സൗദി ഇറങ്ങും, ലുസൈല്‍ പച്ചപ്പുതപ്പിടും 

അര്‍ജന്റീന-സൗദി അറേബ്യ
ചൊവ്വ ഉച്ച 1.00

ദോഹ -  സ്വന്തം മണ്ണിലെന്ന പോലെ ഗാലറിയുടെ നിറഞ്ഞ പിന്തുണയുമായി സൗദി അറേബ്യയുടെ ഗ്രീന്‍ ഫാല്‍ക്കന്‍സ് ലോകകപ്പില്‍ പറക്കാനൊരുങ്ങുന്നു. ലിയണല്‍ മെസ്സിയുടെ അര്‍ജന്റീനയുടെ കനത്ത വെല്ലുവിളിയാണ് സൗദിയെ കാത്തിരിക്കുന്നത്. ഇതിനകം കളത്തിലിറങ്ങിയ ഏഷ്യന്‍ ടീമുകളായ ഖത്തറും ഇറാനും നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ മേഖലയുടെ പ്രതീക്ഷയാണ് സൗദി. കളി കാണാന്‍ സൗദിയില്‍ നിന്ന് ആരാധകരുടെ വന്‍ ഒഴുക്കാണ്. ലോകകപ്പ് ഫൈനലിന്റെ വേദിയായ ഐതിഹാസികമായ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് സി-യിലെ ആദ്യ മത്സരം. മെക്‌സിക്കോയും പോളണ്ടുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സൗദി ആറാം തവണയാണ് ലോകകപ്പ് കളിക്കുന്നത്. മെസ്സിക്ക് ഇത് അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പാണ്.
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍ അവസാന ലോകകപ്പിന് ബൂട്ട് കെട്ടുന്നു എന്നതും ഈ കളിയുടെ പ്രത്യേതകയാണ്. നേരിയ പരിക്കുള്ള മെസ്സി 90 മിനിറ്റും കളത്തിലുണ്ടാവുമോയെന്ന് സംശയമാണ്. കഴിഞ്ഞ ലോകകപ്പില്‍ രണ്ടു ടീമുകളും നിരാശയോടെയാണ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ സൗദി മറുപടിയില്ലാത്ത അഞ്ചു ഗോളിന് ആതിഥേയരായ റഷ്യയോട് തകര്‍ന്നു. അര്‍ജന്റീനയെ ഐസ്‌ലന്റ് 1-1 ന് തളച്ചു. 
അര്‍ജന്റീനയോട് വന്‍ തോല്‍വി വഴങ്ങാതിരിക്കുകയായിരിക്കും ഗ്രീന്‍ ഫാല്‍ക്കന്‍സിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ചും സൗദിക്ക് ഇത് ഹോം മത്സരം പോലെയായിരിക്കും. സ്റ്റേഡിയം നിറയാന്‍ മാത്രം ആരാധകര്‍ സൗദിയില്‍ നിന്ന് കളി കാണാനെത്തും. അവസാന പത്തു കളികളില്‍ രണ്ടെണ്ണം ജയിക്കാനേ സൗദിക്ക് സാധിച്ചിട്ടുള്ളൂ. അര്‍ജന്റീനയും സൗദിയും ലോകകപ്പില്‍ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. 2012 ലായിരുന്നു ഈ ടീമുകള്‍ തമ്മിലുള്ള അവസാന സൗഹൃദ മത്സരം. 
മെസ്സിയും ഡി മരിയയും ലൗതാരോയുമായിരിക്കും അര്‍ജന്റീനയുടെ ആക്രമണം നയിക്കുക. ക്രിസ്റ്റ്യന്‍ റോമിറോയും നിക്കൊളാസ് ഓടാമെണ്ടിയും പ്രതിരോധനിരക്ക് ചുക്കാന്‍ പിടിക്കും. 
സൗദി മിഡ്ഫീല്‍ഡര്‍ റിയാദ് ശറഹലിക്ക് പരിക്കുണ്ട്. ഡിഫന്റര്‍ ഹസന്‍ തംബഖ്തിയും പരിശീലനത്തില്‍ പങ്കെടുത്തില്ല. ടീമിലെ സൂപ്പര്‍താരം സാലിം അല്‍ദോസരി ഇടതു വിംഗിലാണ് ഇറങ്ങുക. വലതു വിംഗില്‍ സാലിഹ് അല്‍ശഹരി പട നയിക്കും.
 

Latest News