എംബോലൊ -കാമറൂണിന്റെ നഷ്ടം

ദോഹ - ആഫ്രിക്കന്‍ ശൗര്യത്തിന്റെ സിംഹഗര്‍ജനമായി ലോകകപ്പിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കാമറൂണ്‍ ഒരു ലോകകപ്പില്‍ കൂടി പൊയ്് വെടിയായി ഒടുങ്ങുന്നു. സ്വന്തം നാട്ടില്‍ ജനിച്ച ബ്രീല്‍ എംബോലോയുടെ ഗോളില്‍ അവര്‍ സ്വിറ്റ്‌സര്‍ലന്റിനോട് മറുപടിയില്ലാത്ത 0-1 ന് തോറ്റു. ലോകകപ്പില്‍ കാമറൂണിന്റെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണ് ഇത്. 2002 നു ശേഷം അവര്‍ ജയിച്ചിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചതു പോലെ ജന്മനാട്ടിനെതിരായ ഗോള്‍ എംബോലൊ ആഘോഷിച്ചില്ല. 
കാമറൂണിലെ യാവുണ്ടെയില്‍ ജനിച്ച സ്വിസ് സ്‌ട്രൈക്കര്‍ 48ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോളടിച്ചത്. ഷെര്‍ദാന്‍ ശഖീരിയുടെ നിലംപറ്റെയുള്ള പാസ് സ്വീകരിക്കുമ്പോള്‍ എംബോലോയെ തടുക്കാന്‍ ബോക്‌സില്‍ ആരുമുണ്ടായിരുന്നില്ല. സ്വിസ് കളിക്കാര്‍ ഗോളാഘോഷിക്കുമ്പോള്‍ എംബോലൊ നിസ്സഹായത പ്രകടിപ്പിച്ച് കൈകള്‍ നീട്ടി നിന്നു. ആദ്യം ഗോള്‍വലക്കു പിന്നിലുള്ള സ്വിസ് ആരാധകരെയും പിന്നീട് അല്‍ജനൂബ് സ്റ്റേഡിയത്തിന്റെ മറുതലക്കലുള്ള കാമറൂണ്‍കാരെയും ഇരുപത്തഞ്ചുകാരന്‍ അഭിവാദ്യം ചെയ്തു. എംബോലോയുടെ പിതാവ് ഇപ്പോഴും കാമറൂണിലാണ് താമസിക്കുന്നത്. അഞ്ച് വയസ്സുള്ളപ്പോഴാണ് എംബൊലൊ കാമറൂണ്‍ വിട്ടത്. ഫ്രാന്‍സില്‍ കുറച്ചുകാലം കഴിഞ്ഞ ശേഷമാണ് സ്വിറ്റ്‌സര്‍ലന്റിലേക്ക് ചേക്കേറിയത്. സ്വിറ്റ്‌സര്‍ലന്റിനു വേണ്ടി രണ്ടാമത്തെ ലോകകപ്പിലാണ് എംബോലൊ കളിക്കുന്നത്. ആദ്യ ഗോളാണ് ഇത്. 
ആഫ്രിക്കന്‍ കളിക്കാരന്‍ ആദ്യ ഗോളടിച്ചെങ്കിലും കളത്തിലിറങ്ങിയ ആദ്യ നാല് ആഫ്രിക്കന്‍ ടീമുകള്‍ക്കും ഗോളടിക്കാനായിട്ടില്ല. നാല് ടീമുകളും ഉയര്‍ന്ന റാങ്കുള്ള ടീമുകളോടാണ് കളിച്ചത്. ക്രൊയേഷ്യയെ മൊറോക്കോയും ഡെന്മാര്‍ക്കിനെ തുനീഷ്യയും ഗോളടിക്കാനനുവദിക്കാതെ പിടിച്ചുകെട്ടി. 
കാമറൂണ്‍ പ്രതിരോധനിരക്കിടയിലൂടെ അനായാസം ഇടതു വിംഗില്‍ നിന്ന് വലതു വിംഗിലേക്ക് പന്ത് പാസ്് ചെയ്ത മുന്നേറ്റത്തിനൊടുവിലാണ് സ്വിറ്റ്‌സര്‍ലന്റിന്റെ ഗോള്‍. ആദ്യ പകുതി വിരസമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്റ് അല്‍പം ധൃതി കാട്ടി. ഉച്ച നേരത്തെ കളിയില്‍ താപനില 29 ഡിഗ്രി വരെ ഉയര്‍ന്നു. 
