ദോഹ - ലോകകപ്പില്‍ ഗ്രൂപ്പ് ബി-യിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഗോളടിച്ചു കൂട്ടുന്നു. കളി തീരാന്‍ 20 മിനിറ്റിലേറെ ശേഷിക്കെ ഇറാനെതിരെ അവര്‍ 5-1 ന് മുന്നിലെത്തി. യുവ താരങ്ങളാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. ഫില്‍ ഫോദനും മാര്‍ക്കസ് റാഷ്ഫഡിനും പകരം കോച്ച് ഗാരെത് സൗത്‌ഗെയ്റ്റ് കളത്തിലിറക്കിയ ബകായൊ സാകൊ രണ്ടു ഗോളടിച്ചു. ഏഴുപതാം മിനിറ്റില്‍ പകരക്കാരനായി വന്ന റാഷ്ഫഡ് ഒരു മിനിറ്റിനകം ലക്ഷ്യം കണ്ടു. അലക്‌സ് ബെലിംഗാമും റഹീം സ്‌റ്റെര്‍ലിംഗും മറ്റു ഗോളുകള്‍ നേടി.. ഹാരി മഗ്വയറിന്റെ ഹെഡര്‍ ക്രോസ് ബാറിന് തട്ടി മടങ്ങി. ഇംഗ്ലണ്ടിനു വേണ്ടി ബെലിംഗാമിന്റെ ആദ്യ ഗോളാണ് ഇത്. ഇറാന്റെ ഏക ഗോള്‍ മെഹ്ദി തെരീമിയുടെ വകയായിരുന്നു.
ഇറാന് തങ്ങളുടെ അതികായനായ ഗോള്‍ കീപ്പര്‍ അലിരിസ ബെയരന്‍വന്തിനെ നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഫ്രീകിക്ക് തടുക്കാന്‍ ചാടുന്നതിനിടെ സഹതാരം മാജിദ് ഹുസൈനിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂക്കിന് ഇടിയേറ്റ ഗോളി ദീര്‍ഘനേരത്തെ ചികിത്സക്കു ശേഷം എഴുന്നേറ്റെങ്കിലും തുടരാനായില്ല. രണ്ടാം ഗോളി ഹുസൈനി കളത്തിലിറങ്ങി. കഴിഞ്ഞ ലോകകപ്പിലെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു ബെയരന്‍വന്ത്. പോര്‍ചുഗലിനെതിരായ 3-3 സമനിലയില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പെനാല്‍ട്ടി തടുത്തിരുന്നു.






