Sorry, you need to enable JavaScript to visit this website.

ഒമ്പത് വര്‍ഷം നീണ്ട സ്വപ്നം, ഇംഗ്ലണ്ട് പ്രയാണം തുടങ്ങുന്നു

ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്-ഇറാന്‍
തിങ്കളാഴ്ച വൈകു: 4.00

ദോഹ - 2022 ലെ ലോകകപ്പ് നേടുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്ന് ഒമ്പതു വര്‍ഷം മുമ്പ് അന്നത്തെ എഫ്.എ പ്രസിഡന്റ് ഗ്രെഗ് ഡൈക്ക് പറഞ്ഞിട്ടുണ്ട്. ആ നിമിഷം സമാഗതമാവുകയാണ്. 1966 ല്‍ സ്വന്തം രാജ്യത്ത് ലോകകപ്പ് നടന്നപ്പോള്‍ കിരീടം നേടിയതല്ലാതെ ഇംഗ്ലണ്ട് ലോകകപ്പിന് അടുത്തെത്തിയിട്ടില്ല. ഇറാനെതിരായ മത്സരത്തിന് അവര്‍ കച്ച മുറുക്കുന്നതും മികച്ച ഫോമിലല്ല. അന്ന് ഡൈക്ക് ഒരുകാര്യം കൂടി പറഞ്ഞു, 2020 ലെ യൂറോ കപ്പില്‍ സെമിയിലെങ്കിലുമെത്തണമെന്ന്. ഫൈനലിലെത്തി ഒരുപടി കൂടി അവര്‍ മുന്നോട്ടുപോയി. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ട് സെമിയിലെത്തി. 2017 ലെ അണ്ടര്‍-20 ലോകകപ്പ് നേടണമെന്നാണ് ഡൈക്ക് മറ്റൊരു സ്വപ്‌നം കണ്ടത്. ആ കിരീടം മാത്രമല്ല, അതേ വര്‍ഷം അണ്ടര്‍-17 ലോകകപ്പും ഇംഗ്ലണ്ട് ജയിച്ചു. ഒടുവില്‍ ഡൈക്കിന്റെ ലോകകപ്പ് സ്വപ്‌നവും പൂവണിയുമോ?
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇംഗ്ലണ്ട് കളിക്കാര്‍ കുറഞ്ഞുവരുന്നതാണ് ദേശീയ ടീമിന്റെ പ്രധാന പ്രശ്‌നമെന്ന് ഡൈക്ക് വിലയിരുത്തിയിരുന്നു. സ്വന്തം ലീഗില്‍ 31 ശതമാനം മാത്രമാണ് ഇംഗ്ലണ്ട് കളിക്കാര്‍. നാല് ഗോള്‍കീപ്പര്‍ മാത്രമാണ് ഇംഗ്ലണ്ടുകാര്‍. ലെഫ്റ്റ്ബാക്ക് സ്ഥാനത്ത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അവരില്‍ നിന്നു വേണം ഇംഗ്ലണ്ട് ടീമിനെ കണ്ടെത്താന്‍. അണ്ടര്‍-20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ ഒരു കളിക്കാരന്‍ പോലും ഗാരെത് സൗത്‌ഗെയ്റ്റിന്റെ ടീമിലില്ല. അണ്ടര്‍-17 ടീമിലെ ഫില്‍ ഫോദനും കോണോര്‍ ഗലാഗറും മാത്രമാണ് സീനിയര്‍ ടീമിലെത്തിയത്. ഉജ്വല പ്രതിഭയായ മെയ്‌സന്‍ ഗ്രീന്‍വുഡ് മാനഭംഗശ്രമത്തെത്തുടര്‍ന്ന് പുറത്തായതും ജെയ്ദന്‍ സാഞ്ചോയുടെ ഫോം മങ്ങിയതും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ്. മാര്‍ക്കസ് റാഷ്ഫഡ് വിചാരിച്ചതുപോലെ മെച്ചപ്പെട്ടില്ല. ഫുള്‍ബാക്കുകളായ റീസ് ജെയിംസിന്റെയും ബെന്‍ ചില്‍വെലിന്റെയും പരിക്കും ടീമിന് തിരിച്ചടിയാണ്. ഫോദനെയും ജാക്ക് ഗ്രീലിഷിനെയും അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ കോച്ചിന് സാധിച്ചില്ല. 
അവസാന ആറു കളികളിലും ജയിക്കാതെയാണ് ഇംഗ്ലണ്ട് ലോകകപ്പിന് ഇറങ്ങുന്നത്. എങ്കിലും ലോകകപ്പില്‍ ഉദ്ഘാടന മത്സരം ജയിക്കുന്ന പതിവുണ്ട് ഇംഗ്ലണ്ടിന്. ഇറാന്‍ ലോകകപ്പില്‍ രണ്ടു കളിയേ ജയിച്ചിട്ടുള്ളൂ, അതിലൊന്ന് കഴിഞ്ഞ ലോകകപ്പില്‍ മൊറോക്കോക്കെതിരായ ഉദ്ഘാടന മത്സരമാണ്. എന്നാല്‍ ലോകകപ്പില്‍ എട്ടു തവണ യൂറോപ്യന്‍ ടീമിനെതിരെ കളിച്ചപ്പോഴും ഇറാന് ജയിക്കാനായിട്ടില്ല. റഷ്യയില്‍ പോര്‍ചുഗലിനെ വിറപ്പിച്ച ശേഷം 3-3 സമനില നേടിയതാണ് അവരുടെ മികച്ച പ്രകടനം. 
മധ്യനിരയില്‍ ഒമിദ് ഇബ്രാഹിമിയുടെയും സര്‍ദാര്‍ അസ്മൂന്റെയും പരിക്ക് ഇറാനെ അലട്ടും. മെഹ്ദി തെരീമിക്കും അലിരിസ ജെഹാന്‍ബക്ഷിനുമായിരിക്കും ഗോളടിക്കേണ്ട ചുമതല. ഇഹ്‌സാന്‍ ഹജ്‌സാഫി 122ാമത്തെ മത്സരത്തില്‍ ക്യാപ്റ്റന്റെ ആംബാന്റണിയും. 

Latest News