പരിക്കില്‍ മുടന്തി ചാമ്പ്യന്മാര്‍ തുടങ്ങുന്നു, 2002 ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമം

ഫ്രാന്‍സ്-ഓസ്‌ട്രേലിയ
ചൊവ്വ രാത്രി 10.00

ദോഹ-  നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പില്‍ ചൊവ്വാഴ്ച കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങുന്നു. 1998 ല്‍ ആദ്യ തവണ ചാമ്പ്യന്മാരായ ഫ്രാന്‍സ 2002 ല്‍ ആദ്യ കളി തോല്‍ക്കുകയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നാണം കെട്ടു മടങ്ങുകയും ചെയ്തിരുന്നു. സിനദിന്‍ സിദാന്റെ പരിക്കാണ അന്ന് ടീമിന്റെ മനോവീര്യം തകര്‍ത്തത്. അരങ്ങേറ്റക്കാരായ സെനഗാലിനോട് അവര്‍ ആദ്യ കളി തോറ്റു. ഇത്തവണ ഓസ്‌ട്രേലിയയെ നേരിടാനിരിക്കെ ഫ്രാന്‍സിനെ പരിക്ക് അലട്ടുകയാണ്. ബാലന്‍ഡോര്‍ ജേതാവ് കരീം ബെന്‍സീമയും പ്രസ്‌നല്‍ കിംപെംബെയും കഴിഞ്ഞ ദിവസമാണ് ടീം വിട്ടത്. എന്‍ഗോളൊ കാണ്ടെയും പോള്‍ പോഗ്ബയും പരിക്കേറ്റ് കിടക്കുകയാണ്. റഫായേല്‍ വരാന്‍ കളത്തിലിറങ്ങുമോയെന്ന് ഉറപ്പില്ല. 
എങ്കിലും ഫ്രാന്‍സിന്റെ ആക്രമണ വീര്യത്തിന് തെല്ലും കുറവുണ്ടാകില്ല. കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍, ഒലീവിയര്‍ ജിരൂ തുടങ്ങിയ താരങ്ങള്‍ ഏത് ടീമുകളുടെയും പ്രതിരോധം മുറിച്ചുകടക്കാന്‍ പാകത്തില്‍ ആക്രമണ ശേഷിയുള്ളവരാണ്. മൂവരും ചേര്‍ന്ന് ഫ്രാന്‍സിന് വേണ്ടി നേടിയത് 119 അന്താരാഷ്ട്ര ഗോളുകള്‍. വേഗം, കൗശലം, അനുഭവം, വൈദഗ്ധ്യം എന്നിവയാല്‍ സമൃദ്ധവുമാണ് ഈ സംഘം. അതേസമയം, മധ്യനിരയില്‍ ഫ്രാന്‍സിന് ഈ മിടുക്കില്ല. ആദ്യമത്സരത്തിന് ഇറങ്ങുമ്പോള്‍ ഫ്രാന്‍സിനെ വിഷമിപ്പിക്കുന്നതും ഇതാണ്. നാല് വര്‍ഷം മുമ്പ് ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് ജയിച്ചിരുന്നു. സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന പോഗ്ബയുടെ അസാന്നിധ്യം ഫ്രാന്‍സിന് കടുത്ത വെല്ലുവിളിയാണ്. 2018-ല്‍ ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ പോഗ്‌ബെ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഫ്രാന്‍സിന് വേണ്ടി പോഗ്ബ 91 തവണയാണ് മൈതാനത്തില്‍ ഇറങ്ങിയത്. 2018 ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ 4-2 ന് ജയിച്ചപ്പോള്‍ അതിമനോഹരമായ ഗോളുകളില്‍ ഒന്ന് പോഗ്ബയുടേതായിരുന്നു. എവിടെനിന്നും പന്ത് നേടാനും വളരെ വൃത്തിയോടെ തിരിച്ചുവിടാനുമുള്ള കഴിവുള്ള കാണ്ടെക്ക് തുടയ്‌ക്കേറ്റ പരിക്കാണ് കാന്റെക്ക് വിനയായത്. 
അഡ്രിയന്‍ റാബിയോയിലാണ് ഫ്രാന്‍സിന്റെ പതീക്ഷ. ഇറ്റാലിയന്‍ ക്ലബ് യുവന്റസില്‍ പോഗ്ബയുടെ സഹതാരമാണ്  27 കാരനായ റാബിയോ. ഫ്രാന്‍സിന്റെ പുതിയ മിഡ്ഫീല്‍ഡ് നിരയെ നയിക്കാന്‍ താരം ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷ. 
അല്‍ ജനൂബ് സ്‌റ്റേഡിയത്തിലെ മത്സരത്തില്‍ ഫ്രാന്‍സിന്റെ മധ്യനിരയില്‍ 22 കാരനായ ഔറേലിയന്‍ ചൂമേനിയും വലതുവശത്ത് എഡ്വേര്‍ഡോ കമവിംഗയും 23 കാരനായ മാറ്റെയോ ഗ്വെന്‍ഡൂസിയും ഉള്‍പ്പെടുന്ന മധ്യനിരയുടെ ഇടതുവശത്ത് റാബിയോ അണിനിരക്കും.
പരിചയ സമ്പന്നനായ ആരോണ്‍ മൂയിയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച മധ്യനിരയുണ്ട്. ബ്രൈറ്റണിനൊപ്പം പ്രീമിയര്‍ ലീഗില്‍ രണ്ട് സീസണുകളിലായി 53 മത്സരങ്ങള്‍ കളിച്ച പരിചയമുണ്ട്. 2014 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ മികച്ച കളിക്കാരനായിരുന്ന മാത്യു ലെക്കി, വിംഗില്‍ നിന്ന് ഭീഷണി ഉയര്‍ത്തുന്നു. 13 അന്താരാഷ്ട്ര ഗോളുകളുമായി ദേശീയ ടീമിന്റെ ടോപ് സ്‌കോറര്‍ കൂടിയാണ് 31 കാരനായ ലെക്കി.
നാല് വര്‍ഷം മുമ്പ് ഫ്രാന്‍സിനെതിരെയാണ് ലെക്കിയും മൂയിയും തുടങ്ങിയത്. എന്നാല്‍ വിംഗര്‍ മാര്‍ട്ടിന്‍ ബോയ്ല്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഞായറാഴ്ച പുറത്തായതോടെ ഈ മത്സരത്തിനുള്ള കോച്ച് ഓസ്‌ട്രേലിയ കോച്ച് ഗ്രഹാം അര്‍നോള്‍ഡിന്റെ പദ്ധതികള്‍ തകര്‍ന്നു. ഓസ്‌ട്രേലിയയ്ക്കായി 19 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ ബോയ്‌ലിന് മാന്യമായ സ്‌കോറിംഗ് റെക്കോര്‍ഡുണ്ട്.
 

Latest News