റിയോഡിജനീറോ - ബ്രസീലിന്റെ വലതു വിംഗിലെ എഞ്ചിൻ ഡാനി ആൽവേസ് ഈ ലോകകപ്പിന് ഉണ്ടാവില്ല. കഴിഞ്ഞയാഴ്ച ഫ്രഞ്ച് കപ്പ് ഫൈനലിൽ പാരിസ് സെയ്ന്റ് ജർമാന് കളിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റ മുപ്പത്തഞ്ചുകാരൻ ലോകകപ്പിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കില്ല. കായികക്ഷമത നേടുമെന്ന പ്രതീക്ഷ അസ്തമിച്ചെന്നും ലോകകപ്പ് ടീമിൽ ആൽവേസിനെ ഉൾപെടുത്തുക അസാധ്യമാണെന്നും ബ്രസീൽ ഫെഡറേഷൻ അറിയിച്ചു.
ആൽവേസിന് ലോകകപ്പ് കളിക്കാനാവില്ലെന്നത് കനത്ത ദുഃഖമാണെന്ന് പെലെ പ്രതികരിച്ചു. ലോകകപ്പിന് മുമ്പ് നെയ്മാർ കായികക്ഷമത നേടുന്നത് കാത്തിരിക്കുന്ന ബ്രസീലിന് ആൽവേസിന്റെ നഷ്ടം അപ്രതീക്ഷിതമാണ്. 2006 ൽ ബ്രസീലിനു വേണ്ടി 107 തവണ കളിച്ചിട്ടുണ്ട് ആൽവേസ്.
ബാഴ്‌സലോണ വിട്ടെങ്കിലും യുവന്റസിലും പി.എസ്.ജിയിലും ഉജ്വല ഫോം തുടർന്ന ആൽവേസിന് ലോകകപ്പിൽ ബ്രസീലിന്റെ പ്ലേയിംഗ് ഇലവനിൽ സ്ഥാനമുറപ്പായിരുന്നു. ബ്രസീൽ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും.