Sorry, you need to enable JavaScript to visit this website.

മാജിദ്, ഉവൈരാന്‍, ഉവൈസ് -  ചരിത്രത്തിലേക്ക് പറന്ന ഫാല്‍ക്കണുകള്‍

ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇതിഹാസതുല്യമായ 
ഇന്ദ്രചാപങ്ങള്‍ വിടര്‍ത്തിയ സൗദിയുടെ ആഹ്ലാദാരവങ്ങള്‍ക്ക് മീതെ, അവിചാരിതമായിപ്പെയ്ത മഴ ജന്മപുണ്യങ്ങളുടെ ജുഗല്‍ബന്ദിയായി. ഈ മരുനഗരങ്ങളുടെ സിരകളില്‍ ഫുട്ബോളിന്റെ ഉന്മാദം ചുരത്തിയ മാജിദ് അബ്ദുല്ലയേയും സഈദ് ഉവൈരാനേയും നന്ദിപൂര്‍വം ഓര്‍ത്ത് പോയ സൗദി സുഹൃത്ത് യാസര്‍ അല്‍നഹ്ദിയുടെ വാട്സാപ്പ് ഗ്രൂപ്പ് സന്ദേശം: അലിഫ് മബ്റൂക്... 117 ഗെയിമുകളില്‍ നിന്ന് 72 ഗോളുകള്‍ - ഇതാണ് മാജിദിന്റെ റെക്കാര്‍ഡ്. സിംഗപ്പൂരിലെ ഏഷ്യന്‍ കപ്പില്‍ ചൈനയെ തകര്‍ത്ത സൗദിയുടെ നിര്‍ണായകമായ രണ്ടാം ഗോളിന്റെ ഉടമയും മാജിദ്. 1994, 1998 ലോകകപ്പുകളില്‍ യഥാക്രമം ബെല്‍ജിയത്തേയും ഫ്രാന്‍സിനേയും വെള്ളം കുടിപ്പിച്ച സൗദി താരമാണ് ഉവൈരാന്‍. ഉവൈരാന്റേയും അറേബ്യന്‍ ജുവല്‍ എന്ന് അറിയപ്പെട്ട മാജിദിന്റെയും മാന്ത്രികക്കാലുകള്‍, ഖത്തറില്‍ സൗദിയുടെ ചരിത്രഗോളുകള്‍ നേടിയ സാലിഹ് അല്‍ശഹരിയും സാലിം അല്‍ ദോസരിയും കടം കൊണ്ടതാണോ എന്നുതോന്നും സൗദിയിലെ പഴയ കളിപ്രേമികള്‍ക്ക്. മാജിദിന്റെ ഫുട്ബോളും മുഹമ്മദ് അബ്ദുവിന്റെ സംഗീതവും സൗദിയുടെ കളിയോര്‍മകളെ വിരുന്നൂട്ടി. മാജിദിന്റെ കളി പോലെ ഹരം നല്‍കുന്നതാണ് സൗദികള്‍ക്ക് മുഹമ്മദ് അബ്ദുവിന്റെ പാട്ടുകളും.
ഫുട്ബോള്‍ ലഹരിയായി പടരുകയും കാല്‍പന്ത് കളിയ്ക്കായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത സൗദിയിലെ കുട്ടികളും മുതിര്‍ന്നവരും ഒപ്പം സ്ത്രീകളും മലയാളികളുള്‍പ്പെട്ട വിദേശികളും ഇപ്പോഴും ആവേശത്തിമിര്‍പ്പില്‍ ആഹ്ലാദനൃത്തം ചവിട്ടുകയാണ്. അര്‍ജന്റിനയുടെ അടവുകളത്രയും അതിദൈന്യമായി പാളിപ്പോയത് സൗദിയുടെ കളിയ്ക്ക് മുമ്പില്‍ മാത്രമല്ല, കളിക്കാരുടെ കരള്‍ക്കരുത്തിന്റെ മുമ്പില്‍ കൂടിയാണ്. അന്നൊരിക്കല്‍ സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ പറഞ്ഞ വാക്കുകള്‍ ചൊവ്വാഴ്ച സൗദി കളിക്കാര്‍ മനസ്സില്‍ നിന്ന് പറിച്ചെറിഞ്ഞിട്ടുണ്ടാവില്ല. സൗദിയുടെ നിശ്ചയദാര്‍ഢ്യം തുവൈഖ് പര്‍വതം പോലെയാണ്. ഈ മലയൊന്നാകെ ഇടിഞ്ഞ് നിലം പൊത്തിയാലല്ലാതെ ആ കരളുറപ്പ് തകരില്ല... ഉവ്വ്, ആര്‍ജവത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ധീരമായ വിജയകഥയാണ് സൗദി ടീം എഴുതിച്ചേര്‍ത്തത്. കേളീചാരുതയുടെ പദ്മ പരാഗങ്ങളാണ് ഗോള്‍കീപ്പര്‍ ഉവൈസും കൂട്ടുകാരും വിരിയിച്ചത്. ഓരോ ഷോട്ടുകളും വലതൊടും മുമ്പ് മനോഹമായി ഉവൈസ് കൊക്കിലൊതുക്കി. ഗ്രീന്‍ ഫാല്‍ക്കണ്‍സ് എന്നറിയപ്പെടുന്ന സൗദി ടീമിന്റെ സ്വപ്നങ്ങളെ ഉത്തുംഗുതയിലേക്കുയര്‍ത്തുകയായിരുന്നു ഉവൈസ്. ഗോള്‍കീപ്പര്‍ എന്ന പദത്തിന്റെ അറബി പരിഭാഷ 'ഹാരിസ് അല്‍ മര്‍മ ' എന്നാണ്. ഹാരിസ് എന്നാല്‍ കാവല്‍ക്കാരന്‍. മര്‍മ എന്നാല്‍ വല. വല കാക്കുന്നവന്‍ എന്ന വാക്ക്, അക്ഷരാര്‍ഥത്തില്‍ ഉവൈസി ലോകകപ്പില്‍ തന്റെ ടീമിന്റെ ആദ്യകളിയില്‍ തന്നെ അന്വര്‍ഥമാക്കുന്നതാണ് കണ്ടത്.    
