ഖത്തര്‍ -നാണക്കേടോ ഉയിര്‍ത്തെഴുന്നേല്‍പോ?

ഗ്രൂപ്പ് എ
ഖത്തര്‍-സെനഗാല്‍
വെള്ളി വൈകു: 4.00

ദോഹ - ലോകകപ്പിലെ ഉദ്ഘാടന മത്സരം തോല്‍ക്കുന്ന ആദ്യ ആതിഥേയരെന്ന നാണക്കേട് ഖത്തര്‍ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താവുന്ന രണ്ടാമത്തെ ആതിഥേയരെന്ന പദവിക്ക് തൊട്ടരികിലാണ്. അതും പോരാഞ്ഞ് മൂന്നു കളിയും തോല്‍ക്കുകയും ഒരു ഗോള്‍ പോലുമടിക്കുകയും ചെയ്യാത്ത ആതിഥേയരാവുമോ? സെനഗാലിനെ വെള്ളിയാഴ്ച നേരിടാനൊരുങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കൊക്കെ ഖത്തര്‍ ഉത്തരം പറയണം. 
ഖത്തറിന് തോല്‍പിക്കാവുന്ന ടീമായിരുന്നു ഇക്വഡോര്‍. പക്ഷെ ലോകകപ്പ് അരങ്ങേറ്റത്തിന്റെ വിറയല്‍ ഖത്തര്‍ കളിക്കാരില്‍ പ്രകടമായിരുന്നു. ഏഷ്യന്‍ കിരീടം നേടിയ ടീമിനെയല്ല ഉദ്ഘാടന മത്സരത്തില്‍ കണ്ടത്. വിറയല്‍ മാറുകയും യാഥാര്‍ഥ്യത്തിലേക്ക് ഉണരുകയും ചെയ്തില്ലെങ്കില്‍ ലോകകപ്പ് ഭീകരസ്വപ്‌നമായി മാറും. ചാടിവീഴാന്‍ വിമര്‍ശകര്‍ കാത്തിരിക്കുന്നുമുണ്ട്. 
ഉദ്ഘാടന മത്സരത്തില്‍ കണ്ടത് ചുമതലാബോധത്തിന്റെ ചാഞ്ചല്യം മാറിയതോടെ പിരിമുറുക്കമില്ലാതെ കളിക്കാര്‍ക്ക് സാധിക്കുമെന്നാണ് കോച്ച് ഫെലിക്‌സ് സാഞ്ചസ് വിശ്വസിക്കുന്നത്. പക്ഷെ സെനഗാല്‍ ചില്ലറക്കാരല്ല. ലോകോത്തര ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളുടെ വലിയ നിരയുണ്ട് അവര്‍ക്ക്. ആദ്യ മത്സരത്തില്‍ നെതര്‍ലാന്റ്‌സിനോട് ഇഞ്ചോടിഞ്ച് പിടിച്ചു നില്‍ക്കാനുമായി. രണ്ടാം പകുതിയില്‍ മിഡ്ഫീല്‍ഡര്‍ ഷെയ്ഖു കുയാടെക്കും ഡിഫന്റര്‍ അബ്ദു ദിയാലോക്കും പരിക്കേറ്റതാണ് അവരുടെ താളം തെറ്റിച്ചത്. ഖത്തറിന്റെ ഒരു കളിക്കാരനും വിദേശ ലീഗില്‍ കളിച്ച പരിചയമില്ല. ഖത്തര്‍ ഒഴികെ ലോകകപ്പില്‍ കളിച്ച അറബ് രാജ്യങ്ങളൊക്കെ തലയുയര്‍ത്തിയാണ് മടങ്ങിയത്. അര്‍ജന്റീനയെ അട്ടിമറിച്ചു സൗദി അറേബ്യ. മൊറോക്കോയും തുനീഷ്യയും സമനില നേടി. 
ഇസ്മായില സാര്‍, ബുലായെ ദിയ, ക്രെപിന്‍ ദിയാറ്റ എന്നിവരടങ്ങുന്ന ഫോര്‍വേഡ് നിരയിലാണ് കോച്ച് ആലിയു സിസെയുടെ പ്രതീക്ഷ. പക്ഷെ സാദിയൊ മാനെ പരിക്കേറ്റ് പുറത്തായതിന്റെ ക്ഷീണം ആദ്യ കളിയില്‍ അവരെ ബാധിച്ചു. ഖത്തറിനെതിരെ അവര്‍ ഒരുങ്ങിത്തന്നെയാണ് ഇറങ്ങുക. 

Latest News