ദോഹ - ലോകകപ്പില്‍ തിങ്കളാഴ്ച മൂന്നു കളികള്‍. ഇതോടെ ഗ്രൂപ്പ് എ-യിലെയും ബി-യിലെയും മുഴുവന്‍ ടീമുകളും കളത്തിലിറങ്ങിക്കഴിയും. നെതര്‍ലാന്റ്‌സ്-സെനഗാല്‍, യു.എസ്.എ-വെയ്ല്‍സ്, ഇംഗ്ലണ്ട്-ഇറാന്‍ മത്സരങ്ങളാണ് രണ്ടാം ദിനം അരങ്ങേറുക. ടൂര്‍ണമെന്റിലെ പ്രായം കുറഞ്ഞ ടീമുകളിലൊന്നാണ് അമേരിക്ക. ജിയൊ റയ്‌ന, ജോ സ്‌കാലി, യൂസുഫ് മൂസ എന്നിവര്‍ക്ക് അമേരിക്ക അവസാനമായി ലോകകപ്പ് കളിക്കുമ്പോള്‍ പ്രായം 11 മാത്രമായിരുന്നു. 2014 ല്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായ ടീമിലെ ഒരു കളിക്കാരന്‍ മാത്രമേ ടീമില്‍ അവശേഷിക്കുന്നുള്ളൂ -ഇരുപത്തൊമ്പതുകാരന്‍ ദിയാന്ദ്ര യെദ്‌ലിന്‍.
ഇംഗ്ലണ്ടും ഇറാനും തമ്മിലുള്ള മത്സരം ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ്. ഇറാനില്‍ വനിതാ അവകാശങ്ങള്‍ക്കു വേണ്ടി പ്രക്ഷോഭം അരങ്ങേറുകയാണ്. ലോകകപ്പിനെത്തിയ ഇറാന്‍ താരം ഇഹ്‌സാന്‍ ഹജ്‌സാഫി പരോക്ഷമായി പ്രക്ഷോഭങ്ങളെ പിന്തുണക്കുന്ന പ്രസ്താവന നടത്തിയിട്ടുണ്ട്. നെതര്‍ലാന്റ്‌സ് -സെനഗാല്‍ മത്സരം അല്‍തുമാമ സ്റ്റേഡിയത്തിലാണ്.
ഇനിയുള്ള ദിനങ്ങളില്‍ നാലു കളികള്‍ അരങ്ങേറുന്നതിനാല്‍ ആരാധകര്‍ക്ക് നിന്നുതിരിയാന്‍ സമയം കിട്ടില്ല. ഡിസംബര്‍ മൂന്നിനാണ് ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാവുക.
നെതര്‍ലാന്റ്‌സ്-സെനഗാല്‍
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരമാവും ഇതെന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍ സാദിയൊ മാനെ പരിക്കു കാരണം പിന്മാറിയത് സെനഗാലിനെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. റഷ്യയിലെ കഴിഞ്ഞ ലോകകപ്പില്‍ യോഗ്യത നേടാനാവാത്ത ടീമെന്ന നിലയില്‍ ഇത്തവണ കിരീടപ്രതീക്ഷയില്‍ അധികം പറഞ്ഞുകേട്ടില്ലാത്ത പേരാണ് നെതര്‍ലാന്റ്‌സ്. എന്നാല്‍ യൂറോപ്പിലെ മുന്‍നിരക്കാരില്‍ ഡച്ച് ടീമുണ്ട്. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം തന്നെയാണ് നെതര്‍ലാന്റ്‌സെന്നും ധൈര്യത്തോടെ തന്നെയാണ് അതു പറയുന്നതെന്നും കോച്ച് ലൂയിസ് വാന്‍ഹാല്‍ പറഞ്ഞു.
ലൈംഗികന്യൂനപക്ഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വണ്‍ ലവ് മാരിവില്‍ ആംബാന്റ് ധരിക്കുമെന്ന് ഡച്ച് നായകന്‍ വിര്‍ജില്‍ വാന്‍ഡെക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയം കളിയിലേക്ക് കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഫിഫക്ക്. ഫിഫ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. ഇംഗ്ലണ്ട്, വെയ്ല്‍സ് ക്യാപ്റ്റന്മാരും ഇതേ തീരുമാനമാണ് എടുത്തിരിക്കുന്നത്.
