ദോഹ- മൈതാനത്തിൽ പ്രകമ്പനം സൃഷ്ടിച്ച് മെക്സിക്കൻ പടയെ തകർത്ത അർജന്റീന താരങ്ങൾ അതിരാവിലെ വീണ്ടും പരിശീലനത്തിൽ. അടുത്ത മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ചില്ലെങ്കിൽ ഗ്രൂപ്പ് ചാംപ്യൻമാരായി രണ്ടാം റൗണ്ടിലേക്ക് കടക്കാനാകാത്തതിനാൽ കടുത്ത പരിശീലനമാണ് മെസിയും സംഘവും നടത്തുന്നത്. ഇന്നലെ അർധരാത്രിയിലാണ് മത്സരത്തിന് ശേഷം ടീം താമസ-പരിശീലന സൗകര്യം ഒരുക്കിയ ഖത്തർ യൂണിവേഴ്സിറ്റിയിൽ എത്തിയത്. രാവിലെ തന്നെ ടീം ഒന്നടങ്കം പരിശീലനത്തിന് എത്തുകയും ചെയ്തു.
സൗദിയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ട ശേഷം ടീമിനെ ബാധിച്ച നിരാശ ഇന്നലത്തെ മത്സരത്തോടെ താരങ്ങളുടെ ശരീരഭാഷയിൽനിന്ന് അപ്രത്യക്ഷമായി. മെസിയും സംഘവും നിറഞ്ഞ പുഞ്ചിരിയുമായാണ് ഗ്രൗണ്ടിലുള്ളത്. ലൂസൈൽ സ്റ്റേഡിയത്തിൽ ഏറെനേരം മെസിയും സംഘവും പരിശീലനം നടത്തി. സഹതാരങ്ങളുടെ ചുമലിൽ ഏറിയും കെട്ടിപ്പിടിച്ചുമാണ് മെസി ഗ്രൗണ്ടിൽ സജീവമായത്. പോളണ്ടുമായി അടുത്ത ദിവസം നടക്കാനിരിക്കുന്ന മത്സരത്തിൽ തീർച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ടീം പ്രകടിപ്പിക്കുന്നത്.






