ദോഹ - ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമായി മാരിവില്‍ വര്‍ണങ്ങളിലുള്ള, ഹൃദയരൂപത്തിലുള്ള ആംബാന്റണിഞ്ഞ് ലോകകപ്പില്‍ കളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഏഴ് യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്മാര്‍ പിന്മാറി. അനുവദനീയമല്ലാത്ത പ്ലേയിംഗ് കിറ്റ് ധരിച്ചാല്‍ നടപടി എടുക്കുമെന്ന ഫിഫയുടെ ശക്തമായ ഭീഷണിയാണ് പിന്മാറ്റത്തിന് കാരണം. കളിക്കാര്‍ക്കെതിരെ നടപടി വരുന്ന സാഹചര്യം സൃഷ്ടിക്കാന്‍ താല്‍പര്യമില്ലെന്ന് ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ജര്‍മനി, നെതര്‍ലാന്റ്‌സ്, സ്വിറ്റ്‌സര്‍ലന്റ് ഫെഡറേഷനുകള്‍ അറിയിച്ചു.
ഫിഫ നടപടിയെടുത്താലും പിന്മാറില്ലെന്ന് ഇംഗ്ലണ്ട്, വെയ്ല്‍സ് , നെതര്‍ലാന്റ്‌സ്, ജര്‍മനി ക്യാപ്റ്റന്മാര്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്ലേയിംഗ് കിറ്റില്‍ രാഷ്ട്രീയ സൂചനകളുണ്ടാവരുത് എന്നാണ് ഫിഫ ചട്ടം. നിബന്ധന ലംഘിച്ചാല്‍ ആ കളിക്കാരന് മഞ്ഞക്കാര്‍ഡ് ലഭിക്കും. കളിയില്‍ മറ്റൊരു മഞ്ഞക്കാര്‍ഡ് കൂടി ലഭിച്ചാല്‍ പുറത്താവും. കൂടുതല്‍ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വരും.
മാരിവില്‍ ആം ബാന്റണിയുന്നത് തടയാന്‍ ഫിഫ മറു തന്ത്രം പ്രയോഗിച്ചിരുന്നു. ലോകകപ്പിലെ ഓരോ റൗണ്ടിലും പ്രത്യേക വിഷയങ്ങള്‍ യു.എന്നുമായി ആലോചിച്ച് ഫിഫ തെരഞ്ഞെടുത്തിരുന്നു. ആ സന്ദേശമാണ് ക്യാപ്റ്റന്മാര്‍ ധരിക്കേണ്ടത്. അതില്‍ ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമായ നടപടികളില്ല.
ഫിഫയുടെ തീരുമാനത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോവുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ക്യാപ്റ്റന്മാര്‍ പറഞ്ഞത്. എന്നാല്‍ ഈ തീരുമാനത്തോട് സഹകരിക്കില്ലെന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ നായകന്‍ ഹ്യൂഗൊ ലോറീസ് വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഫിഫ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായിരുന്നില്ല.
സെയവ് ദ പ്ലാനറ്റ്, പ്രൊടക്റ്റ് ചൈല്‍ഡ്, ഷെയര്‍ ദ മീല്‍, നോ ഡിസ്‌ക്രിമിനേഷന്‍ തുടങ്ങിയവയാണ് ഫിഫ അംഗീകരിച്ച മുദ്രാവാക്യങ്ങള്‍.






