Sorry, you need to enable JavaScript to visit this website.

76 പന്തില്‍ ലേതം സെഞ്ചുറി, ആദ്യ ഏകദിനം കിവീസിന്

ഓക്‌ലന്റ് - ടോം ലേതമിന്റെ അവിസ്മരണീയ സെഞ്ചുറിയും (104 പന്തില്‍ 145 നോട്ടൗട്ട്) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനുമായുള്ള (98 പന്തില്‍ 94 നോട്ടൗട്ട്) കൂട്ടുകെട്ടും ഇന്ത്യക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ന്യൂസിലാന്റിന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നല്‍കി. 20 പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ഏഴിന് 306 റണ്‍സ് കിവീസ് മറികടന്നത്. ഇരുവരും ഇരുപത്തേഴോവറില്‍ 221 റണ്‍സാണ് അടിച്ചെടുത്തത്. ലേതം അഞ്ച് സിക്‌സറും 19 ബൗണ്ടറിയും പറത്തി. ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ നാല്‍പതാം ഓവറില്‍ തുടര്‍ച്ചയായ അഞ്ച് പന്തുകളില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. ആ ഓവറില്‍ 25 റണ്‍സ് പിറന്നു. പതിനഞ്ചോവറില്‍ രണ്ടിന് 68 ല്‍ പരുങ്ങുകയായിരുന്നു ആതിഥേയര്‍. ഇരുപതാം ഓവറില്‍ ഡാരില്‍ മിച്ചല്‍ പുറത്തായപ്പോഴാണ് ലേതം ക്രീസിലെത്തിയത്. 76 പന്തിലായിരുന്നു സെഞ്ചുറി. ഉംറാന്‍ മാലിക് രണ്ടു വിക്കറ്റെടുത്തു. 
നേരത്തെ സൂര്യകുമാര്‍ യാദവ് ഒഴികെ ബാറ്റെടുത്തവരെല്ലാം അടിച്ചു തകര്‍ത്തതോടെയാണ് ഇന്ത്യ ഏഴിന് 306 എന്ന മികച്ച സ്‌കോറിലെത്തിയത്.
ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (77 പന്തില്‍ 72) സഹ ഓപണര്‍ ശുഭ്മാന്‍ ഗില്ലും (65 പന്തില്‍ 50) ആദ്യ വിക്കറ്റില്‍ ഇരുപത്തിമൂന്നോവറില്‍ 124 റണ്‍സ് ചേര്‍ത്ത് ടീമിന് ഉറച്ച അടിത്തറയിട്ടു. ശുഭ്മാന്‍ പുറത്തായ ശേഷം വന്ന ശ്രേയസ് അയ്യര്‍ (76 പ്ന്തില്‍ 80) അടിച്ചു തകര്‍ത്തു. നാല് കിസ്‌കറുണ്ട് ശ്രേയസിന്റെ ഇന്നിംഗ്‌സില്‍. രണ്ടിന് 156 ലെത്തിയ ശേഷം റിഷഭ് പന്തിനെയും (23 പന്തില്‍ 15) സൂര്യകുമാറിനെയും (ഒരു ബൗണ്ടറിയോടെ 4) ഇന്ത്യക്ക് നഷ്ടപ്പെട്ടു. സഞ്ജു സാംസണും (38 പന്തില്‍ 36) അവസാന ഓവറില്‍ ആഞ്ഞടിച്ച (16 പന്തില്‍ മൂന്ന് സിക്‌സറോടെ 37 നോട്ടൗട്ട്) വാഷിംഗ്ടണ്‍ സുന്ദറും സ്‌കോര്‍ 300 കടത്തി. ലോക്കി ഫെര്‍ഗസനും (10-0-59-3) ടിം സൗതീയും (10-0-73-3) ആറു വിക്കറ്റ് പങ്കുവെച്ചു. 

Latest News