ദോഹ - ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമായി മാരിവില്‍ വര്‍ണങ്ങളിലുള്ള, ഹൃദയരൂപത്തിലുള്ള ആംബാന്റണിഞ്ഞ് ലോകകപ്പില്‍ തിങ്കളാഴ്ച കളത്തിലിറങ്ങുമെന്ന് ഇംഗ്ലണ്ട്, വെയ്ല്‍സ് , നെതര്‍ലാന്റ്സ് ക്യാപ്റ്റന്മാര്. എന്നാല്‍ പ്ലേയിംഗ് കിറ്റില്‍ രാഷ്ട്രീയ സൂചനകളുണ്ടാവരുത് എന്നാണ് ഫിഫ ചട്ടം. മാത്രമല്ല, മാരിവില്‍ ആം ബാന്റണിയുന്നത് തടയാന്‍ ഫിഫ മറു തന്ത്രം പ്രയോഗിച്ചിരുന്നു. ലോകകപ്പിലെ ഓരോ റൗണ്ടിലും പ്രത്യേക വിഷയങ്ങള്‍ യു.എന്നുമായി ആലോചിച്ച് ഫിഫ തെരഞ്ഞെടുത്തിരുന്നു. ആ സന്ദേശമാണ് ക്യാപ്റ്റന്മാര് കൈമാറേണ്ടത്. അതില്‍ ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമായ നടപടികളില്ല.
അതിനാല്‍ മാരിവില്‍ ആംബാന്റണിഞ്ഞാല് പിഴയോ മഞ്ഞക്കാര്‍ഡോ ലഭിക്കും. അതിനെ വെല്ലുവിളിച്ച് മുന്നോട്ടുപോവാനാണ് ഏഴ് ക്യാപ്റ്റന്മാരുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തോട് സഹകരിക്കില്ലെന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ നായകന് ഹ്യൂഗൊ ലോറീസ് വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഫിഫ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായില്ല.
മാരിവില്‍ ആംബാന്റണിയാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് ജര്‍മനിയും വെളിപ്പെടുത്തി.
സെയവ് ദ പ്ലാനറ്റ്, പ്രൊടക്റ്റ് ചൈല്‍ഡ്, ഷെയര്‍ ദ മീല്‍, നോ ഡിസ്ക്രിമിനേഷന്‍ തുടങ്ങിയവയാണ് ഫിഫ അംഗീകരിച്ച മുദ്രാവാക്യങ്ങള്‍.