പലപ്പോഴും മഴവില്ലഴകായി ഉദിച്ചുയര്‍ന്ന ഷോട്ടുകള്‍, മഞ്ഞു പോലെ പെയ്തിറങ്ങിയ പാസുകള്‍, അറിയാക്കവിതയ്ക്ക് ശീര്‍ഷകമിട്ട പോലെ വായുവില്‍ നീന്തി വന്ന ചില അപകടകരമായ ഹെഡ്ഡറുകള്‍, ശരമാരിയായി തുളഞ്ഞു പാഞ്ഞ അടികള്‍...എല്ലാം ഉവൈസിയുടെ ഉള്ളംകൈകളില്‍ സുഭദ്രമായി, സുരക്ഷിതമായി.  
ഫിഫ റാങ്കിംഗില്‍ അമ്പത്തൊന്നാം സ്ഥാനത്തുള്ള സൗദി അറേബ്യ, മൂന്നാം സ്ഥാനത്തുള്ള അര്‍ജന്റിനയെ കശക്കിയെറിയുമ്പോള്‍ അത് കേവലമൊരു അട്ടിമറി മാത്രമല്ല, മുഴം മുമ്പേ എറിയുന്ന എല്ലാ മുന്‍വിധികളെയും അപ്പൂപ്പന്‍താടികളാക്കുക കൂടിയായിരുന്നു. മെസ്സി എന്ന ബിംബം ചിലരുടെയെങ്കിലും മനസ്സില്‍ ഉടഞ്ഞു ചിതറുകയായിരുന്നു.
തൊണ്ണൂറു മിനിറ്റിനൊടുവില്‍, ജനനിബിഡമായ ലുസൈലിലെ കളത്തിലും കളത്തിനു പുറത്തും നിറഞ്ഞുനിരന്ന  നീലവരകളില്‍ മിഴിനീര് വീണു. ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ സിംഫണിയില്‍ അര്‍ജന്റിന അപശ്രുതി മീട്ടിയ അഭിശപ്ത നിമിഷങ്ങള്‍. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നെത്തിയ മുഹമ്മദ് അല്‍ ഉവൈസ് എന്ന മുപ്പത്തൊന്നുകാരനായ കാവല്‍പ്പടയാളിയുടെ അപൂര്‍വ സേവിംഗുകളും രണ്ടാം പാതിയില്‍ മുറിവേറ്റ കടന്നല്‍ക്കൂട്ടമായി ഇരച്ചെത്തിയ സൗദി കളിക്കാരുടെ തന്ത്രങ്ങളും ഹെര്‍വ റെനോ എന്ന ഫ്രഞ്ചുകാരന്‍ പരിശീലകന്‍ പകര്‍ന്ന അടവുകളും അര്‍ജന്റിന എന്ന കാലാതീതമായ മിത്ത്  പൊളിച്ചു. വെള്ളവരയ്ക്കു പുറത്ത് അര്‍ജന്റിനയുടെ കോച്ച് ലയണല്‍ സ്‌കലോണി, തരിച്ചുനില്‍ക്കുകയായിരുന്നു, ഏറെ നേരം. എല്ലാം ഇല്ലാതായിപ്പോയവനെപ്പോലെ ശിരസ്സ് താഴ്ത്തി നില്‍ക്കുന്ന സ്‌കലോണിയെ എവിടെയാണ് തെറ്റിപ്പോയത് എന്ന ചോദ്യം  സദാ ഹോണ്ട് ചെയ്യുന്നുണ്ടാവണം. എങ്ങനെയാണ് തന്റെ പതിനൊന്ന് പടയാളികള്‍ ആയുധമത്രയും താഴെ വീണവരായി പുറംതിരിഞ്ഞുനടന്നത് എന്ന നിതാന്ത ശോകം അയാളെ നിശ്ചയമായും വേട്ടയാടുന്നുണ്ടാകും.
