ഓഫ്‌സൈഡ് കെണി ഒരുക്കി  സൗദി, മൂന്ന് ഗോള്‍ നിഷേധിച്ചു

ദോഹ - അഞ്ചാം ലോകകപ്പ് കളിക്കുന്ന ലിയണല്‍ മെസ്സി സ്‌കോറിംഗ് തുടങ്ങിയതോടെ സൗദി അറേബ്യക്കെതിരെ അര്‍ജന്റീന വന്‍ ജയത്തിലേക്ക്. തളികയിലെന്ന പോലെ സമ്മാനിച്ച അവസരം മുതലെടുത്ത് അര്‍ജന്റീന പത്താം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ഫൗള്‍ കിക്കെടുക്കുന്നതിനിടെ ബോക്‌സില്‍ സൗദി ഡിഫന്റര്‍ അര്‍ജന്റീനയുടെ ലൗതാരൊ മാര്‍ടിനെസിനെ വീഴ്ത്തിയതിനാണ് വീഡിയൊ റിവ്യൂയിലൂടെ റഫറി പെനാല്‍ട്ടി വിധിച്ചത്. മുഹമ്മദ് അല്‍ഉവൈസിനെ എതിര്‍ദിശയിലേക്ക് ആകര്‍ഷിച്ച്് അനായാസം മെസ്സി കിക്ക് ലക്ഷ്യത്തിലെത്തിച്ചു. മെസ്സിയുടെ തൊണ്ണൂറ്റിരണ്ടാം രാജ്യാന്തര ഗോളാണ് ഇത്. രണ്ടാം മിനിറ്റില്‍ തന്നെ മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് സൗദി ഗോളി തട്ടിത്തെറിപ്പിച്ചിരുന്നു.  നാലാമത്തെ ലോകകപ്പിലാണ് മെസ്സി ഗോളടിക്കുന്നത്. 2010 ല്‍ ഗോളടിക്കാന്‍ സാധിച്ചിരുന്നില്ല. 
അര്‍ജന്റീനാ പ്ലേയിംഗ് ഇലവനില്‍ 34 വയസ്സോ മുകളിലോ ഉള്ള നാലു പേരുണ്ട്. ലോകകപ്പില്‍ ഇതാദ്യമാണ്. 
അര്‍ജന്റീനയുടെ വേഗമുള്ള കളിക്കാരെ ഓഫ്‌സൈഡ് കെണിയില്‍ കുടുക്കാനുള്ള തന്ത്രമാണ് സൗദി കോച്ച് ഹെര്‍വ് റെനൊ പ്രയോഗിക്കുന്നത്. പ്രതിരോധ നിര ഏറെ കയറിയാണ് നില്‍ക്കുന്നത്. പലതവണ അര്‍ജന്റീനാ മുന്‍നിര ഓഫ്‌സൈഡായി. 23ാം മിനിറ്റില്‍ മെസ്സിയും ഇരുപത്തേഴാം മിനിറ്റിലും 34ാം മിനിറ്റിലും ലൗതാരൊ മാര്‍ടിനേസും പന്ത് വലയിലെത്തിച്ചപ്പോഴും ഓഫ്‌സൈഡ് കൊടിയുയര്‍ന്നു.  ഗോളിയെ കീഴടക്കിയപ്പോള്‍ റഫറി വിസില്‍ മുഴക്കിയെങ്കിലും വീഡിയൊ റിവ്യൂവില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. 
ഫിസിക്കല്‍ ഗെയിമിലൂടെ അര്‍ജന്റീനയെ വരുതിയില്‍ നിര്‍ത്താനും സൗദി ശ്രമിക്കുന്നുണ്ട്.
 

Latest News