ഉറുഗ്വായെ പിടിച്ചുകെട്ടി കൊറിയ

ദോഹ - ലോകകപ്പിലെ അവസാന മത്സരത്തില്‍ 2018 ല്‍ ജര്‍മനിയെ അട്ടിമറിച്ച തെക്കന്‍ കൊറിയ ഖത്തറിലെ ആദ്യ കളിയില്‍ മറ്റൊരു മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വായെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഇരു പകുതികളിലായി രണ്ടു തവണ ഉറുഗ്വായുടെ ഷോട്ടുകള്‍ കൊറിയന്‍ ഗോളിയെ കീഴടക്കിയ ശേഷം പോസ്റ്റിനു തട്ടിത്തെറിച്ചു. ആദ്യം ഡിയേഗൊ ഗോദീന്റെ ഹെഡറും അവസാന മിനിറ്റില്‍ ഫെഡറിക്കൊ വാല്‍വെര്‍ദെയുടെ ലോംഗ്‌റെയ്ഞ്ചറും. ഇഞ്ചുറി ടൈമിലേക്ക് കളി പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് കൊറിയന്‍ ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്നിന്‍രെ കിടിലന്‍ ഷോട്ട് അല്‍പം ലക്ഷ്യം തെറ്റി.അവസാന നിമിഷങ്ങളില്‍ ഇരു ടീമുകളും സര്‍വം മറന്ന് ആക്രമിച്ചതോടെ കളി ആവേശകരമായി.  
ഉറുഗ്വായ് അവസാന വേളയില്‍ വെറ്ററന്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയെയും കളത്തിലിറക്കിയെങ്കിലും ഗോള്‍ നേടാനായില്ല. ലൂയിസ് സോറസിനും കവാനിക്കും ഇത് നാലാമത്തെയും അവസാനത്തെയും ലോകകപ്പാണ്. ഈ മാസമാദ്യം മുഖത്ത് പരിക്കേറ്റ് ശസ്ത്രക്രിയ വേണ്ടി വന്ന കൊറിയന്‍ നായകന്‍ സോന്‍ മുഖാവരണമണിഞ്ഞാണ് കളിച്ചത്. 
മറ്റൊരു ലാറ്റിനമേരിക്കന്‍ ടീമായ അര്‍ജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചിരുന്നു.

Latest News