ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്-യു.എസ്.എ
വെള്ളി രാത്രി 10.00
ദോഹ - ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ ഓര്‍മകള്‍ തുടിച്ചുനില്‍ക്കും ഇന്നത്തെ ഇംഗ്ലണ്ട്-അമേരിക്ക മത്സരത്തില്‍. 1950 ല്‍ അമേരിക്കയുടെ അമച്വര്‍ താരങ്ങള്‍ ഫുട്‌ബോളിന്റെ കളി മണ്ണായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചിരുന്നു. പിന്നീട് ഒരിക്കല്‍കൂടി കളിച്ചെങ്കിലും അമേരിക്കയെ തോല്‍പിക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചില്ല. 2010 ലെ ലോകകപ്പില്‍ വീണ്ടും ഈ ടീമുകള്‍ മുഖാമുഖം വന്നെങ്കിലും അത്തവണയും ഇംഗ്ലണ്ടിന് ജയിക്കാനായില്ല. സ്റ്റീവന്‍ ജെറാഡിലൂടെ നാലാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് മുന്നിലെത്തിയിരുന്നു. പക്ഷെ ആദ്യ പകുതി അവസാനിക്കും മുമ്പെ ക്ലിന്റെ ഡെംസി തിരിച്ചടിച്ചു.
ഇറാനെതിരെ ആറു ഗോളടിച്ചാണ് ഇത്തവണ ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ട് വഴങ്ങിയ രണ്ടു ഗോളാണ് കോച്ച് ഗാരെത് സൗത്‌ഗെയ്റ്റിനെ അലട്ടുന്നത്. ഇറാനെതിരായ കളി അവസാനഘട്ടത്തോടടുത്തപ്പോഴേക്കും ഇംഗ്ലണ്ട് ആലസ്യത്തിലായെന്ന് കോച്ച് കരുതുന്നു. ആദ്യ മത്സരത്തില്‍ വെയ്ല്‍സുമായി സമനില വഴങ്ങിയ അമേരിക്ക വിജയത്തിനായി ആഞ്ഞടിക്കുമെന്ന് സൗത്‌ഗെയ്റ്റിനറിയാം.
അമേരിക്കയുടെ ആക്രമണം നയിക്കുന്ന ക്രിസ്റ്റ്യന്‍ പുലിസിക് ഇംഗ്ലണ്ടിലാണ് ക്ലബ് ഫുട്‌ബോള്‍ കളിക്കുന്നത്. ഇരു കാലു കൊണ്ടും ഷോട്ടുകള്‍ പായിക്കുന്ന പുലിസിക്കിന്റെ ഫിനിഷിംഗ് പാടവം ഇംഗ്ലണ്ട് ഡിഫന്റര്‍മാര്‍ക്കറിയാം. പുലിസിക്കിനെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഗോള്‍കീപ്പര്‍ ജോര്‍ദന്‍ പിക്ഫഡ് പറയുന്നു.
ജയിച്ചാല്‍ ഇംഗ്ലണ്ടിന് ഒരു കളി ശേഷിക്കെ പ്രി ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. എന്നാല്‍ ലോകകപ്പില്‍ എന്തും സാധ്യമാണെന്ന് അര്‍ജന്റീനക്കെതിരെ സൗദി തെളിയിച്ചതായി പിക്ഫഡ് ഓര്‍മിപ്പിച്ചു.






