ദോഹ- മത്സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയിട്ടും അന്തിമ പാദത്തിലെ പ്രതിരോധ വീഴ്ച്ചയില്‍ തോല്‍വിയേറ്റു വാങ്ങി ജപ്പാന്‍. ഖത്തര്‍ ലോകകപ്പില്‍ കോസ്റ്റോറിക്കയുമായുള്ള മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി. കളിയൊഴുക്കിന് നേര്‍വിപരീതമായിട്ടാണ് കോസ്റ്റാറിക്ക 81-ാം മിനിട്ടില്‍ ഗോള്‍ നേടിയത്. കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുടെ ഏക ഗോള്‍ നേടിയത്. ഗോള്‍ വീഴുംവരെ ജപ്പാന്‍ ജയിക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ജപ്പാന് മേധാവിത്വമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കോസ്റ്ററിക്ക സാവധാനം കളിയിലേക്ക് തിരിച്ചുവരികയും നിര്‍ണ്ണായകമായ അവസരം മുതലാക്കുകയും ചെയ്തു. തെജേഡയില്‍ നിന്നും പന്ത് ലഭിച്ച ഫുള്ളറിന്റെ ഷോട്ട് ജപ്പാന്‍ ഗോളി ഗോണ്ടയുടെ രക്ഷാപ്രവര്‍ത്തനത്തെ മറികടന്ന് ലക്ഷ്യം കണ്ടു. സമനിലയ്ക്കായി ജപ്പാന്‍ എതിരാളികളുടെ മേഖലയില്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട് കിണഞ്ഞുശ്രമിച്ചുവെങ്കിലും കോസ്റ്ററിക്കയുടെ പ്രതിരോധം ഗോള്‍ വഴങ്ങിയില്ല. ലഭിച്ച അവസരങ്ങള്‍ പാഴാക്കിയ ജപ്പാന്‍ തോല്‍ക്കുകയും ഏക അവസരം മുതലാക്കിയ കോസ്റ്ററിക്ക വിജയിക്കുകയും ചെയ്തു.
ഇതോടെ ഗ്രൂപ്പ് ഇ-യില്‍ നിന്നും ഏത് ടീം വേണമെങ്കിലും പ്രീക്വാര്‍ട്ടര്‍ കടക്കാമെന്ന നിലയാണുള്ളത്. ജപ്പാന്‍ നേരത്തെ യൂറോപ്യന്‍ വമ്പന്‍മാരായ ജര്‍മ്മനിയെ അട്ടിമറിച്ചിരുന്നു. അതേസമയം, കോസ്റ്റാറിക്കയെ സ്‌പെയിന്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. ജര്‍മ്മനി സ്‌പെയിനിനെ തോല്‍പ്പിക്കുകയാണെങ്കില്‍ ഈ ഗ്രൂപ്പിലെ എല്ലാ ടീമുകള്‍ക്കും ഓരോ മത്സരം വീതം അവശേഷിക്കവേ മൂന്ന് പോയിന്റുകള്‍ പോക്കറ്റിലുണ്ടാകും.
പരുക്കന്‍ കളി പുറത്തെടുത്തതിന് ഇരുടീമുകളുടേയും മൂന്ന് വീതം താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചു. മത്സരത്തിന്റെ 56 ശതമാനം സമയവും ജപ്പാനാണ് പന്ത് കൈവശം വച്ചത്. മൂന്ന് തവണ ഗോള്‍ ലക്ഷ്യമാക്കി പന്ത് പായിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല. കോസ്റ്റാറിക്കയാകട്ടെ ലഭിച്ച ഏക അവസരം മുതലാക്കി. ജപ്പാന് അഞ്ച് കോര്‍ണര്‍ കിക്കുകളും ലഭിച്ചിരുന്നു. കോസ്റ്റോറിക്കയ്ക്ക് ഒന്നും ലഭിച്ചില്ല.
ലോകകപ്പിലെ തുടര്‍പ്രയാണ സാധ്യതകള്‍ തിരിച്ചുപിടിച്ച കോസ്റ്ററിക്ക ഇതാദ്യമായിട്ടാണ് ജപ്പാനെ തോല്‍പ്പിക്കുന്നത്. കോസ്റ്ററിക്കയിലെ പുലര്‍ച്ചെയാണ് മത്സരം നടന്നത്. കളി അവസാനിക്കുമ്പോള്‍ നാല് മണിയായെങ്കിലും ആരാധകര്‍ ഉറങ്ങാന്‍ പോകാതെ അവരുടെ ടീമിന്റെ ചരിത്ര വിജയം ആഘോഷിച്ചു.
ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ജർമ്മനിയെ തോൽപ്പിച്ച ടീമിൽ നിന്ന് അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് ജപ്പാൻ എത്തിയത്. പരിക്കേറ്റ ഹിരോക്കി സകായിക്ക് പകരം റൈറ്റ് ബാക്ക് മിക്കി യമാനെയും, ആവോ തനകയ്ക്ക് പകരം മിഡ്ഫീൽഡർ ഹിഡെമാസ മൊറിറ്റയും ടീമിലെത്തി.
ഗ്രൂപ്പ് ഇയിൽ സ്പെയിനിനോട് 7-0 തോൽവിയോടെയാണ് കോസ്റ്ററീക്ക ലോകകപ്പിലെ ആദ്യമത്സരം തുടങ്ങിയത്. കൗമാരക്കാരനായ വിംഗർ ജൂവിസൺ ബെന്നറ്റും ഡിഫൻഡർ കാർലോസ് മാർട്ടിനെസും ഇന്ന് കളിച്ചില്ല. പകരം ഗെർസൺ ടോറസും കെൻഡൽ വാസ്റ്റണും ടീമിലെത്തി.