കുവൈത്ത് സിറ്റി - കുവൈത്തില്‍ ആദ്യ കോളറ കേസ് റിപ്പോര്‍ട്ട് ചെയ്തതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അയല്‍ രാജ്യത്തു നിന്ന് തിരിച്ചെത്തിയ സ്വദേശി പൗരനാണ് കോളറ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട കുവൈത്തി പൗരന് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രിയില്‍ വെച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കി. രോഗം പൂര്‍ണമായും ഭേദമാകുന്നതു വരെ ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിയിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ അംഗീകൃത പ്രോട്ടോകോളുകള്‍ക്കനുസൃതമായി കൈകാര്യം ചെയ്യുകയും രോഗമുക്തരാണെന്ന് ഉറപ്പുവരുത്താന്‍ ഇവരെ നിരീക്ഷിക്കുകയും ചെയ്യുന്നു.
കുവൈത്തില്‍ കോളറ വ്യാപനത്തിന് സാധ്യതയില്ല. കോളറ പടര്‍ന്നുപിടിച്ച രാജ്യങ്ങളിലേക്ക് യാത്ര പോകുന്ന സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കുകയും സുരക്ഷിതമല്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള വെള്ളവും ഭക്ഷണവും ഒഴിവാക്കുകയും വേണം. കോളറ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലെത്തി ഏഴു ദിവസത്തിനുള്ളില്‍ പനിയും അതിസാരവും പോലുള്ള കോളറ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പക്ഷം തൊട്ടടുത്ത ഹെല്‍ത്ത് സെന്ററിനെ സമീപിച്ച് ചികിത്സ തേടണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പറഞ്ഞു.