തുടക്കത്തില്‍ തന്നെ മെസ്സിയുടെ പെനാല്‍ട്ടിയില്‍ തളര്‍ന്നുപോയ സൗദി ടീം പക്ഷേ പയ്യെപ്പയ്യെ മനോവീര്യം വീണ്ടെടുക്കുന്നതാണ് കണ്ടത്. സൗദിയുടെ ഓഫ്സൈഡ് ട്രാപ്പില്‍ അര്‍ജന്റിന നിരന്തരം അങ്കലാപ്പിലാകുന്നതും കണ്ടു. മെസ്സിയും രണ്ടു തവണ മാര്‍ട്ടിനെസും പന്ത് എതിര്‍വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് വിസിലുയര്‍ന്നു. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീന വഴങ്ങിയതിനേക്കാള്‍ കൂടുതല്‍ ഓഫ്സൈഡ് ഈ മത്സരത്തില്‍ അവര്‍ വഴങ്ങി. വന്‍മല പോലെ പ്രതിരോധിച്ച സൗദിയ്ക്കാകട്ടെ, ആദ്യ പകുതിയില്‍ തന്നെ ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ഫറാജിനെ നഷ്ടപ്പെട്ടിരുന്നു. നിരവധി കളിക്കാര്‍ക്ക് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. രണ്ടാം പകുതിയില്‍ മുന്‍നിര പോലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങി. പലതവണ അവസാന തന്ത്രങ്ങളില്‍ അര്‍ജന്റീനക്ക് ഗോള്‍ നഷ്ടപ്പെട്ടു. പ്രതിരോധ നിര പരാജയപ്പെട്ട ചില ഘട്ടങ്ങളില്‍ ഗോളി മുഹമ്മദ് അല്‍ഉവൈസ് ബോക്സിനപ്പുറം കടന്ന് ടീമിന്റെ രക്ഷകനായി. ഒരു വേള, ഗോളിയേയും കടന്നുപോയ പന്ത് അപൂര്‍വസേവിംഗിലൂടെ ഡിഫന്റര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ധീരമായ ചുവടുവെപ്പുകളും കളിയടവുകളും ഒപ്പം ഭാഗ്യവും സൗദിയുടെ തുണയ്ക്കെത്തിയപ്പോള്‍ വിജയം അവരെ പുണര്‍ന്നു. ഒരു കളിയിലെ വിജയം അത്ര പ്രധാനമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ലോകകപ്പിന്റെ ഗ്രൂപ്പ് ഇനത്തിലെ പ്രഥമമല്‍സരത്തില്‍ ഫുട്ബോള്‍ രാജാക്കന്മാരെ വിറപ്പിച്ചു വിട്ട് ഏഷ്യന്‍ കായികക്കരുത്തിന്റേയും ഒപ്പം അറബ് ദേശീയതയുടേയും വിജയപതാകയാണ് സൗദി കളിക്കാരുയര്‍ത്തിയത്. ഇനിയുള്ള മല്‍സരങ്ങളില്‍ സൗദിയുടെ വിധിയെന്തായാലും ഈയൊരു ദിവസത്തെ വിജയിച്ച യുദ്ധം, മെസ്സിയെ കണ്ണീര് കുടിപ്പിച്ച പോരാട്ടം, അര്‍ജന്റിനയ്ക്ക് കനലോര്‍മ പകര്‍ന്ന പരാജയം, ലോക ഫുട്ബോള്‍ ചരിത്രത്തിന് അറബിക്കവിത പോലെ ചേതോഹരമായ കളി നല്‍കിയ സൗദിയുടെ അനര്‍ഘസംഭാവനയാണ്. ഈ വിജയത്തെ കണ്ണീര് പുരട്ടിയ അനുഭവം കൂടിയുണ്ടായി. ഡിഫന്‍ഡര്‍ യാസര്‍ അല്‍ ശഹ്റാനിക്ക് കളിക്കിടെ പറ്റിയ പരിക്ക്. ശസ്ത്രക്രിയ വിജയമാണെന്ന ശുഭവാര്‍ത്ത പുറത്ത് വന്നത് സൗദി ഫുട്‌ബോള്‍ ആരാധകരില്‍ ആശ്വാസം പകര്‍ന്നു. പച്ചപ്പരുന്തുകള്‍ ഇനിയും വിജയവിഹായസ്സില്‍ ഉയര്‍ന്നു പറക്കട്ടെ.   


 

Latest News