ദോഹ - ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ വസന്തം. അര്‍ജന്റീനക്ക് അടിതെറ്റിയതിനു പിന്നാലെ ജര്‍മനിയും തോറ്റമ്പി. നാലു തവണ ചാമ്പ്യന്മാരായ ജര്‍മനിയെ ജപ്പാന് 2-1 ന് മുട്ടുകുത്തിച്ചു. കഴിഞ്ഞ ലോകകപ്പില്‍ തെക്കന്‍ കൊറിയയോട് തോറ്റ് ഗ്രൂപ്പ് ഘട്ടം കടക്കാതിരുന്ന ജര്‍മനി മറ്റൊരു കനത്ത തിരിച്ചടിയുടെ വക്കിലാണ്. ജര്‍മന്‍ ലീഗില്‍ കളിക്കുന്ന നിരവധി കളിക്കാര്‍ ജപ്പാന് ടീമിലുണ്ട്. ആദ്യ പകുതിയില്‍ ചിത്രത്തിലേ ഇല്ലായിരുന്ന ജപ്പാന് രണ്ടാം പകുതിയിലാണ് ക്തിക്കയറിയത്. ജര്‍മനിയുടെ കരുത്തിനെതിരെ തുല്യനാണയത്തില്‍ ജപ്പാന് തിരിച്ചടിക്കുകയായിരുന്നു. ഇരു ഗോളിമാരും അവിശ്വസനീയ സെയ്വുകള്‍ നടത്തിയ കളിയില്‍ വേഗവും കൃത്യതയും കൊണ്ട് ജപ്പാന് മികച്ചു നിന്നു.ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയാണ് ജര്‍മനി തോല്‍ക്കുന്നത്.ലോകകപ്പില്‍ ആദ്യം ഗോളടിച്ച ശേഷം ജര്‍മനി തോല്‍ക്കുന്നത് അപൂര്‍വമാണ്. അവസാനം തോറ്റത് 1994 ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്ഗേറിയയോടാണ്.
മുപ്പത്തിമൂന്നം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ഇല്‍കേ ഗുണ്ടോഗന് നല്കിയ ലീഡില്‍ ഇടവേളക്കു പോയ ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍ ജപ്പാന്റെ അതിശക്തമായ പ്രത്യാക്രമണമാണ് കണ്ടത്. എഴുപത്തഞ്ചാം മിനിറ്റില്‍ റിസ്തു ദോവാനും എണ്‍പത്തിമൂന്നാം മിനിറ്റില്‍ തകൂമൊ അസാനോയും ലക്ഷ്യം കണ്ടു.
പ്പാനെതിരായ മത്സരത്തില്‍ ജര്‍മന്‍ കളിക്കാര്‍ വായ മൂടി പ്രതിഷേധിച്ചു. ടീം ഫോട്ടോ എടുക്കുമ്പോഴായിരുന്നു ഇത്. ലൈംഗിക ന്യൂനപക്ഷത്തിനനുകൂലമായി ലവ് ആം ബാന്റ് ധരിക്കുന്നത് ഫിഫ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഫിഫയുടെ ഭീഷണിയെത്തുടര്‍ന്നാണ് ആം ബാന്റ് ധരിക്കുന്നതില്‍ നിന്ന് ഏഴ് യൂറോപ്യന്‍ ടീമുകള്‍ പിന്മാറിയത്. വായ മൂടിയത് രാഷ്ട്രീയ നിലപാടല്ലെന്നും മനുഷ്യാവകാശം വിവാദ വിഷയമല്ലെന്നും ജര്‍മന്‍ ഫെഡറേഷന് പറഞ്ഞു.
ഗാലറിയിലുണ്ടായിരുന്ന ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫേസര്‍ ലവ് ആംബാന്റ് ധരിച്ചു.






