ദോഹ - ഖത്തര്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് മുപ്പത്തിമൂന്നാമത്തെ മത്സരത്തില്‍. ഇറാനെതിരായ കളിയുടെ എണ്‍പത്തേഴാം മിനിറ്റിലാണ് ഗോളി വെയ്ന്‍ ഹെന്നസി ചുവപ്പ് കാര്‍ഡ് കണ്ടത്. രണ്ടു തവണ രണ്ടാം പകുതിയില്‍ ഇറാന്റെ ഷോട്ടുകള്‍ പോസ്റ്റിന് തട്ടി മടങ്ങി. ഗോളിലേക്ക് മുന്നേറുകയായിരുന്ന ഇറാന് താരം മെഹ്ദി തെരീമിക്കു നേരെ ബോക്സ് വിട്ടിറങ്ങി അപകടകരമായി കാലുയര്‍ത്തിയതിനാണ് റഫറി ആദ്യം മഞ്ഞക്കാര്‍ഡ് കാണിച്ചത്. പിന്നീട് വീഡിയൊ റഫറിമാരുടെ നിര്‍ദേശപ്രകാരം ദൃശ്യം പരിശോധിച്ച് ഡയരക്ട് ചുവപ്പ് കാര്‍ഡാക്കി മാറ്റി. ഒരു കളിക്കാരനെ പന്‍വലിച്ച് വെയ്ല്‍സ് റിസര്‍വ് ഗോളിയെ കളത്തിലിറക്കി. മത്സരം ഗോള്‍രഹിത സമനിലയില്‍ പുരോഗമിക്കുമ്പോഴാണ് സംഭവം.