1974, 1978, 2010 ലോകകപ്പുകളില്‍ നെതര്‍ലാന്റ്‌സ് ഫൈനല്‍ കളിച്ചിരുന്നു. വാന്‍ഹാലിന്റെ തന്നെ കീഴില്‍ 2014 ലെ ലോകകപ്പില്‍ സെമിയിലെത്തി. സെനഗാലിനെതിരായ മത്സരം ഇത്തവണ ഓറഞ്ച് പട എത്ര ദൂരം പോവുമെന്നതിന്റെ സൂചനയായിരിക്കും. കഴിഞ്ഞ 15 കളികളില്‍ അവര്‍ അജയ്യരാണ്. സ്‌ട്രൈക്കര്‍ മെംഫിസ് ഡിപായ് പരിക്കില്‍ നിന്ന് മുക്തനായത് അവര്‍ക്ക് ആശ്വാസം പകരും.
മാനെക്കു പകരം ഇരുപതുകാരന്‍ ഡിഫന്റര്‍ മൂസ എന്‍ദിയായെയാണ് സെനഗാല്‍ ടീമിലുള്‍പെടുത്തിയത്. മാനെക്കു പകരം പ്ലേയിംഗ് ഇലവനിലെത്തുക മിക്കവാറും ഇരുപത്തിമൂന്നുകാരന്‍ ക്രെപിന്‍ ദിയാറ്റയായിരിക്കും.
ഇംഗ്ലണ്ട്-ഇറാന്‍
2022 ലെ ലോകകപ്പ് നേടുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്ന് ഒമ്പതു വര്‍ഷം മുമ്പ് അന്നത്തെ എഫ്.എ പ്രസിഡന്റ് ഗ്രെഗ് ഡൈക്ക് പറഞ്ഞിട്ടുണ്ട്. ആ നിമിഷം സമാഗതമാവുകയാണ്. 1966 ല്‍ സ്വന്തം രാജ്യത്ത് ലോകകപ്പ് നടന്നപ്പോള്‍ കിരീടം നേടിയതല്ലാതെ ഇംഗ്ലണ്ട് ലോകകപ്പിന് അടുത്തെത്തിയിട്ടില്ല. ഇറാനെതിരായ മത്സരത്തിന് അവര്‍ കച്ച മുറുക്കുന്നതും മികച്ച ഫോമിലല്ല. അന്ന് ഡൈക്ക് ഒരുകാര്യം കൂടി പറഞ്ഞു, 2020 ലെ യൂറോ കപ്പില്‍ സെമിയിലെങ്കിലുമെത്തണമെന്ന്. ഫൈനലിലെത്തി ഒരുപടി കൂടി അവര്‍ മുന്നോട്ടുപോയി. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ട് സെമിയിലെത്തി. 2017 ലെ അണ്ടര്‍-20 ലോകകപ്പ് നേടണമെന്നാണ് ഡൈക്ക് മറ്റൊരു സ്വപ്‌നം കണ്ടത്. ആ കിരീടം മാത്രമല്ല, അതേ വര്‍ഷം അണ്ടര്‍-17 ലോകകപ്പും ഇംഗ്ലണ്ട് ജയിച്ചു. ഒടുവില്‍ ഡൈക്കിന്റെ ലോകകപ്പ് സ്വപ്‌നവും പൂവണിയുമോ?
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇംഗ്ലണ്ട് കളിക്കാര്‍ കുറഞ്ഞുവരുന്നതാണ് ദേശീയ ടീമിന്റെ പ്രധാന പ്രശ്‌നമെന്ന് ഡൈക്ക് വിലയിരുത്തിയിരുന്നു. സ്വന്തം ലീഗില്‍ 31 ശതമാനം മാത്രമാണ് ഇംഗ്ലണ്ട് കളിക്കാര്‍. നാല് ഗോള്‍കീപ്പര്‍ മാത്രമാണ് ഇംഗ്ലണ്ടുകാര്‍. ലെഫ്റ്റ്ബാക്ക് സ്ഥാനത്ത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അവരില്‍ നിന്നു വേണം ഇംഗ്ലണ്ട് ടീമിനെ കണ്ടെത്താന്‍. അണ്ടര്‍-20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ ഒരു കളിക്കാരന്‍ പോലും ഗാരെത് സൗത്‌ഗെയ്റ്റിന്റെ ടീമിലില്ല. അണ്ടര്‍-17 ടീമിലെ ഫില്‍ ഫോദനും കോണോര്‍ ഗലാഗറും മാത്രമാണ് സീനിയര്‍ ടീമിലെത്തിയത്. ഉജ്വല പ്രതിഭയായ മെയ്‌സന്‍ ഗ്രീന്‍വുഡ് മാനഭംഗശ്രമത്തെത്തുടര്‍ന്ന് പുറത്തായതും ജെയ്ദന്‍ സാഞ്ചോയുടെ ഫോം മങ്ങിയതും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ്. മാര്‍ക്കസ് റാഷ്ഫഡ് വിചാരിച്ചതുപോലെ മെച്ചപ്പെട്ടില്ല. ഫുള്‍ബാക്കുകളായ റീസ് ജെയിംസിന്റെയും ബെന്‍ ചില്‍വെലിന്റെയും പരിക്കും ടീമിന് തിരിച്ചടിയാണ്. ഫോദനെയും ജാക്ക് ഗ്രീലിഷിനെയും അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ കോച്ചിന് സാധിച്ചില്ല.