പത്താം മിനിറ്റില്‍ ആദ്യത്തെ തുറന്ന അവസരം കിട്ടിയത് കാമറൂണിനായിരുന്നു. സ്വിസ് സെന്‍ട്രല്‍ ഡിഫന്റര്‍മാരെ കടന്നെത്തിയ ലോംഗ് പാസ് പിടിച്ചെടുത്ത കാള്‍ ടോകൊ എകാംബി വെറും 10 മീറ്റര്‍ അകലെ നിന്ന് പറത്തിയ വെടിയുണ്ട അലക്ഷ്യമായി ഉയര്‍ന്നു പറന്നു. 
ഗോള്‍ വീണ ശേഷവും കാമറൂണിന്റെ ഭാഗത്ത് വലിയ ആവേശം കണ്ടില്ല. അറുപത്താറാം മിനിറ്റില്‍ ആന്ദ്രെ ഫ്രാങ്ക് സാംബൊ അന്‍ഗ്വീസയുടെ ഹെഡര്‍ ഇടിമുഴക്കം പോലെ തോന്നിച്ചെങ്കിലും നേരെ ഗോളിയുടെ കൈയിലേക്കായി. യാന്‍ സോമര്‍ പുഷ്പം പോലെ അത് കൈകാര്യം ചെയ്തു. മിന്നല്‍ പ്രത്യാക്രമണത്തില്‍ ആന്ദ്രെ വര്‍ഗാസിന്റെ വെള്ളിടി കാമറൂണ്‍ ഗോളി ആന്ദ്രെ ഒനാന തട്ടിത്തെറിപ്പിച്ചു. സ്ഥിരം ക്യാപ്റ്റന്‍ വിന്‍സന്റ് അബൂബക്കറിനെ റിസര്‍വ് ബെഞ്ചിലിരുത്തി ബയേണ്‍ മ്യൂണിക്കില്‍ ഉജ്വല ഫോമിലുള്ള എറിക് മാക്‌സിം ചൂപൊ മോടിംഗാണ് കാമറൂണിനെ നയിച്ചത്. അബൂബക്കര്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി വന്നു. ഫ്രാന്‍സ് അണ്ടര്‍-21 ടീമിനു കളിച്ച ബ്രയാന്‍ എംബ്യൂമൊ ടീമിലുണ്ടായിരുന്നു. ആദ്യ പകുതിയില്‍ എംബ്യൂമൊ സ്വിസ് ഡിഫന്റര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു 
അര്‍ജന്റീനക്കാരനായ റഫറി ഫകുണ്ടൊ ടെലൊ ഖത്തറിലേക്ക് വരുന്നതിന് മുമ്പ് നിയന്ത്രിച്ച അര്‍ജന്റീനാ ലീഗ് മത്സരത്തില്‍ 10 കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു. എക്‌സ്ട്രാ ടൈമിലെ കലഹത്തെത്തുടര്‍ന്ന് ഏഴ് ബൊക്ക ജൂനിയേഴ്‌സ് കളിക്കാരെയും മൂന്ന് റെയ്‌സിംഗ് ക്ലബ് താരങ്ങളെയും പുറത്താക്കി. എന്നാല്‍ ലോകകപ്പില്‍ ഫകുണ്ടൊ ശാന്തനായിരുന്നു. ആകെ പുറത്തെടുത്തത് മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ മാത്രം. ലോകകപ്പില്‍ 13 കളി കഴിഞ്ഞിട്ടും ചുവപ്പ് കാര്‍ഡ് ഉര്‍ന്നില്ല. സ്വിറ്റ്‌സര്‍ലന്റിന് ഇനി ബ്രസീലുമായാണ് കളിക്കേണ്ടത്. കാമറൂണ്‍ സെര്‍ബിയയുമായി ഏറ്റുമുട്ടും. തിങ്കളാഴ്ചയാണ് രണ്ടു കളിയും.
 

Latest News