ഒരേ ടീമില്‍ അഞ്ച് ലോകകപ്പ്, റെക്കോര്‍ഡിടാന്‍ മെക്‌സിക്കന്‍ ജോഡി

ദോഹ - മെക്‌സിക്കോയുടെ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഗോദാര്‍ദോയും ഗോള്‍കീപ്പര്‍ ഗ്വിയര്‍മൊ ഒചോവയും അഞ്ചാം ലോകകപ്പിനായി ചൊവ്വാഴ്ച കളത്തിലിറങ്ങും. കഴിഞ്ഞ എട്ട് ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം പിന്നിട്ട മെക്‌സിക്കൊ ആദ്യ കളിയില്‍ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടിനെയാണ് നേരിടുക. ലെവന്‍ഡോവ്‌സ്‌കി ക്ലബ്ബ് ഫുട്‌ബോളില്‍ ഗോളടിച്ച് കൂട്ടുകയാണെങ്കിലും ലോകകപ്പില്‍ ഇതുവരെ ഗോളടിച്ചിട്ടില്ല. ഇത്തവണ യോഗ്യതാ റൗണ്ടില്‍ ഒമ്പത് ഗോളടിക്കുകയും നാല് ഗോളിന് അവസരമൊരുക്കുകയും ചെയ്തിരുന്നു. 
ഖത്തറില്‍ അഞ്ചാം ലോകകപ്പ് കളിക്കുന്ന നാല് താരങ്ങളില്‍ ഒചോവയും ഗോദാര്‍ദോയുമുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു രാജ്യത്തിന്റെ രണ്ട് കളിക്കാര്‍ ഒരേസമയം അഞ്ചാം ലോകകപ്പ് കളിക്കുക. ഇരുവരും ഒരുമിച്ചാണ് മെക്‌സിക്കൊ ടീമില്‍ അരങ്ങേറിയത് 2005 ഡിസംബര്‍ 14ന്. പിന്നീടുള്ള എല്ലാ ലോകകപ്പും കളിച്ചിട്ടുണ്ട്. ഒചോവ ലോകകപ്പില്‍ ആദ്യ മത്സരം കളിച്ചത് 2014 ലാണ്. രണ്ടു പേരും ഒരു മുറി പങ്കിടുന്നവരാണ്. ടീം ക്യാപ്റ്റന്മാരുമായിട്ടുണ്ട്.
ജര്‍മനിയുടെ ലോതര്‍ മത്തായൂസ്, ഇറ്റലി ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബുഫോണ്‍, മെക്‌സിക്കോയുടെ ആന്റോണിയൊ കര്‍വഹാല്‍, റഫായേല്‍ മാര്‍ക്വേസ് എന്നിവരേ ഇതിനു മുമ്പ് അഞ്ച് ലോകകപ്പ് കളിച്ചിട്ടുള്ളൂ. ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ ലിയണല്‍ മെസ്സി, പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ എന്നിവരും റെക്കോര്‍ഡിനൊപ്പമെത്തും.
 

Latest News