ദോഹ - ലോകകപ്പില്‍ ഗ്രൂപ്പ് ബി-യിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഗോളടിച്ചു കൂട്ടുന്നു. ആദ്യ പകുതി പിന്നിടും മുമ്പെ ഇറാനെതിരെ അവര്‍ മൂന്നു ഗോളിന് മുന്നിലെത്തി. അലക്‌സ് ബെലിംഗാമും ബകായൊ സാകയും റഹീം സ്‌റ്റെര്‍ലിംഗും സ്‌കോര്‍ ചെയ്തു. ഹാരി മഗ്വയറിന്റെ ഹെഡര്‍ ക്രോസ് ബാറിന് തട്ടി മടങ്ങി. ഇംഗ്ലണ്ടിനു വേണ്ടി ബെലിംഗാമിന്റെ ആദ്യ ഗോളാണ് ഇത്.
ഇറാന് തങ്ങളുടെ അതികായനായ ഗോള്‍ കീപ്പര്‍ അലിരിസ ബെയരന്‍വന്തിനെ നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഫ്രീകിക്ക് തടുക്കാന്‍ ചാടുന്നതിനിടെ സഹതാരം മാജിദ് ഹുസൈനിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂക്കിന് ഇടിയേറ്റ ഗോളി ദീര്‍ഘനേരത്തെ ചികിത്സക്കു ശേഷം എഴുന്നേറ്റെങ്കിലും തുടരാനായില്ല. രണ്ടാം ഗോളി ഹുസൈനി കളത്തിലിറങ്ങി. കഴിഞ്ഞ ലോകകപ്പിലെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു ബെയരന്‍വന്ത്. പോര്‍ചുഗലിനെതിരായ 3-3 സമനിലയില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പെനാല്‍ട്ടി തടുത്തിരുന്നു.
അലഞ്ഞുതിരിയുന്ന നൊമാഡുകളുടെ കുടുംബത്തിലാണ് ബെയ്‌രന്‍വന്ത് ജനിച്ചത്. ഫുട്‌ബോളറാവുകയെന്ന സ്വപ്‌നസാക്ഷാല്‍ക്കാരത്തിനായി കുട്ടിക്കാലത്ത് കുടുംബം വിടുകയായിരുന്നു. പിസ ഷോപ്പിലും കാര്‍ വാഷ് ചെയ്യുന്ന ആളായും ക്ലീനറായുമൊക്കെ ജോലി ചെയ്താണ് കളിയഭ്യസിച്ചത്. പതിനെട്ടാം വയസ്സില്‍ വിവാഹിതനായി. ഇറാനു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ ഗുവാമിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടു. 2019 ലെ ഏഷ്യന്‍ കപ്പിലും ബെയ്‌രന്‍വന്ത് പെനാല്‍ട്ടി രക്ഷിച്ചിരുന്നു. ഏറെ ദൂരെ പന്ത് എറിയാന്‍ കഴിയുമെന്നതാണ് ബെയ്‌രന്‍വന്തിന്റെ പ്രത്യേകത. എതിരാളികളുടെ പകുതിയിലേക്ക് പോലും പന്തെറിഞ്ഞു കൊടുത്തിട്ടുണ്ട്. ട്രാക്ടര്‍ സാസി ക്ലബ്ബിനെതിരായ മത്സരത്തില്‍ 70 മീറ്റര്‍ ദൂരെ പന്തെറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെ ലോകമെങ്ങുമെത്തി.






