്‌നങ്ങളുമെല്ലാം കാഴ്ചക്കാരുടെ ഹൃദയത്തിലെത്താൻ സഹായിച്ചത് സംവിധായകൻ ആഷിഖ് അബുവാണ്. നമ്മുടെ ഉള്ളിലുള്ളത് പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തിനുള്ള കഴിവ് വേറെത്തന്നെയാണ്. അമൽ നീരദ് സാറിന്റെ വരത്തനിലും നല്ല കഥാപാത്രമായിരുന്നു. ഒരോ സീനും ഗംഭീരമാക്കാൻ ഒട്ടേറെ ടേക്കുകൾ എടുക്കേണ്ടിവന്നിട്ടുണ്ട്.
മനസ്സിന് ഇഷ്ടപ്പെട്ട കഥാപാത്രം
എന്റെ മിക്ക കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണ്. ജഗമേ തന്തിരത്തിലെ അട്ടിലയാണെങ്കിലും മായാനദിയിലെ അപർണ്ണയാണെങ്കിലും വരത്തനിലെ പ്രിയയാണെങ്കിലും കാണെക്കാണെയിലെ സ്‌നേഹയാണെങ്കിലും അർച്ചന നോട്ടൗട്ടിലെ അർച്ചനയാണെങ്കിലും വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ പിങ്കിയാണെങ്കിലും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. എങ്കിലും പ്രേക്ഷകർ ഏറെയിഷ്ടപ്പെടുന്നത് മായാനദിയിലെ അപർണ്ണയെയാണ്.
തമിഴകത്തിന്റെയും ഐശ്വര്യം
മലയാളത്തിനു പുറമെ തമിഴിലും നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. തമിഴിലേത് പലതും ബിഗ് ബജറ്റ് ചിത്രങ്ങളായതുകൊണ്ട് കൂടുതൽ സൗകര്യങ്ങളുണ്ട്. ആക്ഷനിലെ മീരയും ഗാർഗിയിലെ അഹല്യയും ക്യാപ്റ്റനിലെ കാവ്യയും പൊന്നിയൻ സെൽവനിലെ പൂങ്കുഴലിയും ഗട്ട ഗുസ്തിയിലെ കീർത്തിയുമെല്ലാം തമിഴകത്തിന്റെ മനസ്സിൽ ഇടം നൽകിയ കഥാപാത്രങ്ങളായിരുന്നു. മണിരത്‌നം സാർ സംവിധാനം ചെയ്ത പൊന്നിയൻ സെൽവനിൽ ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നത്. മണിരത്‌നം സാറിന്റെ ഒരു ചിത്രത്തിൽ അഭിനയിക്കണമെന്ന മോഹത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു ഈ ചിത്രം.






