വേണ്ടായിരുന്നു എന്ന് തോന്നിയ ഗോൾ.. അത് ആന്ദ്രെ എസ്‌കോബാറിന്റെ ഗോൾ തന്നെ. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വില നൽകേണ്ടി വന്ന ഗോൾ. കൊളംബിയയുടെ നായകൻ ആന്ദ്രെ എസ്‌കോബാറിന് ആ ഗോളിനായി നൽകേണ്ടി വന്നത് സ്വന്തം ജീവിതം തന്നെയായിരന്നു. സ്വന്തം പോസ്റ്റിലേക്കല്ല എസ്‌കോബാർ ഗോളടിച്ചത്, സ്വന്തം നെഞ്ചിലേക്ക് തന്നെയായിരുന്നു. 1994 ലെ ലോകകപ്പിൽ അമേരിക്കക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ സെൽഫ് ഗോളടിച്ചതിനാണ് എസ്‌കോബാറിനെ കൊളംബിയയിലെ മയക്കുമരുന്ന് മാഫിയ വെടിവെച്ചു കൊന്നത്. കൊളംബിയ കിരീടം നേടുമെന്ന് കരുതിയ ആ ലോകകപ്പിൽ അവർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
അവിസ്മരണീയമായ സെൽഫ് ഗോളുകൾ ലോകകപ്പിൽ വേറെയുമുണ്ട്. 2014 ലെ ലോകകപ്പിൽ ബ്രസീൽ സെമിയിൽ ജർമനിയോട് 1 7 ന് തോറ്റതാണ് എല്ലാവരുടെയും മനസ്സിൽ. യഥാർഥത്തിൽ അവരുടെ തുടക്കം തന്നെ പിഴച്ചിരുന്നു. ക്രൊയേഷ്യക്കെതിരായ ഉദ്ഘാടന മത്സരത്തിൽ മാഴ്‌സെലൊ സ്വന്തം പോസ്റ്റിലേക്ക് നിറയൊഴിക്കുകയും ക്രൊയേഷ്യക്ക് ലീഡ് നൽകുകയും ചെയ്തപ്പോൾ. പതിനൊന്നാം മിനിറ്റിൽ ഇടതു വിംഗിൽ നിന്നുള്ള ഇവാൻ ഒലിചിന്റെ ക്രോസ് മാഴ്‌സെലൊ സ്വന്തം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ആ കളി 3 1 ന് ബ്രസീൽ ജയിച്ചത്. നെയ്മാർ ആദ്യ പകുതിയിൽ ഗോൾ മടക്കി. എന്നാൽ രണ്ടാം പകുതിയിൽ റഫറി ബ്രസീലിന് നൽകിയ പെനാൽട്ടി വലിയ പിഴവായിരുന്നു. നെയ്മാറിന്റെ പെനാൽട്ടിയിലൂടെ ബ്രസീൽ ലീഡ് നേടി. ഇഞ്ചുറി ടൈമിൽ ഓസ്‌കർ മൂന്നാം ഗോളടിച്ചു. ബ്രസീൽ അർഹിക്കാത്ത മാർജിനിലായി ആ വിജയം.
ഇറ്റലി ജേതാക്കളായ 2006 ലെ ലോകകപ്പിൽ അവർ വഴങ്ങിയത് രണ്ടേ രണ്ടു ഗോളായിരുന്നു. അതിലൊന്ന് സെൽഫ് ഗോളാണ്. അമേരിക്കക്കെതിരായ മത്സരത്തിൽ ഡിഫന്റർ ക്രിസ്റ്റിയൻ സകാർഡൊ സ്വന്തം പോസ്റ്റിലേക്ക് പന്ത് തിരിച്ചുവിടുന്നത് അൽപം കൗതുകമുള്ള കാഴ്ചയായിരുന്നു, ഇറ്റലിക്കാർക്കൊഴികെ. ഇറ്റലി ആ ലോകകപ്പിൽ വഴങ്ങിയ രണ്ടാമത്തെ ഗോൾ ഫൈനലിൽ ഫ്രാൻസിന്റെ സിനദിൻ സിദാന്റെ പെനാൽട്ടിയിലൂടെയായിരുന്നു. ഡിഫന്റർ ഫാബിയൊ കനവാരൊ ആ ലോകകപ്പുയർത്തിയത് തികച്ചും അർഹിച്ച നേട്ടം തന്നെ.
ലോകകപ്പിൽ ഇതുവരെ 41 സെൽഫ് ഗോളുകളുണ്ടായിട്ടുണ്ട്. ആദ്യത്തേത് 1930 ലെ പ്രഥമ ലോകകപ്പിൽ ചിലെക്കെതിരെ മെക്‌സിക്കോയുടെ മാന്വേൽ റോസ നേടിയതാണ്. അവസാനത്തേത് 2014 ലെ ലോകകപ്പ് പ്രി ക്വാർട്ടറിൽ ഫ്രാൻസിനെതിരെ നൈജീരിയയുടെ ജോസഫ് യോബോ സ്‌കോർ ചെയ്തതും.