ഗുഡ്‌ബൈ, ഖത്തര്‍ 

ദോഹ - പകരക്കാരനായിറങ്ങി നാലു മിനിറ്റിനകം ഗോളടിച്ച് മുഹമ്മദ് മുന്‍താരി ഖത്തറിന്റെ ആവേശമായെങ്കിലും ലോകകപ്പില്‍ അവരുടെ പ്രതീക്ഷ അസ്തമിക്കുന്നു. സെനഗാലിനോട് അവര്‍ 1-3 ന് തോറ്റു. ആദ്യ പകുതിയില്‍ പെനാല്‍ട്ടി നിഷേധിക്കപ്പെട്ട ഖത്തറിന് മുന്നില്‍ രണ്ടാം പകുതിയില്‍ സെനഗാല്‍ ഗോളി എഡ്വേഡ് മെന്‍ഡി വന്‍മതിലായി നിന്നു. നെതര്‍ലാന്റ്‌സ്-ഇക്വഡോര്‍ മത്സരം സമനിലയിലല്ല അവസാനിക്കുന്നതെങ്കില്‍, ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താവുന്ന രണ്ടാമത്തെ ആതിഥേയരാവും ഖത്തര്‍. 
41ാം മിനിറ്റില്‍ ബുലായെ ദിയയും 48ാം മിനിറ്റില്‍ ഫമാര ജിജുവും 84ാം മിനിറ്റില്‍ ബെംബ ദിയേംഗും സെനഗാലിന്റെ ഗോളടിച്ചു. മുന്‍താരിയുടെ ഗോള്‍ ഏതാനും മിനിറ്റുകള്‍ സെനഗാലിന്റെ ലീഡ്  1-2 ആയി കുറച്ചിരുന്നു. ആദ്യ പകുതിയില്‍ ഖത്തറിന് കിട്ടേണ്ട ഒരു പെനാല്‍ട്ടി റഫറി അനുവദിച്ചില്ല. 
രണ്ടു ടീമുകളും ആദ്യ മത്സരം തോറ്റിരുന്നു. ലോകകപ്പില്‍ ഇതിനു മുമ്പ് ഒരു ആതിഥേയ ടീമേ നോക്കൗട്ടിലെത്താതെ പുറത്തായിട്ടുള്ളൂ -2010 ല്‍ ദക്ഷിണാഫ്രിക്ക. ലോകകപ്പിലെ ഉദ്ഘാടന മത്സരം തോല്‍ക്കുന്ന ആദ്യ ആതിഥേയരെന്ന നാണക്കേട് ഖത്തര്‍ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നു കളിയും തോല്‍ക്കുന്ന ആതിഥേയരാവാന്‍ സാധ്യതയേറെയാണ്. കരുത്തരായ നെതര്‍ലാന്റ്‌സിനെയാണ് നേരിടേണ്ടത്. 
ഖത്തറിന് തോല്‍പിക്കാവുന്ന ടീമായിരുന്നു ഇക്വഡോര്‍. പക്ഷെ ലോകകപ്പ് അരങ്ങേറ്റത്തിന്റെ വിറയല്‍ ഖത്തര്‍ കളിക്കാരില്‍ പ്രകടമായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്ക് രണ്ടാമത്തെ കളിയിലും ആ വിറയല്‍ മാറിയില്ല. പ്രതിരോധത്തിലെ കനത്ത അബദ്ധമാണ് ആദ്യ ഗോളിന് കാരണം. സെറ്റ്പീസ് തടയുന്നതില്‍ വന്ന ഡിഫന്‍സിന്റെ മറ്റൊരു പിഴവ് രണ്ടാം ഗോളിന് കാരണമായി. 
ഖത്തര്‍ ഒഴികെ ലോകകപ്പില്‍ കളിച്ച അറബ് രാജ്യങ്ങളൊക്കെ തലയുയര്‍ത്തിയാണ് മടങ്ങിയത്. അര്‍ജന്റീനയെ അട്ടിമറിച്ചു സൗദി അറേബ്യ. മൊറോക്കോയും തുനീഷ്യയും സമനില നേടി. പേഴ്‌സ്യന്‍ ടീമായ ഇറാന്‍ കരുത്തരായ വെയ്ല്‍സിനെ കീഴടക്കി
 

Latest News