റിയാദ്- ദോഹയില്‍ അര്‍ജന്റീനയുമാുള്ള മത്സരത്തിനിടെ പരിക്കേറ്റ സൗദി താരം യാസിര്‍ അല്‍ശഹ്‌റാനിക്ക് പാന്‍ക്രിയാറ്റിക് ഗ്രന്ഥിയില്‍ നടത്തിയ ശസ്ത്രക്രിയ വിജകരമായതായി നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി അധികൃതര്‍ അറിയിച്ചു.
യാസിര്‍ അല്‍ശഹ്‌റാനിയെ എയര്‍ ആംബുലന്‍സിലാണ് റിയാദിലെത്തിച്ചത്. രാവിലെ ദോഹ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ യാസിര്‍ അല്‍ശഹ്‌റാനിയെ റിയാദ് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മെഡിക്കല്‍ സംഘം തയാറാക്കിയ ചികിത്സാ പദ്ധതി അനുസരിച്ചാണ് അദ്ദേഹത്തിനു ശസ്ത്രക്രിയ നടത്തിയത്. കളിക്കിടെ സൗദിയുടെ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ഉവൈസുമായി കൂട്ടിയിടിച്ചാണ് യാസിര്‍ അല്‍ശഹ്‌റാനിക്ക് പരിക്കേറ്റത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് സൽമാന്റെ പ്രത്യേക നിർദേശപ്രകാരമാണ് അടിയന്തര ശസ്ത്രക്രിയക്കായി താരത്തെ റിയാദിലെ നാഷനൽ ഗാർഡ് ആശുപത്രിയിൽ എത്തിച്ചത്.
ചലനമറ്റ് യാസിർ നിലത്തു കിടക്കുമ്പോഴും റഫറി സ്ലാവ്‌കൊ വിൻസിച് കളി തുടരാൻ നിർദേശിച്ചത് വിവാദമായിരുന്നു. തിങ്കളാഴ്ച ഇറാൻ ഗോളി അലി രിസ ബെയ്‌രൻവന്തിനെ ഗുരുതരമായി പരിക്കേറ്റിട്ടും കളി തുടരാൻ അനുവദിച്ചതും ഏറെ വിമർശനം ക്ഷണിച്ചുവരുത്തി.