അവസാന ആറു കളികളിലും ജയിക്കാതെയാണ് ഇംഗ്ലണ്ട് ലോകകപ്പിന് ഇറങ്ങുന്നത്. എങ്കിലും ലോകകപ്പില്‍ ഉദ്ഘാടന മത്സരം ജയിക്കുന്ന പതിവുണ്ട് ഇംഗ്ലണ്ടിന്. ഇറാന്‍ ലോകകപ്പില്‍ രണ്ടു കളിയേ ജയിച്ചിട്ടുള്ളൂ, അതിലൊന്ന് കഴിഞ്ഞ ലോകകപ്പില്‍ മൊറോക്കോക്കെതിരായ ഉദ്ഘാടന മത്സരമാണ്. എന്നാല്‍ ലോകകപ്പില്‍ എട്ടു തവണ യൂറോപ്യന്‍ ടീമിനെതിരെ കളിച്ചപ്പോഴും ഇറാന് ജയിക്കാനായിട്ടില്ല. റഷ്യയില്‍ പോര്‍ചുഗലിനെ വിറപ്പിച്ച ശേഷം 3-3 സമനില നേടിയതാണ് അവരുടെ മികച്ച പ്രകടനം.
മധ്യനിരയില്‍ ഒമിദ് ഇബ്രാഹിമിയുടെയും സര്‍ദാര്‍ അസ്മൂന്റെയും പരിക്ക് ഇറാനെ അലട്ടും. മെഹ്ദി തെരീമിക്കും അലിരിസ ജെഹാന്‍ബക്ഷിനുമായിരിക്കും ഗോളടിക്കേണ്ട ചുമതല. ഇഹ്‌സാന്‍ ഹജ്‌സാഫി 122ാമത്തെ മത്സരത്തില്‍ ക്യാപ്റ്റന്റെ ആംബാന്റണിയും.
യു.എസ്.എ-വെയ്ല്‍സ്
64 വര്‍ഷത്തിനു ശേഷമാണ് വെയ്ല്‍സ് ലോകകപ്പില്‍ തിരിച്ചെത്തുന്നത്. അമേരിക്ക എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷവും. അമേരിക്ക ഇത്തവണയും കഷ്ടിച്ചാണ് ലോകകപ്പ് യോഗ്യത നേടിയത്. ലോകകപ്പ് ടീമില്‍ പല പ്രമുഖരെയും ഉള്‍പെടുത്തിയിട്ടുമില്ല. സന്നാഹ മത്സരങ്ങളില്‍ വലിയ ഫോമിലല്ല അമേരിക്ക. കഴിഞ്ഞ ഏഴ് ലോകകപ്പുകളില്‍ നാലിലും അമേരിക്ക നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. എന്നാല്‍ ഒമ്പത് തവണ നേരിട്ടപ്പോഴും യൂറോപ്യന്‍ എതിരാളികളെ അവര്‍ക്ക് കീഴടക്കാന്‍ സാധിച്ചിട്ടില്ല.
വെയ്ല്‍സിന്റെ ഫോമും വലിയ മെച്ചമല്ല. പ്ലേഓഫില്‍ ഉക്രൈനെ തോല്‍പിച്ച് ലോകകപ്പ് ബെര്‍ത്തുറപ്പാക്കിയ ശേഷം ഒരു കളി പോലും അവര്‍ ജയിച്ചിട്ടില്ല. ബെല്‍ജിയത്തിനെതിരെ 1-1 സമനില നേടിയതു മാത്രമാണ് എടുത്തു പറയേണ്ടത്. പോളണ്ടിനോടും നെതര്‍ലാന്റ്‌സിനോടും രണ്ടു മത്സരം വീതം തോറ്റു. എല്ലാ കണ്ണുകളും ഗാരെത് ബെയ്‌ലിലായിരിക്കും. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബെയ്ല്‍ ആദ്യ ലോകകപ്പ് അവിസ്മരണീയമാക്കാന്‍ ശ്രമിക്കും.
ആക്രമണനിരയില്‍ പ്രതിഭാസമ്പത്തുണ്ട് അമേരിക്കക്ക്. തിമോത്തി വിയ, ജിയൊ റയ്‌ന, ജീസസ് ഫെരേര എന്നിവരിലൊരാള്‍ ക്രിസ്റ്റ്യന്‍ പുലിസിക്കിനൊപ്പം ആക്രമണം നയിക്കും. ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഈ മത്സരമായിരിക്കും മിക്കവാറും രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുക.






