ദോഹ - ലോകകപ്പില്‍ രാഷ്ട്രീയം പതഞ്ഞുപൊങ്ങിയ ദിനമായിരുന്നു തിങ്കളാഴ്ച. വന്‍വീരവാദവുമായി ലോകകപ്പിനെത്തിയ യൂറോപ്യന്‍ ടീമുകള്‍ ഫിഫയുടെ ഭീഷണിക്കു മുന്നില്‍ വാലു മടക്കി. ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമായി മാരിവില്‍ വര്‍ണങ്ങളിലുള്ള, ഹൃദയരൂപത്തിലുള്ള ആംബാന്റണിഞ്ഞ് ലോകകപ്പില്‍ കളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഏഴ് യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്മാര്‍ പിന്മാറി. അനുവദനീയമല്ലാത്ത പ്ലേയിംഗ് കിറ്റ് ധരിച്ചാല്‍ നടപടി എടുക്കുമെന്ന ഫിഫയുടെ ശക്തമായ ഭീഷണിയാണ് പിന്മാറ്റത്തിന് കാരണം. ഫിഫ നടപടിയെടുത്താലും പിന്മാറില്ലെന്ന് ഇംഗ്ലണ്ട്, വെയ്ല്‍സ്, നെതര്‍ലാന്റ്‌സ്, ജര്‍മനി തുടങ്ങി ഏഴു ടീമുകളുടെ ക്യാപ്റ്റന്മാര്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. പ്ലേയിംഗ് കിറ്റില്‍ രാഷ്ട്രീയ സൂചനകളുണ്ടാവരുത് എന്നാണ് ഫിഫ ചട്ടം. നിബന്ധന ലംഘിച്ചാല്‍ ആ കളിക്കാരന് മഞ്ഞക്കാര്‍ഡ് ലഭിക്കും. കളിയില്‍ മറ്റൊരു മഞ്ഞക്കാര്‍ഡ് കൂടി ലഭിച്ചാല്‍ പുറത്താവും. കൂടുതല്‍ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വരും.
അതേസമയം ഇറാന്‍ കളിക്കാര്‍ നിശ്ശബ്ദമായി ലോകകപ്പിനെ രാഷ്ട്രീയവേദിയാക്കി. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇറാന്‍ ടീം ദേശീയ ഗാനമാലപിക്കാന്‍ തയാറായില്ല. ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ അവര്‍ വായടച്ചു നിന്നു. നാട്ടില്‍ നടക്കുന്ന വനിതാ സ്വാതന്ത്ര്യപ്പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഇത്. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ഇറാന്‍ താരം ഇഹ്‌സാന്‍ ഹജ്‌സാഫി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും നാട്ടില്‍ മാറ്റം ആവശ്യമാണെ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.






