സംഗീതം പൊഴിച്ച് സ്‌പെയിന്‍, ടികി ടാകയുമായി യുവനിര

ദോഹ - കഴിഞ്ഞ ദശകത്തിന്റെ ആദ്യ പാതിയില്‍ ലോക ഫുട്‌ബോളിനെ കീഴടക്കിയ സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും ടികി ടാക ഖത്തറിന്റെയും മനം മയക്കുന്നു. ലാ റോഹയുടെ യുവനിര ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ ഏഴു ഗോളില്‍ മുക്കിയത് വണ്‍ ടച്ച് ഫുട്‌ബോളിന്റെ മാസ്മരികതയിലൂടെയാണ്. ബോള്‍ പോസഷന്റെയും ആക്രമണ ഫുട്‌ബോളിന്റെയും മാസ്റ്റര്‍ക്ലാസായിരുന്നു സ്‌പെയിന്‍ കാഴ്ചവെച്ചത്. ഷാവിയും ആന്ദ്രെസ് ഇനിയെസ്റ്റയും നയിച്ച 2010 ലെ ലോകകപ്പ് ചാമ്പ്യന്‍ ടീമിനു പോലും ഇതുപോലെ അനര്‍ഗളമായി ഗോള്‍ ഒഴുക്കാനായിട്ടില്ല. 
മത്സര ഫലത്തെക്കാളുപരി ടീം സൃഷ്ടിച്ച ഫുട്‌ബോള്‍ സംഗീതമാണ് ഗാലറിയെ ഉന്മാദത്തിലാക്കിയതെന്ന് മത്സര ശേഷം സ്‌പെയിനിന്റെ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ച കിംഗ് ഫെലിപ്പെ ആറാമന്‍ പറഞ്ഞു. ഇത്ര ചടുലമായി പാസ് ചെയ്ത് നീങ്ങാന്‍ വലിയ കായികശേഷിയും പന്തടക്കവും വേണമായിരുന്നു. അതിനു മുന്നില്‍ എതിരാളികള്‍ സ്തംഭിച്ചു പോയി. 
മധ്യനിരയിലെ എല്ലാ കളിക്കാരും പരമാവധി പന്ത് പാസ് ചെയ്യണമെന്നാണ് തീരുമാനിച്ചതെന്ന് കോച്ച് ലൂയിസ് എന്റിക്കെ പറഞ്ഞു. 1003 പാസാണ് സ്‌പെയിന്‍ പൂര്‍ത്തിയാക്കിയത്. 90 മിനിറ്റ് മത്സരത്തില്‍ ഇത് റെക്കോര്‍ഡാണ്. 75 ശതമാനമാണ് ബോള്‍ പൊസഷന്‍. 17 ഷോട്ടുകള്‍ അവര്‍ ഗോളിലേക്ക് പായിച്ചു. കോസ്റ്ററീക്കക്ക് ഒന്നു പോലും സാധിച്ചില്ല. 
പതിനെട്ടുകാരന്‍ ഗാവിയും പത്തൊമ്പതുകാരന്‍ പെഡ്രിയുമാണ് കളി നിയന്ത്രിച്ചത്. ഒപ്പം 2010 ലെ ടീമിലെ അവശേഷിച്ച ഏക മിഡ്ഫീല്‍ഡര്‍ സെര്‍ജിയൊ ബുസ്‌കെറ്റ്‌സുമുണ്ടായിരുന്നു. മുന്‍നിരയില്‍ ഇരുപത്തിരണ്ടുകാരന്‍ ഫെറാന്‍ ടോറസും ഡാനി ഓല്‍മോയും മാര്‍ക്കൊ അസന്‍സിയോയും നിരന്തരം ആക്രമിച്ചു. ഗാവിയായിരുന്നു കളിയിലെ താരം. പെലെക്കു ശേഷം (1958) ലോകകപ്പില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനായി ഗാവി. 
 

Latest News