മെസ്സി തുടങ്ങി, ആദ്യ  ഗോള്‍ വഴങ്ങി സൗദി

ദോഹ - അഞ്ചാം ലോകകപ്പ് കളിക്കുന്ന ലിയണല്‍ മെസ്സി സ്‌കോറിംഗ് തുടങ്ങി. സൗദി അറേബ്യ തളികയിലെന്ന പോലെ സമ്മാനിച്ച അവസരം മുതലെടുത്ത് അര്‍ജന്റീന പത്താം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ഫൗള്‍ കിക്കെടുക്കുന്നതിനിടെ ബോക്‌സില്‍ സൗദി ഡിഫന്റര്‍ അര്‍ജന്റീനയുടെ ലൗതാരൊ മാര്‍ടിനെസിനെ വീഴ്ത്തിയതിനാണ് വീഡിയൊ റിവ്യൂയിലൂടെ റഫറി പെനാല്‍ട്ടി വിധിച്ചത്. മുഹമ്മദ് അല്‍ഉവൈസിനെ എതിര്‍ദിശയിലേക്ക് ആകര്‍ഷിച്ച്് അനായാസം മെസ്സി കിക്ക് ലക്ഷ്യത്തിലെത്തിച്ചു. മെസ്സിയുടെ തൊണ്ണൂറ്റിരണ്ടാം രാജ്യാന്തര ഗോളാണ് ഇത്. രണ്ടാം മിനിറ്റില്‍ തന്നെ മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് സൗദി ഗോളി തട്ടിത്തെറിപ്പിച്ചിരുന്നു.  
അര്‍ജന്റീനാ പ്ലേയിംഗ് ഇലവനില്‍ 34 വയസ്സോ മുകളിലോ ഉള്ള നാലു പേരുണ്ട്. ലോകകപ്പില്‍ ഇതാദ്യമാണ്. 
അര്‍ജന്റീനയുടെ വേഗമുള്ള കളിക്കാരെ ഓഫ്‌സൈഡ് കെണിയില്‍ കുടുക്കാനുള്ള തന്ത്രമാണ് സൗദി കോച്ച് ഹെര്‍വ് റെനൊ പ്രയോഗിക്കുന്നത്. പ്രതിരോധ നിര ഏറെ കയറിയാണ് നില്‍ക്കുന്നത്. പലതവണ അര്‍ജന്റീനാ മുന്‍നിര ഓഫ്‌സൈഡായി. മെസ്സി രണ്ടാം തവണ പന്ത് വലയിലെത്തിച്ചപ്പോഴും ഓഫ്‌സൈഡ് കൊടിയുയര്‍ന്നു. ഫിസിക്കല്‍ ഗെയിമിലൂടെ അര്‍ജന്റീനയെ വരുതിയില്‍ നിര്‍ത്താനും സൗദി ശ്രമിക്കുന്നുണ്ട്. 
ലോകകപ്പിലെ ഗ്രൂപ്പ് സി-യിലെ ആദ്യ മത്സരത്തിനുള്ള അര്‍ജന്റീനാ ടീമില്‍ ലൗതാരൊ മാര്‍ടിനേസിനെ ഉള്‍പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൂലിയന്‍ അല്‍വാരേസിനു പകരമാണ് മാര്‍ടിനേസ് പ്ലേയിംഗ് ഇലവനിലെത്തിയത്. ഒപ്പം ലിയണല്‍ മെസ്സിയും എയിംഗല്‍ ഡി മരിയയും ആക്രമണം നയിക്കുന്നു. മധ്യനിരയില്‍ അലക്‌സിസ് മകാലിസ്റ്ററിനു പകരം അലജാന്ദ്രൊ ഗോമസ് ഇടം നേടി. നിക്കൊളാസ് ഓടാമെണ്ടി, നിക്കൊളാസ് ടാഗ്ലിയാഫിക്കൊ, ക്രിസ്റ്റ്യന്‍ റോമിറൊ എന്നിവരാണ് പ്രതിരോധ നിരയില്‍. ലിസാന്ദ്രൊ മാര്‍ടിനേസും മാര്‍ക്കോസ് അകൂനയും യുവാന്‍ ഫോയ്തും റിസര്‍വ് ബെഞ്ചിലാണ്. 
ഇരു ടീമുകളും 4-3-3 ശൈലിയിലാണ് കളിക്കുക. ചുമലിന് പരിക്കുണ്ടെങ്കിലും സല്‍മാന്‍ അല്‍ഫറജ് സൗദി ടീമിനെ നയിക്കുന്നു. വലക്കു മുന്നില്‍ മുഹമ്മദ് അല്‍ഉവൈസാണ്. സൗദ് അബ്ദുല്‍ഹമീദും ഹസന്‍ അല്‍തംബഖ്തിയും അലിഅല്‍ബുലൈഹിയും യാസിര്‍ അല്‍ശഹ്‌റാനിയുമാണ് പിന്‍നിരയില്‍. മുഹമ്മദ് കാനുവും അബ്ദുലെല അല്‍മാലികിയും മുഹമ്മദ് കാനുവും മധ്യനിരയില്‍ കളിക്കുന്നു. സല്‍മാനൊപ്പം സാലിം അല്‍ദോസരി, ഫിറാസ് അല്‍ബരികാന്‍, സാലിഹ് അല്‍ശഹരി എന്നിവര്‍ മുന്‍നിരയിലുണ്ട്.
 

Latest News